ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ വ്യവസ്ഥയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താനാണ് വിമാനത്താവള വിവാദത്തിലൂടെ, കേരളം ഭരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫും ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി എതിര്‍ക്കുമ്പോള്‍ മങ്ങലേല്‍ക്കുന്നത് ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കാണ്.
2014 ല്‍, എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ പറഞ്ഞത് സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ മാത്രമേ രാജ്യത്തിന് വികസനം ഉണ്ടാവുകയുള്ളൂ എന്നും അതിനാല്‍ രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ്. ഭരണത്തുടര്‍ച്ച നേടി, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ നയിക്കുന്ന നരേന്ദ്രമോദിയോ എന്‍ഡിഎ സര്‍ക്കാരോ അവരുടെ ഈ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് വ്യക്തമായി അറിയുന്ന രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ ഒരു സംസ്ഥാന സര്‍ക്കാരോ വിചാരിച്ചാല്‍ സാധിക്കില്ലെന്ന് കേരളത്തിലെ ഭരണകക്ഷിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മനസ്സിലാക്കണം.
കേരളത്തില്‍ത്തന്നെ രണ്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് പൊതുസ്വകാര്യപങ്കാളിത്തത്തോടെ (പിപിപി) നടത്തിവരുമ്പോള് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രം എതിര്‍പ്പുയര്‍ത്തേണ്ട ആവശ്യമെന്തെന്ന് ചിന്താശേഷിയുള്ള ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കും. പിപിപി മാതൃക രാജ്യത്തെല്ലായിടത്തും നിലവില്‍ നടന്നുവരുന്ന രീതിയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കേരള സര്‍ക്കാര്‍ കൂടി പങ്കാളികളായിരുന്നു. ടെന്‍ഡര്‍ ലഭിച്ചത്, കൂടുതല്‍ സംഖ്യ മുന്നോട്ടു വച്ച അദാനിഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിക്കായി എന്നത് ആരുടെ കുറ്റമാണ്? 26 ശതമാനമെങ്കിലും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക്, പത്ത് ശതമാനം ഇളവ് നല്‍കാമെന്ന വാഗ്ദാനം പോലും കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടെന്‍ഡര്‍ സമര്‍പ്പിച്ച കെഎസ്ഐഡിസിയേക്കാള് 19.64 ശതമാനം കൂടുതല്‍ തുകയാണ് അദാനി ഗ്രൂപ്പ് ടെന്‍ഡറില്‍ കാണിച്ചത്. അദാനി ഗ്രൂപ്പ് ഒരു യാത്രക്കാരന് 168 രൂപ ക്വോട്ട് ചെയ്തപ്പോള്‍ കെഎസ്ഐഡിസി 135 രൂപയാണ് ക്വോട്ട് ചെയ്തത്. അതിനാല്‍ കേരള സര്‍ക്കാരിന് യോഗ്യത നേടാനായില്ല. ബിഡ്ഡിംഗ് പ്രോസസ് വളരെ സുതാര്യമായാണ് നടന്നത്. എന്നാല്‍ സുതാര്യതയില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിലെ തന്നെ സുപ്രധാന വിമാനത്താവളങ്ങളുടെയെല്ലാം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കാണ്. ഇന്ത്യയിലെയും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടും ടെന്‍ഡര്‍ നടപടികളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടുമാണ് പാര്‍ലമെന്റംഗമായ ശശി തരൂര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ തള്ളിക്കൊണ്ട് കേന്ദ്ര തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറയത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായി വികസനത്തെ കാണുന്ന ആരും അംഗീകരിക്കുന്ന വസ്തുത മാത്രമാണത്. ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ. മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ സംരംഭകരും കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്നു.
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് സഹായകമാകുന്നതായാലും കേന്ദ്രത്തിന്റെ പദ്ധതികളെ അന്ധമായി എതിര്‍ക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് നിലപാടുകള്‍ തരംതാണ രാഷ്ട്രീയം മാത്രമാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഈ എതിര്‍പ്പ് അവര്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പതനത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഒരു പിടിവള്ളികൂടിയാണ്. കരിമ്പട്ടികയില്‍ പെട്ട കമ്പനികളെ പോലും പല പദ്ധതികളുടെയും കണ്‍സള്‍ട്ടന്‍സി ചുമതലയേല്പ്പിച്ചവരാണ് തലസ്ഥാനത്തെ വിമാനത്താവള വികസനത്തിന് ഒരു സ്വകാര്യ കമ്പനി കടന്നുവരുന്നതിനെ എതിര്‍ക്കുന്നത് എന്നത് രാഷ്ട്രീയ പാപ്പരത്തമായി മാത്രമേ കാണാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: