കൊല്ലം: ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ സാധിക്കാതെ, വരുമാനം നിലച്ച് നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച 5000 രൂപ നല്‍കാതെ സര്‍ക്കാര്‍. ഫണ്ട് അനുവദിച്ചിട്ടും ധനവിതരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
ജനുവരി ഒന്നുമുതല്‍ നാട്ടിലെത്തി തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചത്. അപേക്ഷകരില്‍ 15 ശതമാനത്തിന് മാത്രമാണ് ധനസഹായം നല്‍കിയത്. ബാക്കി 85 ശതമാനം പേരും സഹായത്തിനായി കാത്തിരിക്കുകയാണ്. ഈ ഓണത്തിനുമുമ്പെങ്കിലും സഹായം കയ്യിലെത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്ക് നഷ്ടപ്പെട്ടു. ആകെ ലഭിച്ച അപേക്ഷകരില്‍ നിന്നും ആദ്യഘട്ടത്തില്‍ 15,000 പ്രവാസികള്‍ക്ക് പണം വിതരണം ചെയ്തതായാണ് നോര്‍ക്കയുടെ പ്രതികരണം. ഇതില്‍ ഏറ്റവുമധികം പേര് കോഴിക്കോട് നിന്നാണ്-2523. തിരുവനന്തപുരം 958, കൊല്ലം 1523, പത്തനംത്തിട്ട 481, ആലപ്പുഴ 1375, കോട്ടയം 399, ഇടുക്കി 265, എറണാകുളം 615, തൃശൂര്‍ 1313, മലപ്പുറം 1786, പാലക്കാട് 758, വയനാട് 429, കണ്ണൂര്‍ 1336, കാസര്‍കോട് 1212 എന്നിങ്ങനെയാണ് കണക്ക്. ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ക്ക് ചികിത്സാസഹായമായി 20,000 രൂപ നല്‍കിയിട്ടുണ്ട്.
അതേസമയം നാട്ടില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന വിമര്‍ശനം പ്രവാസിക്ഷേമസംഘടനകള് ഉന്നയിക്കുന്നു. ലോകകേരള സഭയിലൂടെ പ്രവാസികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുമെന്ന് മേനി നടിച്ച പിണറായി സര്‍ക്കാര്‍, തുച്ഛമായ ഫണ്ട് വിനിയോഗിച്ച് സഹായവിതരണം അവകാശപ്പെടാനിരുന്നതാണെന്നും എന്നാല്‍ അപേക്ഷകള്‍ നോര്‍ക്കയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥ സ്ഥിതി മനസിലായെന്നും ചൂണ്ടിക്കാട്ടുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുവന്നവരും നേരത്തെ എത്തിയവരും കണ്ടെയ്ന്മെന്റ് സോണുകളിലാണ് കഴിയുന്നത്. മെയ് മുതല്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന് സംവിധാനം ഒരുക്കുകയാണ് നോര്‍ക്ക ചെയ്തത്. ഒന്നര ലക്ഷത്തിലേറെ കിടക്കകള്‍ സംസ്ഥാനത്ത് ക്രമീകരിച്ചതായി അവകാശപ്പെട്ട സര്‍ക്കാരിനെ വിശ്വസിച്ചാണ് പലരും നാട്ടിലേക്ക് തിരിച്ചത്. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പരിശീലനവും സാമ്പത്തികപിന്തുണയും നല്കാന് ആവിഷ്കരിച്ച പദ്ധതിയില്‍ അപേക്ഷിച്ചവരും കുറവല്ല. 30 ലക്ഷം രൂപ വരെ സംരംഭകത്വ വായ്പയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് എന്ന പദ്ധതിയില്‍ വാഗ്ദാനം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: