തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. എന്‍ഐഎ പരിശോധന നടക്കാന്‍ സാധ്യതയുള്ള പ്രോട്ടോകോള്‍ വിഭാഗത്തില്‍ തന്നെയുണ്ടായിരിക്കുന്ന തീ പിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണെന്നും സുരേന്ദ്രന്‍ പ്രസ്താനയിലൂടെ വ്യക്തമാക്കി.
സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി അന്വേഷണം നടത്തണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: