ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയ ഗാന്ധി മാറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി മുതിര്‍ന്ന നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. എഐസിസി തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ പാര്‍ട്ടി നേതൃത്വം കണ്ടെത്തണമെന്നും അതിനായി ആറുമാസം കാത്തിരിക്കുമെന്നും ഗുലാംനബി ആസാദ് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ട്ടിയിലെ ഭിന്നത സംബന്ധിച്ച വിഷയങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വിലക്ക് ലംഘിച്ചാണ് ഗുലാംനബി ആസാദിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.
രാഹുല്‍ ഗാന്ധിക്കടക്കം ആര്‍ക്കും പാര്‍ട്ടി അധ്യക്ഷനാവാം. എന്നാല്‍ ഇടക്കാല അധ്യക്ഷ പദവി ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ വിഷയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിശ്രമമാണ് കത്ത്.
എല്ലാ നേതാക്കളും ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിഞ്ഞതോടെയാണ് ഇടക്കാല അധ്യക്ഷ വേണ്ടിവന്നത്. എന്നാല്‍ ഇടക്കാല അധ്യക്ഷയുടെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് ഇനിയെങ്കിലും വേണമെന്ന നിലപാടിലേക്ക് ഞങ്ങള്‍ എത്തിയത്. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞാല്‍ വീണ്ടും മറ്റാരെങ്കിലും ഇടക്കാല അധ്യക്ഷനാവും. ഇതൊരിക്കലും പാര്‍ട്ടിയെ രക്ഷപ്പെടുത്തില്ല. അതുകൊണ്ടാണ് ഇനി പുതിയ അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് സോണിയയെ സമീപിച്ചത്.
പുതിയ അധ്യക്ഷന്‍ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക് സമിതികളും പുനസംഘടിപ്പിക്കേണ്ടതുണ്ട്. നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായാണ് നേതാക്കള്‍ കത്തു നല്‍കിയത്, ഗുലാംനബി ആസാദ് വിശദീകരിച്ചു.
സോണിയ ഒഴിയുമ്പോള്‍ ഇടക്കാല അധ്യക്ഷനായി മറ്റൊരാളെ നിശ്ചയിക്കാനുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു. അദ്ദേഹത്തിന് സംഘടനയെ ചലിപ്പിക്കാനാവില്ലെന്നുറപ്പാണ്. അതുകൊണ്ടാണ് പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത്. മറ്റൊരാള്‍ ഇടക്കാല അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ വലിയ അസ്ഥിരതയ്ക്കും ആശങ്കകള്‍ക്കും ഇടവരുത്തും. ഇതൊഴിവാക്കാന്‍ കൂടിയായിരുന്നു ഞങ്ങളുടെ ശ്രമം. ആ ശ്രമം വിജയിച്ചു, ആസാദ് പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും മറ്റു ചിലര്‍ അത്തരം പ്രചരണം നടത്തിയത് ഏറെ വേദനിപ്പിച്ചു. 35വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാണ്. അഞ്ചോളം പാര്‍ട്ടി അധ്യക്ഷന്മാര്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നത് ആഴത്തില്‍ മുറിവേല്‍പ്പിക്കും, ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാനാവും. ആര്‍ക്കും ആരെയും തടയാനാവില്ല. ആരാണോ വിജയിക്കുന്നത് അവരെ എല്ലാവരും അംഗീകരിക്കും, ഗുലാംനബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: