ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. ഏകാധിപത്യ ഭരണ്രകമങ്ങളില് നിഷ്പക്ഷവും നീതിപൂര്‍വകവുമായ മാധ്യമപ്രവര്‍ത്തനം അനുവദനീയവുമല്ല. അതുകൊണ്ടാണല്ലോ ചൈനയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിഷിദ്ധമായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ സാമൂഹ്യമാധ്യമങ്ങളില്ല. ഭരണകൂടത്തിന്റെ ആജ്ഞാനുസരണമല്ലാതെ ഒരു അഭിപ്രായസ്വാതന്ത്ര്യവും അനുവദനീയമല്ല. ഇന്ത്യയിലിത് ഊഹിക്കാന്‍ പോലും കഴിയില്ല. ചൈനയെ പോലെയാകണം ഇന്ത്യ എന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ? അംഗീകരിച്ചേ പറ്റൂ എന്നാണ് പിണറായി വിജയന് സര്‍ക്കാരിന്റെ നിര്‍ബന്ധം.
മന്ത്രിയാകും മുന്‍പ് എ.കെ. ബാലന് പാര്‍ലമെന്റ് അംഗമായിരുന്നു. അടിമുടി മാന്യന്. മര്യാദകെട്ട ഒരു വാക്കോ പെരുമാറ്റമോ ബാലനില്‍ നിന്ന് ഉണ്ടാകാറില്ല. ഇപ്പോള്‍ എന്തുകൊണ്ടും മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനാണ് ബാലന്. പക്ഷേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബാലന് പരിഗണിക്കപ്പെട്ടതേയില്ല. പിണറായി വിജയന് സര്‍ക്കാരില്‍ മന്ത്രിപദവി ലഭിച്ചെങ്കിലും എന്തിലും ചാവേറാകാനാണ് ബാലന്റെ നിയോഗം.
നാലര വര്‍ഷമായി ഭരണത്തിലുണ്ടെങ്കിലും ബാലന്റെ വകുപ്പിനെ മറികടന്നാണ് തീരുമാനങ്ങള്‍ പലതും ഉണ്ടാകുന്നത്. നിയമവകുപ്പ് അറിഞ്ഞും അനുമതി നല്‍കിയും നടപ്പാക്കേണ്ട കാര്യങ്ങള്‍ പക്ഷേ ബാലനോടു ചോദിക്കാറേയില്ല. (ഉദാഹരണം സ്പ്രിങ്ക്ള). എന്നിട്ടും മുഖ്യമന്ത്രിയേയും കള്ളക്കടത്തുകാരെയും സംരക്ഷിക്കാന്‍ എ.കെ. ബാലന് വെള്ളിയാഴ്ച പത്രസമ്മേളനത്തിനിറങ്ങി.
സ്വര്‍ണക്കള്ളക്കടത്ത് സംഭവത്തിലും അനുബന്ധമായ പ്രോട്ടോക്കോള്‍ ഓഫീസിലെ ഫയല്‍ കത്തിക്കലിലും പ്രതികരിച്ചവരെ പൂട്ടുമെന്നാണ് ബാലന്റെ ഭീഷണി. പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമെതിരെ കേസ് കൊടുക്കും. ഒഴിവാക്കണമെങ്കില്‍ മാപ്പു പറയണം. ഫയല്‍ കത്തിച്ചു എന്ന് വാര്‍ത്ത നല്കിയ പത്രങ്ങളെയും വെറുതെവിട്ടില്ല. പ്രസ് കൗണ്‍സിലിന് പരാതി നല്‍കും. മന്ത്രി ബാലന്റെ ഭീഷണി കണ്ടപ്പോള്‍ അടിയന്തരാസ്ഥയെ ആരും ഓര്‍മിക്കും. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇങ്ങനെയൊക്കെയാണ്. തിരുവായ്ക്ക് എതിര്‍വായില്ല. അതല്ല സര് ഇന്ത്യയില്‍. മാധ്യമങ്ങളുടെ വായ്മൂടികെട്ടിയ ഭരണാധികാരികളെ തൂത്തെറിഞ്ഞ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും അപ്രിയസത്യങ്ങളും വിളിച്ചുപറയാനുള്ളത് ജന്മാവകാശമാണ്. അതിനെ തച്ചുടക്കാന്‍ ആര് ശ്രമച്ചാലും അത്തരക്കാരുടെ മോഹങ്ങളെ തരിപ്പണമാക്കിയതാണ് ചരിത്രം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ അധ്വാനിക്കുന്ന ബാലന് ആദ്യം ചെയ്യേണ്ടത് മന്ത്രിസഭയില്‍ ഒന്നാമനോ രണ്ടാമനോ ആകാനുള്ള അവകാശം സ്ഥാപിക്കാനുള്ള പോരാട്ടം നടത്തുക എന്നതാണ്.
ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങളെ പൂട്ടുമെന്നാണല്ലോ ബാലന് മന്ത്രിയുടെ ഭീഷണി. അത് ജന്മഭൂമി ജീവന് നല്‍കിയും നേരിടുകതന്നെ ചെയ്യും. അടിയന്തരാവസ്ഥയില്‍ നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി പറഞ്ഞപ്പോള്‍ ‘മനസ്സില്ലെന്ന്’ ആദ്യം പറഞ്ഞ മലയാള പത്രം ജന്മഭൂമിയാണ്. ശിശുവായ ജന്മഭൂമിയെ കഴുത്ത് ഞെരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞേ പുനര്ജന്മം ഉണ്ടായുള്ളൂ. ബാലന്റെ പാര്‍ട്ടി പത്രം ഏകാധിപതിയുടെ ആജ്ഞ അനുസരിച്ച പാരമ്പര്യത്തിന് അവകാശിയായി.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദിച്ച ഫയലുകള്‍ പലതുമുള്ള പ്രോട്ടോക്കോള്‍ ഒാഫീസിലാണ് തീ പടര്‍ന്നത്. ചുമതലയുള്ള ഉദ്യോഗസ്ഥന് ആദ്യം പ്രതികരിച്ചത്, കുറേ ഫയലുകളൊന്നും കത്തിച്ചില്ല. കുറച്ചേ കത്തിയുള്ളൂ എന്നാണ്. മന്ത്രി ഇ.പി. ജയരാജന് പറഞ്ഞത് ഇതുപോലെ പണ്ടും ഫയലുകള്‍ കത്തിച്ചിട്ടുണ്ട് എന്നാണ്. മാസവും വര്‍ഷവും തീയതിയുമെല്ലാം അദ്ദേഹം അക്കമിട്ട് വിവരിച്ചിട്ടുണ്ട്. കുറേ ഫയലുകള്‍ കത്തിയെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മാപ്പുപറയണം, തിരുത്തണം, കേസുകൊടുക്കും എന്നൊക്കെയുള്ള വിരട്ടല്‍ ഉടുക്ക് കൊട്ടി പേടിപ്പിക്കലാണ്. അടിയന്തരാവസ്ഥയെ തൃണവല്ഗണിച്ച പ്രസ്ഥാനത്തിനും പത്രത്തിനും കേരളത്തിലെ മന്ത്രിയുടെ ഭീഷണി വെറും പപ്പടമാണ്. പടമുയര്‍ത്തി ചീറ്റിയാല്‍ പേടിക്കുമെന്ന് കരുതിയെങ്കില്‍ ‘ഹാ കഷ്ടം!’ അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: