ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചിങ്ങത്തിലെ തിരുവോണനാള്‍ (ശ്രീപത്മനാഭ സ്വാമിയുടെ ജന്മനക്ഷത്രം) സമര്‍പ്പിക്കുന്ന അപൂര്‍വ കലാസൃഷ്ടിയാണ് ഓണവില്ല്. മതിലകം രേഖയില്‍ (ചരുണ- 24 ഓല 55) ഓണവില്ലിനെ കുറിച്ച് വിവരണമുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഓണവില്ലു (പള്ളിവില്ല്) സമര്‍പ്പണം ഇരവി രാജവര്‍മ്മയുടെ കാലത്ത് പുനരാരംഭിച്ചതായി ചരിത്രം പറയുന്നു. ഓണവില്ലുകള്‍ രൂപപ്പെടുത്തി തിരുനട സമര്‍പ്പണത്തിനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിലെ വാസ്തുശില്പികളായ കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിനാണ്. എട്ട് തലമുറകളായി ,ഈ അപൂര്‍വ കലാവൈദഗ്ദ്ധ്യം അവര്‍ ഇന്നും തുടരുന്നു.
വാണിയംമൂല തറവാട്ടില്‍ നിന്ന് ആറ് ജോഡി വില്ലുകള്‍ തിരുവോണനാള്‍ പുലര്‍ച്ചെ പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ കുടുബക്കാരുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കിഴക്കേകോട്ട നടയില്‍ വില്ലുമായി മൂത്താചാരിയും കുടുബവും എത്തുമ്പോള്‍ പണ്ടുകാലത്ത് ‘ആചാരമണി’ മുഴക്കുമായിരുന്നു. കിഴക്കേ നടയിലൂടെ ക്ഷേത്രശില്പിയുടെ ശിലയുടെ മുന്നില്‍ എത്തുന്ന കുടുബക്കാരെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭാരണാധികാരികളും ചേര്‍ന്ന് ഓണപ്പുടവയും, ഓണക്കോപ്പും, ദക്ഷിണയും, പ്രസാദവും ആചാരം നടത്തുന്ന പ്രധാന കാരണവര്‍ക്ക് നല്കി സ്വീകരിക്കുന്നു. തുടര്‍ന്ന് പ്രസാദം സ്വീകരിച്ച് ധരിച്ച കാരണവര്‍ ഭഗവാനെ തൊഴുത് ഓരോ വില്ലുകളും ഭഗവാനെ ഉയര്‍ത്തി കാണിച്ച് നിലത്ത് വിരിച്ചിരിക്കുന്ന ഓണപ്പുടവയില്‍ വയ്ക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വില്ലുകള്‍ തൊട്ടു തൊഴുത ശേഷം ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കും. ഭാരവാഹികളും കുടുംബക്കാരും ഭക്തരും ശീവേലിപ്പുര ഒരു വലത് ചുറ്റി കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ശ്രീകോവില്‍ ഒരു വലത് ചുറ്റി അഭിശ്രവണമണ്ഡപത്തില്‍ വച്ചിരിക്കുന്ന പള്ളിപ്പലകയില്‍ വില്ലുകള്‍ വയ്ക്കുന്നു. തുടര്‍ന്ന് വില്ലുകള്‍ കുഞ്ചലവും കുരുത്തോലയും ഞാണും കെട്ടി അലങ്കരിക്കും. കുഞ്ചലവും ഞാണും നിര്‍മ്മിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. അവര്‍ ജാതിമതഭേദമന്യേ വ്രതശുദ്ധിയോടെയാണ് തയ്യാറാക്കുന്നത്.
വില്ല് ചാര്‍ത്തിയ ഭഗവാനെ ആദ്യം കണ്ട് തൊഴുന്നതിനുള്ള അവകാശം വില്ല് സമര്‍പ്പിച്ച കുടുംബത്തിനാണ്. അതു കഴിഞ്ഞേ തിരുവിതാംകുര്‍ രാജകുടുംബം ദര്‍ശിക്കാനെത്തൂ. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് തൊഴാം. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ ഓണവില്ല് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരിക്കും. വില്ലുകള്‍ പിന്നീട് അടുത്ത ഓണക്കാലം വരെ രാജകുടുംബത്തില്‍ സൂക്ഷിക്കും.
ഐതിഹ്യം
സുതല (പാതാളം)ത്തിലേക്ക് വാമനന് മഹാബലിയെ അയയ്ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ ആഗ്രഹം വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന് ആദ്യ രചന നടത്തി. വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ തുടര്‍ കാലങ്ങളില്‍ അവതാരകഥകള്‍ വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് വാഗ്ദാനവും നല്കി. ഈയൊരു ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയായാണ് ഓണവില്ല് കരമന വിളയില്‍ വീട് കുടുംബത്തിലെ വിശ്വകര്‍മ്മജരായ കലാകാരന്മാര് അനുഷ്ഠിച്ചു വരുന്നത്.
പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ മുകള്‍ ഭാഗത്തുള്ള താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. വഞ്ചിനാടിന്റെ പ്രതീകമായും ഈ രൂപത്തെ കരുതുന്നവരുണ്ട്. വില്ലിനായി കടമ്പു വൃക്ഷത്തിന്റെ തടിയും, മഹാഗണിയുടെ തടിയും ഉപയോഗിക്കുന്നു. മിഥുനത്തോടെ ഓണവില്ലിന്റെ തടിപ്പണി ആരംഭിക്കും. വില്ലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഭാഗം ചുവന്ന നിറവും പുറകില്‍ മഞ്ഞ നിറവും പശ്ചാത്തലമായി തേയ്ക്കും.പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഇതിനായി തയ്യാറാക്കുന്നത്.
രാജഭരണകാലത്ത് കഴിഞ്ഞ നാലു തലമുറകളായി ആചാരം നടത്തിയത് പത്മനാഭനാചാരി, കൃഷ്ണനാചാരി, രാമസ്വാമി ആചാരി, മഹാദേവനാചാരി എന്നിവരായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തലമുറയിലെ ആചാരം നടത്തിയിരുന്ന പ്രധാനിയുടെ ജ്യേഷ്ഠ സഹോദരനായ രവീന്ദ്രനാചാരിയുടെ മകന് ആര്. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയെ പ്രതിനിധാനം ചെയ്ത് ആചാരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: