ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നേതൃത്വം കൈയാളുന്ന നെഹ്റു കുടുംബത്തിനെതിരെ അപ്രതീക്ഷിത പ്രതിഷേധവുമായി നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സോണിയ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി സ്ഥിരം പ്രസിഡന്റായി ചുമതല ഏറ്റെടുക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നേതാക്കള്‍ അയച്ച കത്തുകള്‍ ചോര്‍ന്നതോടെ അധ്യക്ഷപദവിയില്‍ ഇനിയില്ലെന്ന് സോണിയ അടുത്ത അനുയായികളെ അറിയിച്ചു. സോണിയ താല്‍ക്കാലിക പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ചതായാണ് സൂചന. എക്കാലവും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായി കഴിഞ്ഞവര്‍ തിരിഞ്ഞതിന്റെ അപ്രതീക്ഷിത ആഘാതത്തിലാണ് നേതൃത്വം.
ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളയച്ച കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും ഈ കത്തില്‍ ഒപ്പിട്ടു എന്ന വാര്‍ത്തകളും വന്നു. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് കത്തുകള്‍ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ നെഹ്റു കുടുംബത്തില്‍നിന്ന് തന്നെയുള്ള ആരെങ്കിലും പ്രസിഡന്റ് പദവിയില്‍ തുടരണമെന്ന നിലപാടാണ് എ.കെ. ആന്റണിക്കും പി. ചിദംബരത്തിനും. ഇതിനോടു യോജിച്ച് മുഖ്യമന്ത്രിമാരും എംപിമാരുമടക്കം ചില നേതാക്കള്‍ രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
നെഹ്റു കുടുംബത്തിന്റെ ഏകാധിപത്യം അംഗീകരിക്കുന്നവരും കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി പാര്‍ട്ടി ഭിന്നിച്ചു നില്ക്കുമ്പോള് ഇന്ന് രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗം നിര്‍ണായകമാകും. രാഹുലിനെ തിരികെ പ്രസിഡന്റ് പദവിയിലേക്ക് എത്തിക്കാനുള്ള നാടകമാണ് അരങ്ങേറുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന നിര്‍ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിലുള്ളത്. താന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ലഭിച്ച കത്തിനോട് രോഷത്തോടെയാണ് സോണിയ പ്രതികരിച്ചത്. ഇനി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ പറ്റില്ലെന്ന് സോണിയ, ഗുലാംനബി ആസാദിനെയും മറ്റും അറിയിക്കുകയായിരുന്നു. രാഹുല്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാനില്ലെങ്കില്‍ മറ്റാരെയെങ്കിലും അധ്യക്ഷനാക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായത് നെഹ്റു കുടുംബത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
2019ലെ ദയനീയ പരാജയത്തോടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഹുല്‍ ഒളിച്ചോടിയതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷമായി സോണിയയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. അഞ്ചു മാസമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടതിനു ശേഷമാണ് സോണിയയ്ക്കെതിരായ കത്ത് തയാറാക്കിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: