പ്രതീക്ഷിച്ച പോലെതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം സോണിയ ഗാന്ധിയില്‍ വിശ്വാസം രേഖപ്പെടുത്തി പിരിഞ്ഞു. എന്നാല്‍ പതിവ് കൈയടികള്‍ക്കപ്പുറം 23 നേതാക്കള്‍ ഒപ്പിട്ട് നല്കിയ കത്ത് സോണിയയെയും മക്കളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതിന്റെ പ്രതിഫലനമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ ബിജെപി ബന്ധം ആരോപിച്ച്, ആക്ഷേപവുമായി രാഹുല്‍ രംഗത്തെത്തിയത്. എന്നാല്‍ കപില്‍ സിബല്‍ ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിച്ചതോടെ രാഹുലിന് പൂര്‍ണ്ണമായും കീഴടങ്ങേണ്ടി വന്നു. ഗുലാം നബി ആസാദിനെപ്പോലുള്ളവര്‍ എംപി സ്ഥാനവും പാര്‍ട്ടി പദവിയും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം ശരിക്കും വെട്ടിലായി. സോണിയയ്ക്ക് സുഖമില്ലാതിരുന്ന അവസരത്തില്‍ എഴുതിയ കത്താണ് തന്നെ വേദനിപ്പിച്ചതെന്ന രാഹുലിന്റെ വിശദീകരണവും വന്നു. പതിവ് സ്തുതിപാടലുകളോടെ പ്രവര്‍ത്തക സമിതിയോഗം അവസാനിപ്പിച്ചെങ്കിലും 23 നേതാക്കള്‍ ഉയര്‍ത്തിവിട്ട കനലുകള്‍ വരും നാളുകളില്‍ എരിഞ്ഞുകൊണ്ടിരിക്കും.
അലന് ഒക്ടോവിയന്‍ ഹ്യൂമെന്ന ബ്രിട്ടീഷുകാരനില്‍ തുടങ്ങി ഇറ്റലിക്കാരിയായ സോണിയയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ് അസ്തമയത്തോടടുക്കുകയാണ്. രാജ്യത്തിന് പ്രതീക്ഷയോകുന്ന നേതൃത്വമോ പരിപാടികളോ ഇല്ല. ഒരമ്മയും രണ്ട് മക്കളും സ്തുതിപാഠകരും എന്ന വൃത്തത്തില്‍ തന്നെയുള്ള കളികളാണ് നടക്കുന്നത്. നേതൃത്വത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനോ പരിഹരിക്കാനോ ഉള്ള കഴിവോ നേതൃപാടവമോ സോണിയക്കോ കുടുംബത്തിനോ ഇല്ല. അക്ഷരാര്‍ത്ഥത്തില്‍ ധാര്‍ഷ്ട്യം മാത്രമാണ് നയിക്കുന്നത്. വന്ദ്യവയോധികനായ സീതാറാം കേസരിയെ ഒരു ദാക്ഷിണ്യവുമില്ലാതെ കസേരയില്‍ നിന്നും വലിച്ചിറക്കിയാണ് സോണിയ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. പ്രധാനമന്ത്രിയാവാന്‍ സാധിക്കാതെ വന്നപ്പോള്‍ രക്തസാക്ഷി പരിവേഷം എടുത്തണിയാനായി പിന്നെയുള്ള ശ്രമം. സോണിയ പ്രധാനമന്ത്രിയായാലുള്ള നിയമപ്രശ്നം ചൂണ്ടിക്കാണിച്ചതിന് ലോകാരാധ്യനായ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബുദുള്‍ കലാമിനോടുള്ള ഒടുങ്ങാത്ത പകയും അവര്‍ മനസ്സില്‍കൊണ്ടു നടന്നിരുന്നു.
നെഹ്റു കുടുംബത്തിന് വെല്ലുവിളിയാകുമെന്ന് തോന്നലുള്ളവരെ ഒതുക്കുകയോ ചിലര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയോ ചെയ്തിട്ടുണ്ട്. മാധവറാവു സിന്ധ്യ മുതല്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അവസാനം പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കിയത് തന്നെ സോണിയക്കും കുടുംബത്തിനും വെല്ലുവിളി ഉയരാതിരിക്കാന്‍ കൂടിയായിരുന്നു. എന്നിട്ടും ജന മനസ്സുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സോണിയയ്ക്കോ രാഹുലിനോ ഇന്ദിരയുടെ കൊച്ചുമകളെന്ന് എപ്പോഴും പറഞ്ഞ് അഭിമാനിക്കുന്ന പ്രിയങ്കയ്ക്കോ സാധിച്ചില്ല. ഉത്തര്‍പ്രദേശില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദിയെയും ബിജെപിയെയും മലര്‍ത്തിയടിക്കുമെന്നും പറഞ്ഞ പ്രിയങ്കയും ദയനീയമായി പരാജയപ്പെട്ടത് അംഗീകരിക്കാന്‍ കൂടി സ്തുതി പാഠകര്‍ക്കും നേതൃത്വത്തിനും ആയിട്ടില്ല.
ഭാരതീയ മനസ്സില്‍ കോണ്‍ഗ്രസും നെഹ്റു കുടുംബവും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കാന്‍ രാഹുലിനോ പ്രിയങ്കയ്ക്കോ ആകുന്നില്ല. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനോട് വിടപറഞ്ഞു. രാജസ്ഥാനിലെ യുവതുര്‍ക്കി സച്ചിന് പൈലറ്റിന്റെ വെടിനിര്‍ത്തല്‍ താത്കാലികം മാത്രമാണ്. വളര്‍ന്നുവരുന്ന യുവ നേതൃത്വമേയില്ല. അങ്ങനെ വളര്‍ന്നുവരാന്‍ നെഹ്റു കുടുംബം ആരെയും അനുവദിക്കുകയില്ലെന്നത് മറ്റൊരുകാര്യം.
എന്തായാലും പുതിയ സംഭവ വികാസങ്ങള്‍ നെഹ്റു കുടുംബത്തെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ പ്രവര്‍ത്തകസമിതിയിലെ വെടിനിര്‍ത്തല്‍ തികച്ചും താത്കാലികം മാത്രം. എന്നും സോണിയക്കും കുടുംബത്തിനും ഒപ്പം നിന്നിട്ടുള്ള വിശ്വസ്തരായ കപില്‍ സിബലും ഗുലാംനബി ആസാദും ശശി തരൂരുമെല്ലാമാണ് കലാപക്കൊടി ഉയര്‍ത്തിയതെന്നതാണ് സോണിയയെ വിഷമിപ്പിക്കുന്നത്. എന്ത് പ്രശ്നമുണ്ടായാലും പാര്‍ട്ടിതലത്തിലും കോടതിയിലും ഓടി നടന്ന് നേതൃത്വം വഹിക്കുന്നയാളാണ് സിബല്‍. ബിജെപി മുദ്രകുത്തി ഇവരെ ഒതുക്കാനാവില്ലെന്നാണ് കഴിഞ്ഞ സംഭവവികാസങ്ങള്‍ നല്കുന്ന പാഠം. അതുകൊണ്ടുതന്നെ ഈ വെടിനിര്‍ത്തല്‍ തികച്ചും താത്കാലികം മാത്രം. വരും ദിവസങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: