ഓണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചൊല്ലുകളും ശൈലികളും വാക്കുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. സുമനസ്സുകളുടെ പുഷ്പോത്സവമായ ഓണനാളുകളില്‍ മലയാളഭാഷയുടെ ഈ അമൂല്യ സമ്പത്തിനെ കുറിച്ച് അഭിമാനിക്കുവാന്‍ കൂടി നാം അല്‍പനേരം മാറ്റിവയ്‌ക്കണം. ഓണം മലയാളികളുടെ മനസിലേക്ക് നിക്ഷേപിച്ച ഭാഷാപരമായ ഉള്ളുണര്‍വുകള്‍ക്ക് അനേകതലത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളീയ സംസ്‌കൃതിയുടെ മഹിതോദാരമായ അനേകമനേകം ഈടുവെപ്പുകള്‍ ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളിലും ശൈലികളിലും വാക്കുകളിലും തുടിച്ചു നില്‍ക്കുന്നു. അത്തം പത്തിന് പൊന്നോണം, അത്തം കറുത്താല്‍ ഓണം വെളുക്കും അത്തം വെളുത്താല്‍ ഓണം കറുക്കും, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി, ഓണം വരാനൊരു മൂലം വേണം, കാണം വിറ്റും ഓണം ഉണ്ണണം, ഉള്ളത് കൊണ്ട് ഓണം പോലെ, ഓണത്തിന് ഉറുമ്പും കരുതും എന്നിങ്ങനെയുള്ള ചൊല്ലുകളും ശൈലികളും ഓണത്തിന് നമ്മുടെ ഭാഷയിലുള്ള പ്രഭാവം വ്യക്തമാക്കുന്നുണ്ട്. ഓണവുമായി നേരിട്ട് ബന്ധമുള്ള വാക്കുകള്‍ മലയാളഭാഷയുടെ സൗന്ദര്യബോധത്തിന്റെ കൊടിയടയാളങ്ങളാണ്.
ഓണസദ്യ, ഓണക്കോടി, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കുട, ഓണപ്പാട്ട്, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണവില്ല്, ഓണച്ചന്ത, ഓണത്താര്‍, ഓണത്തുമ്പി, ഓണപ്പുലരി, ഓണപ്പൊലിമ, ഓണമുറ്റം, ഓണ പുടവ, ഓണനിലാവ്, ഓണവെയില്‍ എന്നിങ്ങനെയുള്ള വാക്കുകളില്‍ നിറയുന്നത് മലയാളിയുടെ ജീവിതദര്‍ശനം തന്നെയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ കവികള്‍ എഴുതിയ മനോഹര രചനകളും ഭാഷയുടെ അമൂല്യ സമ്പത്താണ്. പേരറിയാത്ത നാടോടി കവികളുടെ വാമൊഴിയില്‍ ആരംഭിക്കുന്ന ഓണക്കവിതകളുടെ പാരമ്പര്യ സുഗന്ധം ഉത്തരാധുനികകാലത്തെ കാവ്യലോകത്തും സജീവമായി പ്രസരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഓണക്കവിതകളില്‍ ഏറ്റവും മികച്ച ചില രചനകള്‍ ഇവിടെ സൂചിപ്പിക്കട്ടെ.. ഉള്‍നാട്ടിലെ ഓണം (കുമാരനാശാന്‍), കേരളഗാനം (മഹാകവി ഉള്ളൂര്‍), ഓണസദ്യ (വള്ളത്തോള്‍), ഓണക്കാഴ്ച (നാലപ്പാട്ട് നാരായണമേനോന്‍), ഒരുപാട്ട് പാടുമോ (ജി. ശങ്കരക്കുറുപ്പ്), പരിവര്‍ത്തനപ്പുലരി (വെണ്ണിക്കുളം), ഓണപ്പൂവ് (പി. കുഞ്ഞിരാമന്‍ നായര്‍), യുദ്ധകാലത്തെ ഓണം (ഇടശ്ശേരി), ഓണപ്പാട്ടുകാര്‍ (വൈലോപ്പിള്ളി), മഹാബലിക്കൊരു കത്ത് (വയലാര്‍ രാമ വര്‍മ), ശ്രാവണ ഗായിക (വിഷ്ണുനാരായണന്‍ നമ്പൂതിരി), ഓണം (സുഗതകുമാരി), ഒരോണത്തിന്റെ ഓര്‍മ (എസ്. രമേശന്‍ നായര്‍), ഓണപ്പിറ്റേന്ന് (ഡി. വിനയചന്ദ്രന്‍), പനി (കൈതപ്രം), വീണ്ടും (റഫീഖ് അഹമ്മദ്) തുടങ്ങിയ കവിതകള്‍ പെട്ടന്ന് ഓര്‍മയില്‍ വരുന്നു. ഓണക്കവിതകള്‍ നമ്മുടെ ഭാഷയെ അങ്ങേയറ്റം ചൈതന്യധന്യമാക്കിയിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളും കഥകളും വിശ്വാസങ്ങളും പ്രതിപാദിക്കുന്ന ഒട്ടേറെ കൃതികളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളീയരുടെ ഗൃഹാതുര സ്മൃതികളില്‍ അമൃതം തൂകുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങളും ഓണവുമായി ബന്ധപ്പെട്ട് പിറവി കൊണ്ടിട്ടുണ്ട്.
പ്രതിഭാധനരായ ഗാനരചയിതാക്കളും ഗായകരും സംഗീതസംവിധായകരും മധുരഗീതങ്ങളിലൂടെ ഓണത്തിന്റെ പുണ്യസ്മരണകളിലേക്ക് മലയാളികളെ അനായാസമായി കൂട്ടികൊണ്ടുപോയിട്ടുണ്ട്. തിരുവോണ പുലരി തന്‍, ഉത്രാടപ്പൂ നിലാവേ, ഓണപ്പൂവേ പൂവേ പൂവേ, പൂക്കളം കാണുന്ന പൂമരം പോലെ, പൂവിളി പൂവിളി പൊന്നോണമായി, ആരോ കമിഴ്‌ത്തി വച്ച ഓട്ടുരുളി പോലെ, തുമ്പപ്പൂ നുള്ളി നടക്കും, തുടങ്ങിയ ചലച്ചിത്രഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. വയലാര്‍, ഒ.എന്‍.വി, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, കൈതപ്രം, എസ്. രമേശന്‍ നായര്‍, റഫീഖ് അഹമ്മദ് തുടങ്ങിയ അനുഗൃഹീതരായ ഗാനരചയിതാക്കള്‍ ഓണത്തിന്റെ തിരുമധുരമൂറുന്ന എത്രയോ മികച്ച ഗാനങ്ങള്‍ നമുക്കായി പകര്‍ന്നു നല്‍കി. ഓണവുമായി ബന്ധപ്പെട്ട് എത്രയെത്ര ലളിതഗാനങ്ങളും കഥകളും നമ്മുടെ ഭാഷയില്‍ ജന്മം കൊണ്ടിട്ടുണ്ട്. വര്‍ണപ്പൂക്കളങ്ങളെപ്പോലെ അവയും നമ്മുടെ ഹൃദയാങ്കണങ്ങളില്‍ സചേതനമായ ഒരു നാട്ടു സംസ്‌കൃതിയുടെ നിധി നിക്ഷേപങ്ങളായി നിലകൊള്ളുന്നു.
ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക