കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒത്തുകളിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരാത്തതിനാല്‍ ഒന്‍പത് മാസത്തിലേറെയായി കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.
ഏത് കേസായാലും അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ സിബിഐ അഭിപ്രായം പറയുന്നതോ നടപടി സ്വീകരിക്കുന്നതോ കേസില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കും. പരാതിക്കാരാണ് കോടതിയെ സമീപിക്കേണ്ടത്. നിയമപ്രകാരം സിബിഐക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.
അജിത് ശാസ്തമംഗലം
സിബിഐ അഭിഭാഷകന്‍
കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതില്‍ നവംബര്‍ 16ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് സിബിഐക്ക് അന്വേഷണം തുടരാനാകാതെ വന്നത്.
വാദം പൂര്‍ത്തിയാക്കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുന്നതാണ് ഉചിതമെന്നും അതിലധികം നീണ്ടു പോകുന്നത് ആശാസ്യമല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇത് ഹൈക്കോടതികള്‍ മാനിക്കാറുണ്ട്.
വിധി വൈകിയാല്‍ ചീഫ് ജസ്റ്റിസിന്റെയോ ബന്ധപ്പെട്ട ജഡ്ജിമാരുടെയോ മുന്നില്‍ ഇക്കാര്യം അഭിഭാഷകര്‍ക്ക് മെന്‍ഷന്‍ ചെയ്യാം. ഇത് അനൗദ്യോഗിക നടപടിയാണ്. അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.
കേസ് അനിശ്ചിതത്വത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോഴത്തെ അനിശ്ചിതത്വം അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നേതൃത്വത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും ഒത്തുകളിയാണെന്നുമുള്ള ആരോപണം ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ മുഖംരക്ഷിക്കാനുള്ള നടപടിയെക്കുറിച്ചുള്ള ആലോചനയിലാണ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ശര്തലാല്‍, കൃപേഷ് എന്നിവരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: