കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര നടപടികള്‍ ഓരോന്നിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. സഹമന്ത്രി വി. മുരളീധരനെ ചുമതലപ്പെടുത്തി, പഴുതുകളൊന്നുമില്ലാത്ത നടപടി ക്രമങ്ങളിലൂടെയാണ് അന്വേഷണ ഏജന്‍സികളെ വകുപ്പ് സഹായിക്കുന്നത്.
കേരളം കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കടത്തും മറ്റ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറെ നാളായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടത്തുന്ന സ്വര്‍ണക്കടത്തും ആ ഇടപാടുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുദ്യോഗസ്ഥന്മാരില്‍ ചിലര്‍ക്കുള്ള ബന്ധവും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവര്‍ത്തിച്ചുള്ള ഈ അറിയിപ്പുകള്‍ക്കിടയിലാണ് സ്വര്‍ണക്കടത്തിന് കുട്ടുനിന്ന കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉള്‍പ്പെടെ പിടിക്കപ്പെട്ടത്.
കസ്റ്റംസില്‍ ചില ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതുള്‍പ്പെടെയുള്ള അസ്വാഭാവിക നടപടികളോടെ തലസ്ഥാനത്തെ ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. സ്ഥലം മാറിവന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തര നിരീക്ഷണം നടത്തിയാണ് സ്വര്‍ണക്കടത്ത് നീക്കങ്ങള്‍ കണ്ടുപിടിച്ചത്.
കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യ ഓഫീസില്‍ നിന്ന് കസ്റ്റംസ് കാര്‍ഗോ വിഭാഗത്തിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയിരിക്കെയാണ് കോണ്സുലേറ്റിലേക്കുള്ളതെന്ന പേരില്‍ വരുന്ന ബാഗേജ് സംശയകരമെന്ന മുന്നറിയിപ്പ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് സംശയിക്കുന്ന ബാഗേജ് പരിശോധിക്കാതെ വിട്ടുകൊടുക്കരുതെന്ന് കാര്‍ഗോയ്ക്ക് നിര്‍േദശം നല്‍കുകയായിരുന്നു. ഈ നിര്‍ദേശത്തോട് കസ്റ്റംസില്‍നിന്നു തന്നെ വിയോജിപ്പും അപകട മുന്നറിയിപ്പും ഉണ്ടായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരില്‍ നിന്നുള്‍പ്പെടെ അന്വേഷണവും ശുപാര്‍കളും വന്നപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറേ ഉറപ്പായി. തുടര്‍ന്നായിരുന്നു ധൃതിപിടിച്ച നീക്കങ്ങള്‍.
കസ്റ്റംസ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടു. യുഎഇ പോലെ ഒരു രാജ്യത്തിന്റെ നയതന്ത്ര ബാഗ് പരിശോധിക്കുക എന്നത് രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസത്തിന് കാരണമാകുമെന്നു വന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന് കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്നൊരു മന്ത്രിയുമായുള്ള ദൃഢബന്ധം വിനിയോഗിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഇടപെടുവിക്കുകയായിരുന്നു. കാര്യങ്ങള്‍ വിലയിരുത്തി, ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് അനുമതി വാങ്ങി.
തുടര്‍ന്നാണ് പരിശോധനയും സ്വര്‍ണം ഒളിച്ചു കടത്തല്‍ കണ്ടെത്തലും ഉണ്ടായത്. അന്നുമുതല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനവും അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ്.
ഫൈസലും റാബിന്‍സും വിദേശത്ത് ‘കസ്റ്റഡി’യില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്തുകേസില്‍ വിദേശത്തുള്ള പ്രതികള്‍ ഇപ്പോള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ‘കസ്റ്റഡി’യിലാണ്. എന്നാല്‍, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാലേ അറസ്റ്റ് രേഖപ്പെടുത്തൂ. നയതന്ത്രതലത്തില്‍ ഇതിനുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്.
സ്വര്‍ണക്കടത്തു കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ്, സഹായി റാബിന്‍സ് എന്നിവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുത്തപ്പോള്‍ മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇവരും ഇവര്‍ക്ക് സഹായം ചെയ്തവരും നിരീക്ഷണത്തിലുണ്ടായിരുന്നു. കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴിയില്‍ ഫൈസലിന്റെ കേസിലെ പങ്കാളിത്തം വ്യക്തമായതോടെ ‘കസ്റ്റഡി’യിലാണ്.
വിദേശ എംബസികളില്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ രേഖപ്പെടുത്താത്ത അറസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന നിയന്ത്രണത്തിലാണ് പ്രതികള്‍. ഇവരില്‍നിന്ന് ഔദ്യോഗികമായി ലഭിക്കാവുന്ന വിവരങ്ങള്‍ ഏജന്‍സികള്‍ ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രേഖപ്പെടുത്താവുന്ന ചോദ്യം ചെയ്യല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നടത്താനായിട്ടില്ല.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസില്‍ വിദേശത്തുള്ള പ്രതികളെ വിട്ടു കിട്ടേണ്ടതുണ്ട്. ഇതിനു ശേഷമേ അറസ്റ്റും ചോദ്യം ചെയ്യലും നടക്കൂ. സ്വര്‍ണക്കടത്തുകേസ് യുഎഇ കോണ്‍സുലേറ്റ് വഴിയുള്ളതായതിനാല്‍ ഈ വിഷയത്തില്‍ യുഎഇയുടെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അതാണിപ്പോള്‍ നടക്കുന്നത്. അതിനു ശേഷം ഫൈസല്‍ ഫരീദ്, റാബിന്‍സ് എന്നിവരെ മാത്രമല്ല, മറ്റു ചില സഹായികളെക്കൂടി അന്വേഷണ ഏജന്‍സകള്‍ പിടികൂടുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: