തത്ത്വമസി വാക്യത്തിന്റെ അര്‍ത്ഥവിചാരം തുടരുന്നു.
ഓരോ വ്യക്തിയുടേയും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍ അവയിലെല്ലാം ആത്മചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന് കാണാം. ആ ചൈതന്യം തന്നെയാണ് മനോവൃത്തികള്‍ ഉള്‍പ്പടെ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. വ്യഷ്ടി ചൈതന്യമായി ഓരോന്നിലും കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് എല്ലാം ഒന്നു ചേര്‍ന്നതായ സമഷ്ടിയിലും ഉള്ളത്. തത്ത്വമസി മഹാവാക്യം ഈ പൊരുളിനെ വ്യക്തമാക്കുന്നു.
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ. ഛാന്ദോഗ്യ ഉപനിഷത്തില്‍ 9 തവണയാണ് തത്ത്വമസി മഹാവാക്യം ആവര്‍ത്തിക്കുന്നത്. തത്ത്വമസി വാക്യത്തിന്റെ വാച്യാര്‍ത്ഥത്തില്‍ തത്പദമായ ഈശ്വരനും ത്വം പദമായ ജീവനും തമ്മില്‍ ഐക്യം സാധിക്കില്ല. ജീവനായ ഞാന്‍ പല പരിമിതിയുള്ളവനാണ്. നശ്വര സ്വഭാവവുമാണ്. എന്നാല്‍ ഈശ്വരന്‍ ഒട്ടും പരിമിതികളില്ലാത്തവനും സുഖ സ്വരൂപിയുമാണ്.
ജീവനാണെങ്കില്‍ ദുഃഖ രൂപിയാണ്. അതിനെങ്ങനെ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാകാന്‍ കഴിയും? രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്- ആനയും ആടും പോലെയാണ്. പിന്നെയെങ്ങനെ അവ തമ്മില്‍ ഐക്യം പറയാനാകും എന്നതാണ് കുഴക്കുന്ന പ്രശ്‌നം. വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതാണ് അപകടം.
മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം കൊണ്ടാണ് ജീവാത്മാ പരമാത്മാക്കളുടെ ഏകത്വത്തെ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജീവജാലത്തിലേയും ചൈതന്യമായി കുടികൊള്ളുന്നത് ഏകനായ ആത്മാവാണെന്ന് അറിയണം. സത്ത എല്ലാറ്റിലും ഒന്ന് തന്നെയാണ്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യം ഒന്ന് തന്നെയാണെന്ന് തത്ത്വമസി മഹാവാക്യത്തിലൂടെ ബോധിപ്പിക്കുന്നു. എല്ലാറ്റിലും കുടികൊള്ളുന്ന സത്യം ഒരേയൊരു ഈശ്വരചൈതന്യം തന്നെയാണ്.
ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയിലാണ് ജീവനേയും ഈശ്വരനേയും ഒന്നായി കണക്കാക്കുന്നത്. അങ്ങനെയാണ് ഐക്യം പറയേണ്ടത്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യവും ഈശ്വരചൈതന്യവും ഒന്നുതന്നെ. ജഗത്തില്‍ നിന്ന് നാമരൂപങ്ങളേയും ജീവനില്‍ നിന്ന് പഞ്ചകോശങ്ങളേയും നീക്കിയാല്‍ ബാക്കിയാവുന്നത് ആ പരമചൈതന്യം മാത്രമാണ്. അകവും പുറവും ഭേദമില്ലാത്തതായ പരമാത്മാവ്, പൂര്‍ണബ്രഹ്മം. ജീവനും ഈശ്വരനും തമ്മില്‍ വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒട്ടേറെ അന്തരമുണ്ട്. അത് മിന്നാമിനുങ്ങും സൂര്യനും പോലെയും ഭൃത്യനും രാജാവും പോലെയും കിണറും കടലും പോലെയും പരമാണുവും മഹാമേരുവും പോലെയുമാണ്. ആദ്യം പറഞ്ഞതെല്ലാം വളരെ പരിമിതവും രണ്ടാമത് പറഞ്ഞതൊക്കെ വളരെ ശ്രേഷ്ഠവുമാണ്. എന്നാല്‍ മിന്നാമിന്നിയും സൂര്യനും
പ്രകാശമെന്ന നിലയില്‍ ഒരു വിഭാഗമായി കണക്കാക്കാം. അതുപോലെ ഭൃത്യനും രാജാവും മനുഷ്യരാണ്. കിണറ്റിലും കടലിലും വെള്ളം തന്നെയാണ് ഉള്ളത്. അണുവിനും മഹാമേരുവിനും ഒരേ ഉണ്‍മ തന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഓരോ ജോടിയും തമ്മില്‍ തുല്യത കാണാം. ഇതു പോലെയാണ് ജീവനും ഈശ്വരനും തമ്മില്‍ തത്ത്വമസി മഹാ വാക്യപ്രകാരം ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയില്‍ ഒന്നാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: