കാഞ്ഞങ്ങാട്: നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും നഗരസഭ തീരുമാനിച്ചു. കാഞ്ഞങ്ങാടും പരിസരത്തും പോസിറ്റീവ് കേസ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കാന്‍ കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. മത്സ്യ മാര്‍ക്കറ്റിന് പരിസര പ്രദേശത്ത് ആള്‍ക്കൂട്ടമൊഴിവാക്കണമെന്നും ഉള്‍പ്രദേശങ്ങളില്‍ മത്സ്യവില്‍പന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവായവരുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കി.
ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നു. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപാര ഭവന്‍ വരെയുള്ള സ്ഥലത്ത് കര്‍ശനമായി നിരോധിക്കാന്‍ തീരുമാനിച്ചു. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നല്‍കേണ്ടുന്നതും ഇത്തരം അപേക്ഷകര്‍ക്ക് ആലാമി പള്ളി പുതിയ ബസ്സ് സ്റ്റാന്റില്‍ സൗകര്യം നല്‍കുകയും ചെയ്യുന്നതാണ്. ബസ് പാര്‍ക്കിങ്, വാഹന പാര്‍ക്കിങ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലയ്‌ക്കും നിയന്ത്രണം ബാധകമാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടാകണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കടകളില്‍ സാധനം വാങ്ങാന്‍ കൂട്ടം കൂടരുത്. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായി നിജപ്പെടുത്തി.
ബസ്സുകളുടെ പാര്‍ക്കിങ് ഇനിമുതല്‍ പുതിയ ബസ്സ്റ്റാന്‍ഡിലായിരിക്കും. ബസ്സുകള്‍ കോട്ടച്ചേരി ബസ്‌സ്റ്റാന്‍ഡില്‍ ആളുകളെ ഇറക്കിയശേഷമാണ് പാര്‍ക്കിങ് കേന്ദ്രമായ പുതിയ ബസ്‌സ്റ്റാന്‍ഡിലെത്തേണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഓട്ടോറിക്ഷകളും ടാക്‌സികളും പഴയ ബസ്‌സ്റ്റാന്‍ഡിലും മറ്റു വാഹനങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കു ചെയ്യണം. അന്യദേശത്ത് നിന്നും പുറമേ നിന്നുമുള്ള പൂക്കച്ചവടം പൂര്‍ണമായി നിരോധിച്ചു. പ്രാദേശിക പൂവുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ അനുമതിയോടെ വില്‍ക്കാം. വഴിയോരക്കച്ചവടവും ഫുട്പാത്ത് കച്ചവടവും പൂര്‍ണമായും പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് മാറണം. കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, നഗരസഭ സെക്രട്ടറി എം.കെ. ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: