ചെന്നൈ: ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയതിന് വിവാദ മതപ്രഭാഷകനും തീവ്രവാദിയുമായ സക്കീര്‍ നായിക്കിന് എതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസ് എടുത്തു. ലണ്ടനില്‍ പഠിക്കുന്ന മകളെ മതംമാറ്റി തട്ടിക്കൊണ്ടുപോയിയെന്ന് കാണിച്ച് ചെന്നൈയിലെ പ്രമുഖ ബിസിനസുകാരന് നല്കിയ പരാതിയിലാണ് എന്‍ഐഎ നടപടി.
ഇയാള്‍ക്കു പുറമേ ബംഗ്ലാദേശ് എംപി സര്‍ദാര്‍ ഷഖാവത്ത് ഹുസൈന് ബോകുലിന്റെ മകന് നഫീസിനും എതിരെ കേസ് എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എടുത്ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐഎക്ക് കൈമാറുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അച്ഛന്റെ പരാതി. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു ഇത്.
നായിക്കുമായി ബന്ധമുള്ള ഏതെങ്കിലും ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പാണോ സംഭവത്തിനു പിന്നിലെന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, അനധികൃതമായി തടവില്‍ വയ്ക്കല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ലണ്ടനില്‍ ഉപരിപഠനത്തിനുപോയ പെണ്‍കുട്ടി ഒരു സംഘത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് എന്‍ഐഎയുടെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: