ന്യൂദല്‍ഹി: കൊറോണയില്‍ ദുരിതമനുഭവിക്കുന്ന ഇഎസ്‌ഐസി അംഗങ്ങളായ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴിലില്ലായ്‌മ വേതനം നല്‍കുന്നു. അടല്‍ ബീമിത്ത് വ്യക്തി കല്യാണ്‍ യോജന പദ്ധതിയില്‍ ഭേദഗതി വരുത്തിയാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. 6000 കോടി രൂപയാണ് ഇത്തരത്തില്‍ ചെലവഴിക്കുക. തൊഴിലില്ലായ്‌മ അലവന്‍സ് നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഇഎസ്‌ഐസി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
2020 മാര്‍ച്ച് 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നത്. വേതനം ലഭിക്കുന്നവര്‍ 2020 മാര്‍ച്ച് 31ന് മുമ്പ് രണ്ട് വര്‍ഷം ഇഎസ്‌ഐസിയില്‍ അംഗമായിട്ടുള്ളവരാകണം. ഇതിന് അവസാനത്തെ കോണ്‍ട്രിബ്യൂഷന്‍ പീരിയഡില്‍ 78 ദിവസവും മറ്റ് ഏതെങ്കിലും കോണ്‍ട്രിബ്യൂഷന്‍ പീരിയഡില്‍ 78 ദിവസവും ഉണ്ടായിരിക്കണം. പദ്ധതിയിലൂടെ 90 ദിവസത്തിന്റെ വേതനത്തിന്റെ 50 ശതമാനമായിരിക്കും തൊഴിലാളികള്‍ക്ക് ലഭിക്കുക.
















