തൃശൂര്‍: കഥകളിയുടെ നിത്യവസന്തമായ പത്മശ്രീ കലാമണ്ഡലം ഗോപി ലോക്ഡൗണ്‍ വേളയില്‍ കവിതയുടെ ലോകത്ത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആശാന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തത് 30ഓളം കവിതകള്‍. കളിയരങ്ങില്‍ ‘പച്ച’യായി നിറഞ്ഞാടുന്ന ഗോപി ആശാന് എഴുതിയ കവിതകളെല്ലാം ആസ്വാദകലോകം ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. തന്റെ ബാല്യകാല അനുഭവം അയവിറക്കി അമ്മയെക്കുറിച്ച് എഴുതിയാണ് കവിതയുടെ ലോകത്തേക്ക് 83കാരനായ ഗോപി ആശാന്റെ പ്രവേശം. അമ്മയുടെ ഓര്മ്മകളിലെഴുതിയ വരികള്‍ ആരുടേയും കണ്ണ് നനക്കും.
കൊറോണ മഹാമാരിയില്‍പ്പെട്ടുഴലുന്ന മനുഷ്യരെ കുറിച്ചും കവിത എഴുതിയിട്ടുണ്ട്. കഥകളിയെ ആസ്പദമാക്കിയുള്ളതാണ് നവരസം, ദേവാംഗന എന്നീ കവിതകള്‍. കാര്വര്ണ്ണനെക്കുറിച്ചുള്ള കവിതയും ആസ്വാദക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഓണത്തെക്കുറിച്ച് എഴുതിയ കവിത സാമൂഹ മാധ്യമങ്ങളില്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.
മേച്ചേരി ഹരികൃഷ്ണനാണ് ഓണക്കവിത ആലപിച്ചിരിക്കുന്നത്. ചിങ്ങമാസം പിറന്നയുടനെയും അത്തത്തിനുമായിരുന്നു ഓണക്കവിതകളുടെ രചന. കോട്ടയ്ക്കല്‍ മധു, മീരാ രാംമോഹന്‍, ഗുരുവായൂര്‍ ഹരി നമ്പൂതിരി, കലാമണ്ഡലം ശ്രീകല, രാംമോഹന്‍ എന്നിവരും ആശാന്റെ കവിതകള്‍ ആലപിച്ചിട്ടുണ്ട്. എഴുതിയതെല്ലാം കവിത തന്നെയാണോയെന്നറിയില്ല. തനിക്ക് കവിതയുടെ ഭാഷയോ, സാഹിത്യഭാഷയോ വശമില്ല. തന്റെ കയ്യില്‍ പച്ചമലയാളമേയുള്ളൂ. കവിതയ്ക്കായി ഉപയോഗിക്കുന്നതും സംസാര ഭാഷ തന്നെയാണ്. കവിതാരചനയെക്കുറിച്ച് വിനയത്തോടെയുള്ള ഗോപി ആശാന്റെ വാക്കുകള്‍.
ലോക്ഡൗണ്‍ കാരണം ഇപ്പോള്‍ പരിപാടികള്‍ ഒന്നുമില്ല. രാവിലെ പ്രഭാതകൃത്യങ്ങളും കളരിയും കഴിഞ്ഞാല്‍ ഉറങ്ങുന്നതുവരെ ഇഷ്ടംപോലെ ഒഴിവുസമയം. മനസില്‍ എന്തെങ്കിലുമൊക്കെ വന്നാല്‍ രാവിലെ കുറച്ചു സമയം എഴുതും. ചിലപ്പോള്‍ ഉച്ചയ്ക്ക് ഊണിനു ശേഷവും ഇരിക്കാറുണ്ട്. അത്താഴം കഴിഞ്ഞ് രാത്രി 11.30നാണ് കിടക്കാറ്. ഇടയ്ക്കൊക്കെ ഉറങ്ങുന്നതിന് മുമ്പുള്ള സമയവും എഴുതാനിരിക്കും. കവിത പിറവിയെടുക്കുന്നതിനെ കുറിച്ച് ഗോപി ആശാന് പറയുന്നു. ഭാര്യ ചന്ദ്രികയും മക്കളായ ജയരാജും രഘുരാജും പ്രോത്സാഹനവുമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: