ആലപ്പുഴ: കോവിഡ് പരിശോധന നടത്താത്ത വ്യക്തിക്ക് പരിശോധനാ ഫലം നല്‍കി ആരോഗ്യവകുപ്പ്. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് വാട്ട്‌സ് ആപ്പ് മെസേജിലൂടെയാണ് അറിയിച്ചത്. അമ്പലപ്പുഴ സ്വദേശി മനോജിനാണ് പരിശോധന നടത്താതെ തന്നെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്. 12-ാം വാര്‍ഡുകാരനായ ഇദ്ദേഹത്തെ ഈ മാസം 20ന് കോവിഡ് പരിശോധനയ്‌ക്കായി അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ എത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് രാവിലെ എത്തിയെങ്കിലും തിരക്കു കാരണം സാമ്പിള്‍ നല്‍കാതെ ഇദ്ദേഹം ജോലിക്ക് പോയി. തന്റെ ഫോണ്‍ നമ്പര്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമാണ് ഇദ്ദേഹം പോയത്. ഉച്ചയോടെ ഇദ്ദേഹത്തിന്റെ പരിശോധന നടത്താനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഹരിപ്പാട്ട് ജോലിയിലാണെന്നും എത്താന്‍ കഴിയില്ലെന്നും അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ ഫോണില്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കാട്ടി സന്ദേശം വരികയായിരുന്നു. ക്വാറന്റെന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് പാലിക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞു. പരിശോധന നടത്താതെ തന്നെ ഫലം വന്നതിന്റെ അത്ഭുതത്തിലാണ് മനോജ്.
ഇക്കാര്യം മനോജ് തന്നെയാണ് പുറത്തുവിട്ടത്. എല്ലാ ദിവസവും വൈകിട്ട് സര്‍ക്കാര്‍ കോവിഡ് ബാധിതരുടെയും, വിമുക്തരായവരുടെയും കണക്കുകള്‍ പുറത്തുവിടുന്നത് ഇപ്രകാരമാണോയെന്നാണ് ചോദ്യം ഉയരുന്നത്. മാത്രമല്ല കോവിഡ് പോസിറ്റീവായവരെ വീട്ടില്‍ നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലോ, ആശുപത്രികളിലേക്കോ മാറ്റുന്നതിന് ദിവസങ്ങള്‍ വൈകുന്നതായും വ്യാപക പരാതികളാണുള്ളത്. ഒരു കക്കൂസും, ബാത്ത്‌റൂം സൗകര്യമുള്ള കുടുംബങ്ങളില്‍പ്പെട്ടവരെ ആറു ദിവസം വരെ വൈകിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതോ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: