തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജ് വഴി വന്ന ബാഗേജുകളെ സംബന്ധിച്ച് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. ഇന്നലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2018 മുതല്‍ നയതന്ത്ര ചാനലിലൂടെ ബാഗേജുകള്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്രബാഗേജുകളിലൂടെ മതഗ്രന്ഥങ്ങള്‍ക്ക് ടാക്സ് ഇളവ് നല്‍കാനോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് നല്കി. 2018 മുതലുള്ള റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും നേരത്തെ കൈമാറിയിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളുമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. 2016ല്‍ ആണ് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിതമാകുന്നത്. അന്നുമുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ നികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റ് യുഎഇ കോണ്‍സുലേറ്റിന് നല്‍കിയിരുന്നു. ഇതിനായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സമര്‍പ്പിച്ച ഫോം7, 8 എന്നിവ ഉള്‍പ്പെടെയാണ് ഇഡിക്ക് കൈമാറിയത്. മാത്രമല്ല ഇതിനായി ബാഗേജിലുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മൊഴിനല്‍കണം. ഇതിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ 2018നു ശേഷം ബാഗേജുകള്‍ വന്നതിനും നികുതി ഇളവ് നല്‍കിയതിനും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസില്‍ രേഖകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഐഎയ്ക്ക് കസ്റ്റംസിനും സമാനരീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മതഗ്രന്ഥങ്ങള്‍ വന്നത് സംബന്ധിച്ചുള്ള വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ചോദിച്ചിരുന്നു. മതഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിന് നികുതി ഇളവ് നല്കാന് പാടില്ല. മാത്രമല്ല നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അത് വിതരണം ചെയ്യാനോ പാടില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നിയമ ലംഘനത്തിന്റെ കുരുക്ക് മുറുക്കിയിട്ടുണ്ട്. മാത്രമല്ല 2020 മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് ടാക്സ് ഇളവ് നല്‍കിയിട്ടുണ്ടെന്ന് കസ്റ്റംസ് ബില്‍ സൂചിപ്പിക്കുന്നു. 250 പാക്കറ്റുകള്‍ വന്നതിന് 89,5806 രൂപയുടെ വിലയുണ്ട്. ഇതിന് 4479 കിലോഗ്രാം ഭാരവും ഉണ്ടെന്ന് ബില്ലിലുണ്ട്. ഇതിനുള്ള എല്ലാ വിധ നികുതികളും ഒഴിവാക്കി നല്‍കിയെന്നാണ് ബില്ലിലുള്ളത്.
പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നയതന്ത്ര ബാഗേജുകള്‍ക്ക് ഇത്തരത്തില്‍ ടാക്സ് ഇളവ് നല്‍കാനാകില്ല. ‘ഹോളി ഖുറാന്’ എന്ന് രേഖപ്പെടുത്തിയ ബില്ലിന് ടാക്സ് ഇളവ് നല്കാന് പ്രോട്ടകോള്‍ ഓഫീസര്‍ക്ക് കത്തും നല്‍കാനാകില്ല. ഇതോടെ ഈ പാക്കേജുകള്‍ പുറത്ത് വന്നതിലും വിതരണം ചെയ്തതിലും ദുരൂഹത ഉയരുകയാണ്. മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പണം വാങ്ങി റംസാന് കിറ്റ് വിതരണം ചെയ്തതിലും ഖുറാനുകള്‍ വിതരണം ചെയ്തതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണത്തിന് ഒരുങ്ങുകയാണ്. കോണ്‍സുലേറ്റില്‍ വന്ന പാക്കേജുകള്‍ സിആപ്ടിന്റെ വാഹനത്തില്‍ കടത്തിയ സംഭവത്തില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: