പാലക്കാട്: പോലീസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പാലക്കാട് ഏരിയാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാനെയും മറ്റു പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതക ശ്രമക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടത്തിയത്.
ക്യാമ്പസ് ഫ്രണ്ട് പാലക്കാട് ഏരിയാ വൈസ് പ്രസിഡന്റും കല്‍പ്പാത്തി ശംഖുവാര മേടില്‍ താമസിക്കുന്ന അബ്ദുള്‍ റഹിമാന്‍ ജൂണില്‍ പാലക്കാട് വിദ്യുത് നഗറില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാളുടെ സഹോദരനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുഹമ്മദ് ബിലാലിനെ വധശ്രമക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
17ന് ആര്‍എസ്എസ് ഒലവക്കോട് ശാരീരിക് പ്രമുഖും ഓട്ടോ ഡ്രൈവറുമായ ജിനുവിനെ ഓട്ടോ വാടകക്ക് വിളിച്ച്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് ബിലാലിനെ ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഈ വൈരാഗ്യത്തിലാണ് എസ്ഐയും സംഘവും അകാരണമായി മര്‍ദ്ദിച്ചെന്നും മതപരമായി അധിക്ഷേപിച്ചു എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ പത്രത്തിലൂടെയും മതസ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷമുളവാക്കുന്ന രീതിയിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
ഇതേ തുടര്‍ന്നാണ് ക്യാമ്പസ് ഫ്രണ്ട് പാലക്കാട് ഏരിയാ വൈസ് പ്രസിഡന്റിനെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തത്. കൂടാതെ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്റ്റേഷന് മാര്‍ച്ച് നടത്തിയ 40 ഓളം എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: