കൊച്ചി: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഗൂഗിള്‍. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ജാഗ്രതാ അറിയിപ്പുകള്‍ നല്‍കുന്നത്. ബാധിത പ്രദേശത്ത് ലൊക്കേഷന്‍ സേവനങ്ങള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ഈ അലര്‍ട്ടുകള്‍ ലഭിക്കും.
ഈ അലര്‍ട്ടുകള്‍ സമയബന്ധിതവും അപ്‌ഡേറ്റുചെയ്തതും നിര്‍ണ്ണായകവുമായ വിവരങ്ങള്‍ നല്‍കുന്നതാണ്. അത് ഉപയോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷാ മുന്‍കരുതലുകളെടുക്കാന്‍ സഹായിക്കുന്നു. ഉപകരണ ഭാഷയും ഉപയോക്താക്കളുടെ ലൊക്കേഷനും അനുസരിച്ച് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്. പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ചോദ്യങ്ങളിലൂടെയും വിവരങ്ങള്‍ തേടാം.

നിലവില്‍ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടെങ്കില്‍ അടുത്ത ദിവസം ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളുടെ വിഷ്വല്‍ അവലോകനങ്ങളും ലഭ്യമാകും. വെള്ളപ്പൊക്ക പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഒരു കളര്‍-കോഡഡ് മാപ്പും കാണാന്‍ കഴിയും. ഈ മാപ്പില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്‌സില്‍ കൂടുതല്‍ വിശദമായ കാഴ്ച ലഭിക്കും. ജലനിരപ്പിനെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ സൂം ഇന്‍ ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയില്‍ എവിടെയിരുന്നും ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. ബാധിത പ്രദേശങ്ങളിലെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവരങ്ങള്‍ തത്സമയം അറിയാന്‍ ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: