കേരളത്തിലെന്നല്ല രാജ്യത്ത് ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത ഭരണവൈകല്യങ്ങളും ചട്ടലംഘനങ്ങളുമാണ് കേരളത്തില്‍ നടമാടുന്നത്. ഭരണഘടനാ വ്യവസ്ഥകളേയും നയതന്ത്ര പ്രോട്ടോകോളിനെയും പോലും കാറ്റില്‍ പറത്തുന്നു. നിയമാനുസൃതമായ ഒരു വ്യവസ്ഥയും ഭരണക്കാര്‍ പാലിക്കുന്നില്ല. ”കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി” എന്ന ചൊല്ലുപോലെയാണ് ഓരോ വകുപ്പും പെരുമാറുന്നത്. മുഖ്യമന്ത്രി ഒരു വഴിക്ക്, മന്ത്രിമാര്‍ പലവഴിക്ക് എന്ന മട്ടിലാണ് പോക്ക്. ഇതിനെല്ലാം ദൃക്സാക്ഷികളായ ചില ഉദ്യോഗസ്ഥര്‍ പകല്ക്കൊള്ളയില് വ്യാപൃതരാകുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാകട്ടെ കഴിയുന്നതെല്ലാം മോഷ്ടിച്ച് സ്വന്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി എന്നു പറഞ്ഞാല്‍ സഹകരണ ബാങ്കുപോലെയല്ല എന്നാണ് പൊതുജനങ്ങള്‍ വിശ്വസിച്ചുപോന്നത്. എന്നാലിപ്പോള്‍ ട്രഷറിയില്‍ നിന്നുപോലും പണം കൊള്ളയടിച്ച് സ്വന്തം പേരിലും ഭാര്യയുടെ അക്കൗണ്ടിലേക്കും വകമാറ്റുന്നു. അതും ഭരണകക്ഷിയുടെ യൂണിയനെ നയിക്കുന്ന നേതാവായ ട്രഷറി ഉദ്യോഗസ്ഥന്. ധനമന്ത്രി തന്നെ തട്ടിപ്പിന് കൂട്ടുനില്‍ക്കുമ്പോള്‍ ട്രഷറി ഉദ്യോഗസ്ഥന് കളവ് നടത്തിയില്ലെങ്കിലല്ലെ അദ്ഭുതപ്പെടേണ്ടതുള്ളൂ.
സ്വര്‍ണക്കള്ളക്കടത്തും അതില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള രാഷ്ട്രീയ പിന്‍ബലവും സജീവ ചര്‍ച്ചയായിട്ട് ആഴ്ചകളേറെയായി. കൊള്ളക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമായിട്ട് വര്‍ഷങ്ങളുമായി. നയതന്ത്ര ചാനല്‍, സ്വര്‍ണ്ണം ഒഴുകാനുള്ള അഴുക്കുചാലാക്കുന്നതിന് കര്‍സേവ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ച കിങ്കരന്മാരാണെന്ന് നാള്‍ക്കുനാള്‍ വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതിന് നേതൃത്വം നല്‍കിയതിനാണ് ഒടുവില്‍ അയാളെ സ്ഥാനത്തുനിന്ന് നീക്കിയത്. ബാഹ്യശക്തികള്‍ പ്രത്യേകിച്ച് സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി, പലതവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു. അത് തെളിയാതിരിക്കാനാണല്ലോ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത്. എന്ത് പൂഴ്ത്തിയാലും എങ്ങനെ ഒളിപ്പിച്ചാലും സത്യം പുറത്ത് വരുമെന്നുറപ്പാണ്.
പിണറായി വിജയന് സര്‍ക്കാരിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ തനിക്ക് നിയമവും ചട്ടങ്ങളും പുല്ലുവിലയാണെന്ന മട്ടില്‍ പെരുമാറിക്കൊണ്ടിരിക്കുന്നു. നയതന്ത്ര ചാനല്‍ വഴി മന്ത്രി തന്റെ സ്വന്തം താല്‍പ്പര്യപ്രകാരം മുപ്പതിലധികം പെട്ടികളാണ് അനധികൃതമായി ഇറക്കുമതി ചെയ്തത്. അത് വിവാദമായപ്പോള്‍ താന്‍ കൊണ്ടുവന്നത് മതഗ്രന്ഥമാണെന്ന് പറഞ്ഞതിലെ ലക്ഷ്യം വ്യക്തമാണ്. മുസ്ലിം മത വികാരം ജ്വലിപ്പിക്കാനുള്ള നിരോധിത സംഘടനയായ ‘സിമി’യുടെ തുരുപ്പുചീട്ടാണ് മന്ത്രി ജലീല്‍ പുറത്തെടുത്തത്. മതഗ്രന്ഥമെന്നല്ല അച്ചടിച്ച ഒരു സാധനവും കെട്ടുകെട്ടായി ഇറക്കുമതി ചെയ്യാന്‍ നയതന്ത്ര ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ജലീലിന് വന്ന കെട്ടുകളില്‍ പലതും മതഗ്രന്ഥമല്ല സ്വര്‍ണവും മറ്റുമാണെന്ന് അന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കി എന്നുവേണം കരുതാന്‍. സത്യപ്രതിജ്ഞാ ലംഘനം ബോധ്യമായിട്ടും ജലീലിന്റെ മന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. മന്ത്രി പറഞ്ഞത് വിശ്വസിച്ചുകൊള്ളണമെന്ന ധാര്‍ഷ്ട്യത്തിലാണ് മുഖ്യമന്ത്രി.
ഒന്നിനു പിറകെ മറ്റൊന്ന് എന്ന മട്ടിലാണ് കൊള്ളരുതായ്മകള്‍ പുറത്തുവരുന്നത്. പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനുള്ള ‘ലൈഫ് മിഷന്’ എന്ന സര്‍ക്കാര്‍ സംവിധാനം അകപ്പെട്ട വിവാദം കേട്ടുകേള്‍വിയില്ലാത്തതാണ്. വിദേശത്ത് നിന്ന് ഈ സ്ഥാപനത്തിന് ലഭിച്ച 20 കോടി രൂപയില്‍ നാലര കോടി കമ്മീഷനായി പോയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. അതിന് മുമ്പ് ഒരു കോടി രൂപ തനിക്ക് കിട്ടിയതാണ് ബാങ്ക് ലോക്കറില്‍നിന്നും പിടിച്ചതെന്ന് സ്വപ്ന സുരേഷെന്ന പ്രതി മൊഴിഞ്ഞിരുന്നു. ബാക്കി മൂന്നരകോടി ആര്‍ക്ക് ലഭിച്ചെന്ന് വ്യക്തമായിട്ടില്ല. ഈ കോഴ ഇടപാട് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് മാധ്യമ ഉപദേഷ്ടാവിന്റെ ചാനല്‍ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ ലഭിച്ച 20 കോടിയില്‍ 4.5 കോടി നഷ്ടപ്പെട്ടത് നേരത്തെ അറിയാമെന്ന് പറയുമ്പോള്‍ അതിന്റെ ഗൗരവം വലുതാണ്. അറിയാവുന്ന കാര്യം മുഖ്യമന്ത്രിയോട് പറയാന്‍ പോലും മന്ത്രി തയാറാകാത്തത് നിസ്സാരകാര്യമല്ല.
ഇവിടെ പകല്‍ക്കൊള്ളയ്ക്കും കള്ളക്കടത്തിനും ഒത്താശ ചെയ്യുന്നവരില്‍ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമല്ല മന്ത്രിമാരും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷം അത് ആവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷേ അതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്നത് സംശയാസ്പദമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മക്കെതിരെ ജനങ്ങളും അണികളും പ്രതിഷേധത്തിലാണ്. അപ്പോഴാണ് മുഖ്യമന്ത്രിയുടെ തോളില്‍ കയ്യിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ യോഗത്തിലിരുന്നത്. ഇന്നിപ്പോള്‍ ധനകാര്യ നടപടികള്‍ക്കായി നിയമസഭ കൂടുകയാണ്. അതിനിടയില്‍ അവിശ്വാസപ്രമേയം ഉന്നയിക്കും. അഞ്ചുമണിക്കൂര്‍ നീക്കിവയ്ക്കാന്‍ ധാരണയുമായിട്ടുണ്ട്. നാണംകെട്ട രാഷ്ട്രീയം കളിക്കാതെ, മുഖ്യമന്ത്രിയേയും വിവാദത്തിലുള്ള മന്ത്രിമാരെയും എങ്കിലും ബഹിഷ്കരിക്കാനും നിസ്സഹകരിക്കാനും പ്രതിപക്ഷം തയാറാകുമോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ ഭരണക്കാരെപ്പോലെ തന്നെ വികൃതമായ പ്രതിപക്ഷം നിസ്സഹകരണമെന്ന പ്രക്രിയയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: