മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. അഞ്ച് പേരെ കൂടിയാണ് ഇനി കണ്ടെതത്താനുള്ളത്. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയര്‍ന്നതും തെരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ പുനരാരംഭിക്കും. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തെരച്ചില്‍ നടന്നത്.
എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ മാസം ആറിന് രാത്രി 11നാണ് രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. മേഘ വിസ്ഫോടനമാണ് കനത്ത മഴക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്. സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസത്തിനിടെ വിവിധ ഏജന്‍സികള്‍ രേഖപ്പെടുത്തിയിടുള്ളതില് ഏറ്റവും കൂടിയ മഴയാണ് ആറിന് മേഖലയില്‍ പെയ്തത്, 62 സെ.മീ. സബ് കളക്ടര്‍ പ്രേം കൃഷണനും വിവിധ വിദഗ്ധരും ഈ നിഗമനം ശരിവെയ്ക്കുന്നു.
എന്നാല്‍ സാധാരണയായി മണ്‍സൂണ്‍ സീസണില്‍ മേഘവിസ്ഫോടനം ഉണ്ടാകാറില്ല. പിന്നീട് ഇത്രയും മഴ എങ്ങനെ ലഭിച്ചുവെന്നതടക്കം ഇനിയും കണ്ടെത്തേണ്ടതുണ്ട്.
ദേശിയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേര്‍ന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്ന തിരച്ചില്‍.
ഏറെ ദുഷ്കരമായിരുന്ന ഉള്‍വനത്തിലെ തെരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് തിരച്ചില്‍ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള പുഴയിലെ കുത്ത് കേന്ദ്രീകരിച്ചും ദൗത്യ സംഘം തിരച്ചില്‍ നടത്തി.
ഡീന്‍ കുര്യാക്കോസ് എം.പി, സബ് കളക്ടര്‍ എസ്.പ്രേം കൃഷ്ണ, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ദൗത്യം ഏകോപിപ്പിച്ച് റവന്യൂ-വനം- പഞ്ചായത്ത് വകുപ്പുകളും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
എന്താണ് മേഘവിസ്ഫോടനം
മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം വലിയ പ്രളയത്തിലാകുന്നു. മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശത്ത് വളരെ വേഗത്തില്‍ തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: