ഇടുക്കി: പെരിമ്പാമ്പിന്റെ ഇറച്ചി തരാമെന്ന് വിശ്വസിപ്പിച്ച് ചേരയെ തല്ലിക്കൊന്ന് കറിവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് വനംവകുപ്പ് പിടിയില്‍. നേര്യമംഗലം ജില്ലാ കൃഷിഫാമിന് സമീപം താമസിക്കുന്ന വടക്കേ പറമ്പില്‍ ബിജു വി.ജെ.(മരപ്പട്ടി ബിജു-35) ആണ് അറസ്റ്റിലായത്. നേര്യമംഗലം റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷന് ഉദ്യോഗസ്ഥരും കോതമംഗലം റേഞ്ചിലെ സ്റ്റാഫും ചേര്‍ന്നാണ് കേസ് പിടികൂടിയത്. വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
കറിവെച്ചതും വറുത്തതുമായ ഇറച്ചിയും, തുകല്‍, തല, വാല്, പണ്ടം എന്നിവയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നേര്യമംഗലം ടൗണില്‍വെച്ച് പെരുമ്പാമ്പിറച്ചി വില്‍ക്കാനുണ്ടെന്ന് ആളുകളോട് പറയുകയും ഇത് വനംവകുപ്പ് അറിയുകയുമായിരുന്നു. കേസ് കോതമംഗലം പരിധിയായതിനാല് ഇവര്‍ക്ക് പിന്നീട് കൈമാറുകയായിരുന്നു.
വീട്ട് വളപ്പില്‍ നിന്ന് ചേര പാമ്പിനെ പിടികൂടി അതിനെ കൊന്ന് കറി വെയ്ക്കുകയും വറക്കുകയും ഭക്ഷിക്കുകയും ചെയ്തു. മദ്യപിക്കുവാന്‍ പണം കണ്ടെത്തുവാന്‍ വേണ്ടിയാണ് ഈ കുറ്റം ചെയ്തതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ രണ്ട് പാര്‍ട്ട് രണ്ടില്‍ സംരക്ഷിത ഉരഗമാണ് ചേര പാമ്പ്.
2018ല്‍ വാളറ സ്റ്റേഷന് പരിധിയില്‍ തൊണ്ടിയായി പിടിച്ചിട്ട തടി മോഷണ കേസിലും നിരവധി ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാള്‍. ഡെപ്യൂട്ടി ആര്‍എഫ്ഒ ജി.ജി. സന്തോഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അനില്‍ ഘോഷ്, മധു ദാമോദരന്‍, പി.എന്‍. ജയന്, കെ.പി. മുജീബ്, കെ.എം. അലികുഞ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജാരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: