കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ മൂന്ന് കേന്ദ്ര ഏജന്‍സികളും അന്വേഷണം മുറുക്കി. എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ് എന്നീ ഏജന്‍സികളുടെ ആദ്യഘട്ട പ്രവര്‍ത്തനം വിജയകരമാണെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും ബന്ധപ്പെട്ട അന്വേഷണങ്ങളിലുമായി, മുഖ്യമന്ത്രി പിണറായി വിജയന്, കുടുംബം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി കേസില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം പേരുകള്‍ കോടതി രേഖകളിലായിക്കഴിഞ്ഞു.
പ്രതികള്‍ രാജ്യദ്രോഹം ചെയ്തെന്ന സംശയത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഏജന്‍സിയെ അന്വേഷണത്തിന് നിയോഗിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് മാത്രമാണെന്ന് പലരും വ്യാഖ്യാനിച്ച കേസ് രാജ്യ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്ന ഇടപാടാണെന്ന് എന്‍ഐഎ കണ്ടെത്തിക്കഴിഞ്ഞു. പ്രതികള്‍ അറിഞ്ഞുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും സ്ഥിരതയേയും അപകടത്തിലാക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനും ഏജന്‍സിക്കായി.
പ്രധാനപ്രതി സ്വപ്ന പ്രഭാ സുരേഷ് എന്‍ഐഎ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേസ് എങ്ങനെ രാജ്യദ്രോഹമാകുന്നുവെന്ന് വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം അംഗീകരിച്ചാണ് കോടതി സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്തിലെ പണം എങ്ങനെ രാജ്യദ്രോഹത്തിന് വിനിയോഗിച്ചു, ആരൊക്കെയാണ് പങ്കാളികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഏജന്‍സി.
കള്ളപ്പണ വിനിമയവും ഉപയോഗവുമാണ് ഇഡിയുടെ അന്വേഷണ വിഷയം. ആ കേസ് കോടതിയില്‍ കൃത്യമായി സ്ഥാപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി. സ്വപ്ന സുരേഷ്, സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ എതിര്‍ത്ത് നല്കിയ സത്യവാങ്മൂലത്തില്‍, കള്ളപ്പണ ഇടപാട് തെളിയിക്കുന്ന വിശദാംശങ്ങള്‍ ഉണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ സ്വപ്നയ്ക്ക് കഴിഞ്ഞിട്ടില്ല.
ജോലിക്ക് കമ്മീഷന് കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.
കസ്റ്റംസിനാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാനുള്ള ചുമതല. നയതന്ത്ര ബാഗേജ് എന്ന വ്യാജേന യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നും ഇരുപതോളം നയതന്ത്ര ഓഫീസുകള്‍ ദുര്‍വിനിയോഗം ചെയ്ത് മാത്രം കടത്തിയെന്നും കസ്റ്റംസിന് കണ്ടെത്താനായി. ഇതുള്‍പ്പെടെ രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയതും മറ്റ് കള്ളക്കടത്തുകളും കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിന് കണ്ടെത്താനും അതില്‍ പ്രതി സ്വപ്ന പങ്കാളിയാണെന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഏജന്‍സിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: