രാജപുരം: കുരങ്ങുകള്‍ കൂട്ടമായി കാടിറങ്ങിയെത്തി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വനം വകുപ്പ് അധികൃതര്‍ക്ക് പലവട്ടം പരാതി നല്കി. വനം വകുപ്പ് മന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞു. എന്നിട്ടും പരിഹാരം മാത്രമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒടുവില്‍ സഹികെട്ടാണ് കള്ളാര്‍ പുഞ്ചക്കരയിലെ കര്ഷകന് ഷാജി ചാരാത്ത് കഴിഞ്ഞ 18ന് നടന്ന കളക്ടറുടെ താലൂക്കുതല അദാലത്തില്‍ പരാതിയുമായെത്തിത്.
ആദാലത്ത് കഴിഞ്ഞ് ഏഴാം ദിവസം വനംവകുപ്പ് അധികൃതര്‍ കുരങ്ങുകളെ പിടിക്കാന്‍ ഷാജിയുടെ വീട്ടുമുറ്റത്ത് ഒരു കൂട് കൊണ്ടുവച്ച് തിരിച്ചു പോയതാണ്. പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കുരങ്ങുകളെ ആകര്‍ഷിക്കണമെങ്കില്‍ പഴം പോലുള്ള ഭക്ഷ്യവസ്തുക്കള്‍ കൂട്ടില്‍ വയ്ക്കണം. ക്ഷമയും പരിചയവുമുള്ള കുരങ്ങ് പിടുത്തക്കാരനും വേണം. ഇതൊന്നുമില്ലാതെ ഒരു കൂടുമാത്രം കൃഷിയിടത്തില്‍ സ്ഥാപിച്ചതുകൊണ്ട് കുരങ്ങുകളെ പിടിക്കാന്‍ കഴിയില്ലെന്നും കൃഷി നശിപ്പിക്കുന്നത് മുറപോലെ നടക്കുന്നതായും ഷാജി പറയുന്നു.
എട്ടുവര്‍ഷം മുന്‍പ് ഇതേപോലെ ശല്യം രൂക്ഷമായപ്പോള്‍ ഷാജിയുടെ നേതൃത്വത്തില്‍ കര്‍ണാടക സുള്ള്യയില്‍ നിന്ന് കുരങ്ങ് പിടിത്തക്കാരനെ കൊണ്ടുവന്ന് കൂടുപയോഗിച്ച് കുരങ്ങുകളെ പിടിച്ച് വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചിരുന്നു. അന്ന് കുരങ്ങുകളെ ആകര്‍ഷിക്കാന്‍ ദിവസങ്ങളോളം നീണ്ട അധ്വാനവും 500 കിലോ പഴവുമാണ് വേണ്ടി വന്നത്. 10,000 രൂപയും ചെലവായി.
ഇത്തരത്തില്‍ മാത്രമെ കുരങ്ങുകളെ കൂട്ടത്തോടെ പിടിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഷാജി പറയുന്നത്. ഇപ്പോള്‍ സ്ഥാപിച്ച കൂടിനുപകരം രണ്ട് വാതിലുകളോടും അറകളോടും കൂടിയ കൂടാണ് വേണ്ടത്. എന്നാല്‍ ഇതിനൊന്നും വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടുമില്ല. കൂട്ടില്‍ വയ്ക്കാന്‍ പഴം വാങ്ങി നല്‍കുകയോ പണം അനുവദിക്കുകയോ വേണമെന്ന ആവശ്യത്തിനും മറുപടി കിട്ടിയില്ലെന്ന് ഷാജി പറയുന്നു. സ്വന്തമായുള്ള പത്തേക്കര്‍ ഭൂമിയുടെ നികുതി അടയ്ക്കാന്‍ പോലുമുള്ള തുക കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് കുരങ്ങും പന്നിയും സ്വന്തമാക്കിയ കൃഷിയിടം ന്യായമായ വില നല്കിയേറ്റെടുക്കാനുള്ള സന്മനസ്സെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നാണ് ഈ കര്‍ഷകന്റെ ഇപ്പോഴത്തെ ആവശ്യം.
കുരങ്ങുശല്യം രൂക്ഷമായ പുഞ്ചക്കരയില്‍ കുരങ്ങുകളെ പിടികൂടാന്‍ വെച്ചിരിക്കുന്ന കൂട് ശാസ്ത്രീയമായി തയ്യാറാക്കിയതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വയനാട്ടിലടക്കം ഇത്തരത്തിലുള്ള കൂടുകള്‍ ഉപയോഗിച്ച് കുരങ്ങുകളെ പിടികൂടിയിട്ടുണ്ട്. കര്‍ഷകരുടെ സഹായം കൂടിയുണ്ടെങ്കില്‍ മാത്രമേ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിക്കുന്ന രീതി വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. കൂട്ടത്തോടെ ഇവയെ കൂട്ടില്‍ കയറ്റാന്‍ കഴിയുകയില്ല. കൂട്ടത്തില്‍ നിന്ന് കൂട്ടില്‍ കയറുന്നവയെ 50 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് കയറ്റിവിടും. കുരങ്ങുകളെ കൂട്ടില്‍ കയറ്റാന്‍ പരിശീലനം നേടിയ വിദഗ്ധരെയും സ്ഥലത്തെത്തിക്കും. കുരങ്ങുശല്യം രൂക്ഷമായ പനത്തടി സെക്ഷനിലെ മറ്റു സ്ഥലങ്ങളിലും കരിന്തളത്തും ഇത്തരത്തില്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: