ഓണം കേരളത്തിന്റെ സവിശേഷമായ ഒരു ഉത്സവമായി മാറിയിട്ട് ദശകങ്ങള്‍ പലതു കഴിഞ്ഞു. ഹൈന്ദവ സമാജത്തെ സംബന്ധിച്ച് ഭാരതത്തിലെ ഏത് ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ ഉള്ളിലുള്ള ദൈവികതയെ തട്ടി ഉണര്‍ത്താന്‍ വേണ്ട രീതിയില്‍ രൂപപ്പെടുത്തി നല്‍കിയതാണ് നമ്മുടെ പൂര്‍വികര്‍. മുഖ്യമായും കാര്‍ഷിക രാജ്യമായ ഭാരതത്തിലെ പല ഉത്സവങ്ങളും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഇവിടെ വിത്തിറക്കുന്നതിനും കൊയ്യുന്നതിനും കൊയ്തു കഴിഞ്ഞാല്‍ ദേവന് സമര്‍പ്പിക്കുന്നതിനും കൂടാതെ ആ വിളവില്‍ നിന്ന് എടുത്ത് ആദ്യം പാചകം ചെയ്ത് കുടുംബം ഒന്നിച്ചിരുന്ന് കഴിക്കുന്നത് പോലും സവിശേഷമായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ഒത്തുചേരലിന്റെ ദിനങ്ങളായിരുന്നു ഓണനാളുകള്‍.
മുതിര്‍ന്നവരോട് അവരുടെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓര്‍മ്മകള്‍ ഏതാണ് എന്ന് ചോദിച്ചാല്‍ ഓണനാളുകളാണ് എന്നാണ് പറയുക. വിഷലിപ്തമല്ലാത്ത മണ്ണും മനസ്സും പഴമയുടെ പ്രത്യേകതയായിരുന്നു. സ്വന്തം പറമ്പില്‍ തന്നെ കൃഷി ചെയ്‌തെടുത്ത വിഷലിപ്തമല്ലാത്ത പച്ചക്കറികളും അരിയും കൊണ്ട് ഉണ്ടാക്കിയ ഓണസദ്യ ഇന്ന് മലയാളികള്‍ക്ക് ഒരു സ്വപ്‌നം മാത്രമാണ്. ഈ മണ്ണിന്റെ ഗന്ധം പേറാത്ത ഈ മണ്ണില്‍ വളരാത്ത പൂക്കളെ കൊണ്ട് പൂക്കളം തീര്‍ക്കാനാണ് നമ്മുടെ കുട്ടികള്‍ക്ക് ഇഷ്ടം.
മഹാബലി തമ്പുരാന്‍ നമുക്ക് കാട്ടിതന്ന സ്‌നേഹത്തിന്റെയും ദാനധര്‍മ്മങ്ങളുടെയും മഹത്വം ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ ഓരോ ഓണാഘോഷവും സാര്‍ഥകമാവും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന കുടുംബത്തെ സ്‌നേഹിക്കുന്ന പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ഥ മനുഷ്യമനസ്സ് നമ്മള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇനിയും വൈകിക്കൂടാ. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യരും കുടുംബവും സമാജവും രൂപപ്പെടുവാന്‍ ഓണം പോലുള്ള ആഘോഷങ്ങള്‍ പ്രയോജനപ്പെടുമെങ്കില്‍ അതാണ് സാര്‍ത്ഥകമായ ഓണാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: