അശ്വിന് സാംഗി
ഇന്ത്യന്‍ സാഹചര്യത്തില്‍, മതേതരത്വം അര്‍ത്ഥമാക്കുന്നത്, എല്ലാ മതങ്ങളില്‍ നിന്നും ഒരുപോലെ അകലം പാലിക്കുക എന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ അകലം പാലിക്കല്‍ ഒരിയ്ക്കലും സംഭവിച്ചില്ല.
2020 ആഗസ്റ്റ് 5, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമിപൂജാ ദിവസം എന്ന നിലയ്ക്കാണ്. ഈ സംഭവത്തിന്റെ പേരില്‍ പലരും ശരിക്കും വേദനിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഇത് ഇന്ത്യയിലെ മതേതരത്വത്തിന്റെ മരണമാണ് എന്നു പോലും ചിലരൊക്കെ വിലപിച്ചു.
ഞാന്‍ സ്വയം എന്നെപ്പറ്റി കരുതുന്നത് ഒരു മതേതരനാണ് എന്നാണ്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് എനിക്കും അങ്ങനെ കാണാന്‍ കഴിയുന്നില്ല ?
എന്താണ് ‘മതേതരത്വം’
കര്‍ക്കശമായി പറഞ്ഞാല്‍, മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത് മതത്തിന്റെയും ഭരണകൂടത്തിന്റെയും പൂര്‍ണ്ണമായ വേര്‍പിരിയല്‍ ആണ്.
ഒരു മതേതര രാജ്യത്ത്, മതപരമായ എല്ലാറ്റില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണം. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന സ്വീകരിക്കപ്പെടുന്ന സമയത്ത് അതിന്റെ ആമുഖത്തില്‍ മതേതരത്വം എന്ന വാക്ക് ഉണ്ടായിരുന്നില്ല എന്ന വസ്തുത ഒരല്‍പ്പം വിചിത്രമായി തോന്നുന്നില്ലേ ?
എന്തുകൊണ്ടായിരിക്കാം ഇത്രയും പ്രധാനപ്പെട്ട ഒരു വാക്ക് വിട്ടുകളഞ്ഞത് ? അത് ബോധപൂര്‍വ്വം തന്നെ ചെയ്തതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്ന കാര്യം ഭരണഘടനയുടെ ആമുഖം തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട രണ്ടു പേര്, ബി ആര് അംബേദ്ക്കറും, ജവഹര്‍ലാല്‍ നെഹ്രുവും, തങ്ങളുടെ മതേതര യോഗ്യതാപത്രങ്ങള്‍ കൊണ്ട് ആര്‍ക്കും ചോദ്യം ചെയ്യപ്പെടാനാവാത്തവരാണ് എന്നതാണ്.
മതേതരം എന്നതിന്റെ ശരിയായ അര്‍ത്ഥത്തില്‍, ഇന്ത്യന്‍ ഭരണകൂടം സമ്പൂര്‍ണ്ണമായും മതത്തിന്റെ പരിധിയില്‍ നിന്നും വിട്ടു നില്ക്കേണ്ടതാണ്. എന്നാല്‍ നമുക്കെല്ലാം അറിയുന്നതു പോലെ അത് പൂര്‍ണ്ണമായും അസാദ്ധ്യവുമാണ്.
ഭരണഘടനയില്‍ മതേതരം
സ്വയം മതേതരം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ കോടതികള്‍ക്ക് എങ്ങനെയാണ് ശരിയത്ത് അടിസ്ഥാനമാക്കിയുള്ള മുസ്ലീം വ്യക്തി നിയമത്തെ അംഗീകരിക്കാന്‍ കഴിയുന്നത് ? മതേതരം ആണെങ്കില്‍ എങ്ങനെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഏറ്റെടുക്കാന്‍ കഴിയുന്നത് ? മതസംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കാന്‍ ഒരു മതേതര സര്‍ക്കാരിന് എങ്ങനെയാണ് കഴിയുക ? ഹിന്ദു വ്യക്തിനിയമം നിര്‍മ്മിക്കാനും പരിഷ്ക്കരിക്കാനും ഒരു മതേതര സര്‍ക്കാരിന് എങ്ങനെ കഴിയും ? മതേതരര്‍ ആണെങ്കില്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ സംവരണത്തെ ന്യൂനപക്ഷ മതങ്ങള്‍ക്കു കൂടി കൊടുക്കണമെന്ന് പറയാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ കഴിയും ?
ഇവയും ഇതുപോലുള്ള മറ്റു പല കാര്യങ്ങളും ഒരു മതേതര രാജ്യത്തിന്റെ നിര്‍വ്വചന പരിധിക്ക് പുറത്തുള്ളവയാണ്. ഭരണഘടനയുടെ ആമുഖം എഴുതിയവര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് സത്യസന്ധതയില്ലാതെ ആ വാക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത്, അത് പറയാതിരിക്കുകയാണ് എന്നവര്‍ തീരുമാനിച്ചു.
എന്നാല്‍ 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയ്ക്കു മുമ്പ് അടിയന്തിരാവസ്ഥ നിലവില്‍ വന്നു. അടുത്ത രണ്ടു വര്‍ഷക്കാലത്തേക്ക് പ്രധാനമന്ത്രിക്ക് തന്റെ ഉത്തരവുകളിലൂടെ നാട് ഭരിക്കാന്‍ കഴിഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ മിക്ക രാഷ്ട്രീയ എതിരാളികളും തുറുങ്കില്‍ അടയ്ക്കപ്പെട്ടു.
ഈ കാലഘട്ടത്തിലാണ് ഭരണഘടനാ ഭേദഗതികളുടെ ഒരു നിര തന്നെ പാസ്സാക്കപ്പെട്ടത്. ഇവയില്‍ പലതും വളരെയധികം വിവാദാത്മകമായിരുന്നു. വെറും ഓര്‍ഡിനന്‍സുകളിലൂടെ ആയിരുന്നു അവ പാസ്സാക്കിയത് എന്നതു കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിക്ക് അവ കൊടുത്ത അമിതാധികാരം കൊണ്ടു കൂടിയായിരുന്നു. ആ വലിയ മാറ്റങ്ങളുടെ ഇടയില്‍ കൂടി ഭരണഘടനയുടെ ആമുഖത്തില്‍ തിരുകി കയറ്റിയ രണ്ടു വാക്കുകളാണ് മതേതരം, സോഷ്യലിസം എന്നിവ.
ഭരണഘടനയില്‍ മതേതരം എന്ന വാക്ക് ഉള്‍ക്കൊള്ളിച്ചതിന്റെ അര്‍ത്ഥം, 1976 നു മുമ്പ് ഇന്ത്യ മതേതരം ആയിരുന്നില്ല എന്നാണോ ? ആ വാക്ക് ഇല്ലാതിരുന്നതു കൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയോ ? ഒരിയ്ക്കലുമില്ല.
മതേതരത്വം എന്ന വാക്ക് ആമുഖത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍, ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഹിന്ദുക്കളെ ഒരു ചുമതല ഏല്‍പ്പിക്കുകയായിരുന്നു. വസുധൈവ കുടുംബകം എന്ന ഉപനിഷദ് തത്വത്തില്‍ ഊന്നി ജീവിക്കണം എന്ന ചുമതല. ഈ ലോകം ഒരു കുടുംബമാണ് എന്നതാണത്. അതിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ അടിസ്ഥാനപരമായി ഹിന്ദുവാണ് എന്നും എല്ലാ വിശ്വാസങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ആ മൂല്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നും വളരെ സൂക്ഷ്മമായി പറയുകയാണ് ഭരണഘടനാ ഉപജ്ഞാതാക്കള്‍ ചെയ്തത്.
മതത്തില്‍ നിന്ന് അകന്നു നില്ക്കുക സാദ്ധ്യമല്ല
അതുകൊണ്ട് മതേതരത്വം എന്നതിന് ഭരണകൂടം മതത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു നില്ക്കുക എന്ന അര്‍ത്ഥം ഇന്ത്യന്‍ സാഹചര്യത്തില്‍ സാദ്ധ്യമല്ല. അതിനു പകരം, എല്ലാമതങ്ങളില്‍ നിന്നും തുല്യ അകലം സൂക്ഷിക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ തുല്യ അകലം എന്നത് ഒരിയ്ക്കലും സംഭവിച്ചില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒരു കാര്യത്തെ മതേതരമായി കാണുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്ന നിലയിലാണ് കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ മതേതരത്വം.
ഉദാഹരണത്തിന് സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിന്റെ കാര്യത്തിലോ, ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ കാര്യത്തിലോ ദൈനം ദിന നിയന്ത്രണം ഒട്ടും തന്നെ സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങളുടെ മേല്‍ വളരെ വേഗം തന്നെ നിയന്ത്രണം എടുക്കുകയായിരുന്നു.
നാല് ഹിന്ദു നിയമങ്ങള്‍ പാസ്സാക്കാന്‍ നെഹ്രു തീരുമാനിച്ചു. എന്നാല്‍ ഒരു ഏകീകൃത സിവില്‍ നിയമം എന്ന ലക്ഷ്യം ഉപേക്ഷിച്ചു.
രാഷ്ട്രീയത്തില്‍ പോലും, ജമാ മസ്ജിദിലെ ഇമാമിനോട് മുസ്ലീം വോട്ടുകള്‍ തേടുന്നത് വളരെ സമര്‍ത്ഥമായ രാഷ്ട്രീയ നീക്കമായി ഗണിക്കപ്പെട്ടു. എന്നാല്‍ ഹിന്ദു സന്യാസിമാരോട് അതേ കാര്യം ചെയ്യുന്നത് വര്‍ഗ്ഗീയത ആയും ചിത്രീകരിച്ചു.
ഉപേക്ഷിക്കപ്പെട്ട കശ്മീര്‍ അഭയാര്‍ഥികള്‍
ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നത് നന്മയായി കണക്കാക്കുമ്പോള്‍, ഉപേക്ഷിക്കപ്പെട്ട കശ്മീര്‍ അഭയാര്‍ഥികളെ കുറിച്ച് പറയുന്നതിനെ അങ്ങനെ കാണുന്നില്ല.
ഇതിനെ മതേതരത്വമായി ഇപ്പോള്‍ അധികം പേരും കാണുന്നില്ല. മറിച്ച് ഇത് അവസരവാദമാണ്. ഇത്തരം രീതിയെ ഹിന്ദു സംഘടനകള്‍ വ്യാജമതേതരത്വം എന്നു വിളിക്കാന്‍ തുടങ്ങുകയും വേഗം തന്നെ അത് ഭൂരിപക്ഷവും ഏറ്റെടുക്കുകയും ചെയ്തു.
ഇത്രയും വര്‍ഷത്തെ ഈ പക്ഷപാതിത്വം എന്താണ് നേടിത്തന്നത് ? ആകെക്കൂടി ഉണ്ടായ നേട്ടം ഭൂരിപക്ഷത്തില്‍ നിന്ന് ശക്തമായ ഒരു തിരിച്ചടി ഉണ്ടാക്കുക എന്നതായിരുന്നു. ഞാനുള്‍പ്പെടെയുള്ള ഹിന്ദുക്കള്‍ക്ക് ഉണ്ടായ തോന്നല്‍, നിരന്തരമായി മതേതരത്വ നിലപാട് തെളിയിക്കേണ്ടതിന്റെയും, മതേതരമല്ലാത്തത് എന്ന് വീക്ഷിക്കപ്പെടാവുന്ന പ്രവൃത്തികളുടെ പേരില്‍ നിരന്തരം ക്ഷമാപണം നടത്തേണ്ടതിന്റെയും ഭാരം സ്ഥിരമായി നമ്മുടെ ഓരോരുത്തരുടെയും തലയില്‍ ഉണ്ട് എന്നതാണ്.
സാമൂഹ്യ സ്മൃതി (Collective Memory) എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
ഒരു സാമൂഹ്യവിഭാഗത്തിന്റെ കൂട്ടായ പൊതു ഓര്‍മ്മകളേയും, അറിവിനേയുമാണ് സാമൂഹ്യ സ്മൃതി എന്ന് പറയുന്നത്. അത്തരം ഓര്‍മ്മയുടെ ശേഖരം ആ വിഭാഗത്തിന്റെ വ്യക്തിത്വത്തോട് വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉദാഹരണത്തിന്, ജൂതന്മാരുടെ ഇന്നത്തെ തലമുറ ഹോളോകാസ്റ്റിലൂടെ കടന്നു പോയിട്ടുണ്ടാവില്ല. എന്നാല്‍ അവര്‍ അതിന്റെ സാമൂഹ്യ സ്മൃതി പേറുന്നു. ശരിക്കും ജറുസലേമില്‍ നിന്നുള്ള തങ്ങളുടെ ആട്ടിപ്പായിക്കലും, ബാബിലോണില്‍ തടങ്കലില്‍ ആക്കപ്പെട്ടതും എല്ലാം നടന്നത് 2600 വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കില്‍ പോലും അവര്‍ അതെല്ലാം സാമൂഹ്യ സ്മൃതിയായി കൊണ്ടു നടക്കുന്നുണ്ട്. ഇതേ സാമൂഹ്യ സ്മൃതി ഹിന്ദുക്കള്‍ക്കും ഉണ്ട്. വര്‍ഷങ്ങളോളം നടന്ന ക്രിസ്ത്യന്‍ മുസ്ലീം അതിക്രമങ്ങളുടെയും ഇരകളാക്കപ്പെട്ടതിന്റെയും സമാഹരിക്കപ്പെട്ട ഓര്‍മ്മ ഹിന്ദുക്കളും പേറുന്നുണ്ട്.
രക്തരൂക്ഷിതമായ ഇസ്ലാമിക അധിനിവേശം
ആ ആക്രമങ്ങളാവട്ടെ വളരെയുണ്ടായിരുന്നു താനും. ഉദാഹരണത്തിന് സോമനാഥ ക്ഷേത്രത്തിന്റെ കാര്യം എടുക്കാം.
സിന്ധിലെ അറബി ഗവര്‍ണര്‍ ആയിരുന്ന അല്‍-ജുനൈദ് പൊതുവര്‍ഷം 725 ല്‍ ഈ ക്ഷേത്രം ആദ്യമായി തകര്‍ത്തു. വീണ്ടും പുനര്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഗസ്നിയിലെ മുഹമ്മദിന്റെ ആക്രമണത്തില്‍ 1025 ല്‍ വീണ്ടും തകര്‍ക്കപ്പെട്ടു. വീണ്ടും ഉയര്‍ന്ന ക്ഷേത്രത്തെ 1299 ല്‍ അലാവുദ്ദീന്‍ ഖില്‍ജി തകര്‍ത്തു. പിന്നീട് പടുത്തുയര്‍ത്തപ്പെട്ട ക്ഷേത്രത്തിന് ഗുജറാത്തിലെ മുസ്ലീം ഗവര്‍ണര്‍ സഫര്‍ ഖാന്റെ കൈകളാല്‍ 1395 ല്‍ തകര്ക്കപ്പെടാനായിരുന്നു വിധി. 1451 ല്‍ ഗുജറാത്തിലെ സുല്‍ത്താനായിരുന്ന മഹ്മൂദ് ബെഗാദ വീണ്ടും ഈ ക്ഷേത്രത്തെ ധ്വംസിച്ചു.
ഏറ്റവും ഒടുവില്‍ ഔറംഗസേബ് 1665 ല്‍ ഈ ക്ഷേത്രത്തെ പൂര്‍ണ്ണമായും നിലം പരിശാക്കി.
ഇന്നത്തെ ഒരൊറ്റ ഹിന്ദുവും ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മളെല്ലാം ഈ ആക്രമണങ്ങളുടെ സാമൂഹ്യ സ്മൃതി പേറുന്നവരാണ്.
വേറൊരു ഉദാഹരണം എടുക്കാം. ഏറ്റവും പവിത്രമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം.
ആദ്യത്തെ യഥാര്‍ത്ഥ ക്ഷേത്രം മുഹമ്മദ് ഘോറിയുടെ സൈന്യം 1194 ല്‍ നശിപ്പിച്ചു. പുനര്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ സിക്കന്തര്‍ ലോധിയുടെ ഭരണകാലത്ത് വീണ്ടും തകര്‍ക്കപ്പെട്ടു. ഒടുവില്‍ ഔറംഗസേബിന്റെ ആക്രമണത്തില്‍ ക്ഷേത്രം നിലം പരിശാക്കി അതിന്റെ അസ്ഥിവാരത്തില്‍ ഗ്യാന്‍വാപി മസ്ജിദ് പണിതുയര്‍ത്തി.
അതുപോലെ, മഥുരയിലെ പുരാതനമായ കേശവനാഥ ക്ഷേത്രം തകര്‍ത്ത് ഔറംഗസേബ് തല്‍സ്ഥാനത്ത് ഷാഹി ഈദ്ഗാഹ് പണിഞ്ഞു.
ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ മൂന്നു മഹാക്ഷേത്രങ്ങള്‍ – അയോദ്ധ്യ, കാശി, മഥുര – തകര്‍ത്ത് തല്‍സ്ഥാനത്ത് മസ്ജിദുകള്‍ പണിഞ്ഞു.
ഈ നശീകരണത്തിന്റെ തോത് അറിയാന്‍ നിങ്ങള്‍ സോമനാഥിലേക്കോ, അയോദ്ധ്യയിലേക്കോ, കാശിയിലേക്കോ, മഥുരയിലേക്കോ ഒന്നും പോകണമെന്നില്ല. ഡല്‍ഹിയിലാണെങ്കില്‍ കുത്തബ് മീനാറിന് അടുത്തുള്ള ക്വാത്ത്-ഉല്-ഇസ്ലാം മോസ്ക്കിലേക്ക് പോവുക. ആ മോസ്ക്കിനു പുറത്ത് ഒരു ശിലാഫലകമുണ്ട്. ഈ മോസ്ക്ക് നിര്‍മ്മിച്ചത് 27 ഹിന്ദു ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് എന്ന് ഈ ഫലകം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
ഇരകളാക്കപ്പെട്ടതിന്റെ ഈ സാമൂഹ്യ ഓര്‍മ്മ, ക്ഷേത്രധ്വംസനവുമായി മാത്രം ബന്ധപ്പെട്ട് നില്ക്കുന്നതല്ല. മറ്റെല്ലാ സംഭവങ്ങളും അതില്‍ വരും. അമേരിക്കന്‍ ചരിത്രകാരനായ വില്‍ ഡ്യൂറണ്ട് പറയുന്നു ‘ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ അദ്ധ്യായമാണ് ഇന്ത്യയിലെ ഇസ്ലാമിക അധിനിവേശം’. ഒരു ലക്ഷം കാഫിറുകളുടെ തല എന്നൊക്കെ സൈനികര്‍ക്ക് ലക്ഷ്യം നിശ്ചയിച്ചു കൊടുത്ത ബാഹ്മനി സുല്ത്താന്മാരെ പറ്റി പറയുന്നു പതിനാറാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ചരിത്രകാരനായ ഫെരിസ്ത.
അടിമത്തത്തേക്കാള്‍ അഭികാമ്യം
പലപ്പോഴും മരണമായിരുന്നു അടിമത്തത്തേക്കാള്‍, പ്രത്യേകിച്ചും ലൈംഗിക അടിമത്തത്തേക്കാള്‍, ഇരകള്‍ക്ക് അഭികാമ്യം. അഹമ്മദ് ഷാ അബ്ദാലിയുടെ സൈന്യം മാറാത്താ സ്ത്രീകളെ അഫ്ഗാന് അന്തപ്പുരങ്ങളിലേക്ക് പിടിച്ചു കൊണ്ട് പോയിരുന്നു. അമുസ്ലീം സ്ത്രീകള്‍ കീഴടക്കപ്പെട്ട് ഗര്‍ഭിണികളാക്കപ്പെട്ടു കഴിയുമ്പോള്‍ അവര്‍ക്ക് ഇസ്ലാമിലേക്ക് മതം മാറുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും അവശേഷിച്ചിരുന്നില്ല.
മുസ്ലീം സൈന്യങ്ങള്‍ രജപുത്ര കോട്ടകള്‍ വളയുമ്പോള്‍, ഉള്ളിലെ ഹിന്ദു സ്ത്രീകള്‍ സ്വയം രക്ഷിക്കുന്നതിനായി ജൗഹര്‍ – തീയിലേക്ക് സ്വയം ചാടുക – അനുഷ്ഠിക്കുമായിരുന്നു. അവരുടെ പുരുഷന്മാര് പടക്കളത്തിലും മരിച്ചു വീഴുമായിരുന്നു.
തകര്‍ക്കലോ, മരണമോ. അപമാനമോ ഇല്ലെങ്കില്‍ പിന്നെ മത നികുതികള്‍ ആയിരുന്നു അടുത്ത നരകം. പ്രത്യേകിച്ചും ധിമ്മികള്‍ (അമുസ്ലീങ്ങള്‍) കൊടുക്കേണ്ട ജസിയ എന്ന നികുതി.
നികുതി കൊടുക്കാത്തവരെ നിയമപരമായി അടിമകള്‍ ആക്കാനും അവരെ അടിമപ്പണിക്ക് ധാരാളം ആവശ്യക്കാരുള്ള നഗരങ്ങളില്‍ വില്‍ക്കാനും അനുവദിച്ചു കൊണ്ട് അലാവുദ്ദീന്‍ ഖില്‍ജി ഉത്തരവിട്ടിരുന്നു. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്ത് ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കളെ ജസിയയില് നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഹിന്ദുവായി തുടരാന്‍ തീരുമാനിക്കുന്നവര്‍ കൂടിയ നിരക്കില്‍ ജസിയ കൊടുക്കേണ്ടിയിരുന്നു.
അക്ബര്‍ ജസിയ നിര്‍ത്തലാക്കി. എന്നാല്‍ ഔറംഗസേബ് അത് തിരികെ കൊണ്ടു വരിക മാത്രമല്ല, മുസ്ലീങ്ങള്‍ കൊടുക്കുന്ന സക്കാത്തിന്റെ ഇരട്ടി നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു നികുതി എന്നതിനുപരി അമുസ്ലീങ്ങളുടെ നേരെ അവരുടെ വിശ്വാസത്തിന്റെ പേരിലുള്ള വ്യവസ്ഥാപിതമായ അപമാനം കൂടിയായിരുന്നു ജസിയ.
ഈ ക്രൂരതകളെല്ലാം അടിച്ചേല്പ്പിച്ചതാവട്ടെ മറ്റുള്ളവര്‍ക്ക് അഭയം കൊടുത്തതിന്റെ പേരില്‍ അഭിമാനിച്ചിരുന്ന ഒരു ജനതയുടെ മേലായിരുന്നു !
ഇറാനിലെ മുസ്ലീം പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയെത്തിയ സോരാഷ്ട്രിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം കൊടുത്തത് ഗുജറാത്തിലെ ഹിന്ദു രാജാവായ ജാദി റാണാ ആയിരുന്നു.
ക്രിസ്ത്യാനികള്‍ക്ക് പാര്‍ക്കാന്‍ ഇടം കൊടുത്തത് കേരളത്തിലായിരുന്നു.
ആദ്യകാലത്തെ ജൂത അഭയാര്‍ഥികള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നെത്തിയത് മലബാര്‍ തീരത്തായിരുന്നു. ഐബെരിയയില് നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ 1492 ല്‍ വീണ്ടും അഭയാര്‍ഥി പ്രവാഹമുണ്ടായി.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മി ബുദ്ധസന്യാസിമാരെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ദലായ് ലാമയോടൊപ്പം ആയിരക്കണക്കിന് ബുദ്ധന്മാര്ക്ക് ഇന്ത്യ അഭയം നല്കി. 1971 ലെ വംശഹത്യയുടെ കാലത്ത് ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെയാണ് രാജ്യം സ്വീകരിച്ചത്. അതുപോലെ ബാഗ്ദാദില്‍ നിന്നുള്ള ജൂതന്മാര്ക്കും പാകിസ്ഥാനില്‍ നിന്നുള്ള ബേനേ ഇസ്രായേലികള്‍ക്കും ഇന്ത്യ അഭയം നല്കി.
അഭയമേകുക എന്നത് ഇന്ത്യയുടെ ധര്‍മ്മിക മൂല്യങ്ങളില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വികാരമാണ്. എന്നാല്‍ അത് എത്രകാലം ഹിന്ദുക്കള്‍ ലോകത്തെ ഓര്‍മ്മപ്പെടുത്തണം ?
ദൈവങ്ങളുടെ നിരയില്‍ യേശു ക്രിസ്തു
നരേന്ദ്ര മോദിയിലൂടെയും ബി ജെ പി യിലൂടെയും ചിലര്‍ ഹിന്ദു പുനരുജ്ജീവനവാദം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് തെറ്റാണ്. അബ്രഹാമിക വിശ്വാസങ്ങള്‍ക്കും ധാര്‍മ്മിക ചിന്താ പദ്ധതികള്‍ക്കും ഇടയിലുള്ള അടിസ്ഥാനപരമായ സംഘട്ടനം നമ്മള് മനസ്സിലാക്കണം.
ധാര്‍മ്മിക ചിന്തകള്‍ അടിസ്ഥാനപരമായി ബഹുസ്വരതയുടേതാണ്. അത് സത്യത്തിന്റെ വിവിധ വശങ്ങളെ അംഗീകരിക്കുന്നു. 33 കോടി ദേവതമാര്‍ക്കും ഒരു കുടുംബത്തിന്റെ ഭാഗമാവാം. ഒരു ക്ഷേത്രത്തിലെ ദൈവങ്ങളുടെ നിരയില്‍ ഒരു യേശു ക്രിസ്തുവിനെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയും. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കരുതാന്‍ ഒരു പ്രയാസവുമില്ല.
നിങ്ങള്‍ക്ക് ഒരു ആസ്തികനോ നാസ്തികനോ ആവാം. ശൈവനോ വൈഷ്ണവനോ, സസ്യഭുക്കോ മാംസ ഭുക്കോ, അഗ്നിയാരാധകനോ, വിഗ്രഹാരാധകനോ പ്രകൃത്യാരാധകനോ ആവാം. നിങ്ങള്‍ക്ക് ശിവനെയോ, ശക്തിയേയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആരാധിക്കാം. ജ്ഞാനത്തിലേക്കുള്ള വഴിയായി നിങ്ങള്‍ക്ക് യന്ത്രത്തേയോ, തന്ത്രത്തേയോ, മന്ത്രത്തേയോ കണക്കാക്കാം. ഇതൊന്നുമല്ല വഴി എന്നും വിശ്വസിക്കാം. നിങ്ങള്‍ക്ക് ഒരു ശിവലിംഗത്തെ വെറും കല്ലെന്ന് കരുതാം, അതേസമയം ഞാന്‍ ഏത് കല്ലിനേയും ശിവ ലിംഗമായി കാണുന്നവനുമാകാം. അപ്പോഴും നമ്മള് രണ്ടുപേരും ഇവിടെ സ്വാഗതാര്ഹര് ആണ്.
നമുക്ക് രാമായണമെന്ന ഒരേ ഇതിഹാസത്തിന്റെ മുന്നൂറ് വകഭേദങ്ങള്‍ ഉണ്ടായിരിക്കേ തന്നെ, ഒന്നു മറ്റൊന്നിനെ നിഷേധിക്കുന്നില്ല. എല്ലാ മതങ്ങളേയും സത്യത്തിലേക്കുള്ള പാതകളായിട്ടാണ് വീക്ഷിക്കുന്നത്.
ഏകസത്യത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം
ദൗര്‍ഭാഗ്യവശാല്‍ അബ്രഹാമിക വിശ്വാസങ്ങള്‍ ഒരു ബഹുസ്വര ലോകത്ത് ഒരു ഏകസത്യത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ ഒരേയൊരു സത്യ ദൈവമേ ഉള്ളൂ. നിങ്ങള്‍ തിന്മയുള്ള ഒരുവനാണെങ്കില്‍, ആ ദൈവം നിങ്ങളെ ശിക്ഷിയ്ക്കും. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കുകയും ആജ്ഞകള്‍ സൂക്ഷ്മമായി പിന്തുടരുകയും ചെയ്താല്‍, ശിക്ഷയില്‍ നിന്നും നരകത്തീയില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടും. ഇത്തരം കേവലവാദവും മതവ്യാപനത്വരയും അധിനിവേശ മനോഭാവവും കൂടിച്ചേരുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കുള്ള എല്ലാ ചേരുവകളും തികയുന്നു.
ജൂതമതം പ്രായേണ മതവ്യാപന ത്വര കുറവുള്ള ഒന്നാണ്. എന്നാല്‍ ക്രിസ്തുമതവും ഇസ്ലാമും അങ്ങനെയല്ല. ഈ രണ്ടു അബ്രഹാമിക വിശ്വാസങ്ങളും ലോകത്തിനുമേലും സ്വയം തങ്ങള്‍ക്കുമേലും വന്‍ നാശമാണ് വിതച്ചത്. അറേബ്യന്‍ അധിനിവേശത്തിലൂടെ, ക്രിസ്ത്യന്‍ കുരിശു യുദ്ധങ്ങളിലൂടെ, കത്തോലിക് ഇന്ക്വിസിഷനുകളിലൂടെ, പ്രൊട്ടെസ്റ്റന്റ് – കത്തോലിക്കാ സംഘട്ടനങ്ങളിലൂടെ, ഷിയാ – സുന്നി പോരാട്ടങ്ങളിലൂടെ എല്ലാം അതാണ് ലോകം കണ്ടത്.
ഇന്ത്യയില്‍ ഇതിന്റെ ഫലം ഭയങ്കരമായിരുന്നു. ഗസ്നി, ഐബക്ക്, തൈമൂര്‍, ലോധി, ഔറംഗസേബ്, ടിപ്പു തുടങ്ങിയവര്‍ ഹിന്ദു ധര്‍മ്മത്തിനും ഹിന്ദു ജനതയ്ക്കും മേല്‍ നടത്തിയ അതിക്രമങ്ങള്‍ സാമൂഹ്യ സ്മൃതിയില്‍ നിന്നും മറഞ്ഞു പോകാന്‍ കഴിയാത്ത വണ്ണം നീചമായിരുന്നു.
ഇനി ഇതെല്ലാം ചെയ്തത് ഇസ്ലാം മാത്രമോ ? ക്രിസ്തുമതം ഹിന്ദുക്കളോട് സഹിഷ്ണുത പുലര്‍ത്തിയവരാണോ ? പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഗോവയിലേക്ക് ഇന്ക്വിസിഷന് ഇറക്കുമതി ചെയ്തു. പരസ്യമായി ഹിന്ദുമതം ആചരിക്കുന്നത് മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിത്തീര്‍ന്നു. ഇന്ക്വിസിഷനന്റെ ഭാഗമായി ആയിരക്കണക്കിനു പേര് വിചാരണ ചെയ്യപ്പെട്ടു. അനേകം പേര് ജീവനോടെ ചുട്ടുകരിക്കപ്പെട്ടു.
നിഷ്ഠൂരവും നിര്‍ദ്ദയവും ആയ മതപീഡനം
ഗോവന്‍ ഇന്ക്വിസിഷന് ആണ് ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും നിഷ്ഠൂരവും നിര്‍ദ്ദയവും ആയ മതപീഡനം ആയി ചില ചരിത്രകാരന്മാര് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പീഡനത്തിന്റെയും മരണത്തിന്റെയും വലിയൊരു യന്ത്രസംവിധാനം പോലെയായിരുന്നു അത്. 1559 ലെ ഒരുത്തരവ് പ്രകാരം മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ പോലും ഹിന്ദു കുട്ടികളെ പിടിച്ചെടുക്കാനും ക്രിസ്ത്യാനികളാക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
ഒരു ഹിന്ദു കുട്ടിയെ പിടിച്ചെടുക്കുമ്പോള്‍ സ്വഭാവികമായും പൈതൃക സ്വത്തും അതോടൊപ്പം പിടിച്ചെടുക്കപ്പെടും. പോര്‍ച്ചുഗീസ് ഗോവയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തച്ചു തകര്‍ക്കപ്പെട്ടു. അവ പിന്നീട് റിപ്പയര്‍ ചെയ്യാനോ, പുതിയവ നിര്‍മ്മിക്കാനോ സമുദായത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഗോവയില്‍ ജീവിക്കുന്ന ഏതൊരു പുരുഷനും സ്ത്രീയും കുട്ടിയും പോലും ഒരു പ്രാര്‍ഥന ഉച്ചരിക്കുകയോ ഒരു ചെറിയ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്താല്‍, അറസ്റ്റ് ചെയ്യപ്പെടാനും പീഡിപ്പിക്കപ്പെടാനും മതിയായ കാരണമായിരുന്നു. നിരവധി പേര് പ്രത്യേക ഇന്ക്വിസിഷന് ജയിലുകളില്‍ അനേക വര്‍ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.
ഞാന്‍ തുടങ്ങിയത് ഞാനൊരു മതേതരന്‍ ആണ് എന്നു പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ഞാനൊരു ലിബറല്‍ ആണെന്ന് പറഞ്ഞുകൊണ്ട് എനിക്കത് ഒഴിവാക്കാമായിരുന്നു. ആ വാക്ക് ഇപ്പോള്‍ രാഷ്ട്രീയമായി വളരെ അര്‍ത്ഥം ഉള്ക്കൊണ്ടിട്ടുള്ളതാണെങ്കിലും.
ലിബറല്‍ എന്ന വാക്ക് ലിബെറാലിസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്. അതിന്റെ അര്‍ത്ഥം സ്വതന്ത്രം എന്നാണ്. വ്യക്തിയുടെ അവകാശങ്ങള്‍, ജനാധിപത്യം, സ്വതന്ത്ര വിപണി, അഭിപ്രായ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, ലിംഗ സമത്വം, എല്‍ജിബിടിക്യൂ അവകാശങ്ങള്‍, വംശീയ സമത്വം, മതേതരത്വം എന്നിവയോടെല്ലാം ഐക്യദാര്‍ഡ്യം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. നിങ്ങള്‍ ഒരു ലിബറല്‍ ആണെങ്കില്‍, അതിന്റെ നിര്‍വ്വചനം അനുസരിച്ചു തന്നെ നിങ്ങള്‍ മതേതരനും ആണ്. എന്നാല്‍ ഞാന്‍ ഒരു ഹിന്ദുവും ആണ്. അതില്‍ അഭിമാനം ഉള്ളയാളുമാണ്. അതിന്റെ പേരില്‍ ക്ഷമ യാചിക്കാനൊന്നും ഞാന്‍ തയ്യാറല്ല.
സംസ്കാരങ്ങള്‍ക്ക് എന്തു സംഭവിച്ചു
വെങ്കലയുഗത്തിനു മുമ്പു മുതലേ ഉണ്ടായിരുന്ന, ഇക്കാലം വരെ അതിജീവിച്ച ചുരുക്കം സംസ്കാരങ്ങളില്‍ ഒന്നാണ് ഹിന്ദു. ഇറാനില്‍ ഇന്ന് സൊരാഷ്ട്രിയന്‍ സംസ്കാരം നിങ്ങള്‍ കാണുന്നുണ്ടോ ? റോമിലെ മിത്രയിക സംസ്കാരത്തിന് എന്തു സംഭവിച്ചു ? ഈജിപ്തുകാരുടെ രാ, ഒസിരിസ്, ഹൊറസ് എന്നിവയ്ക്കെല്ലാം എന്തു സംഭവിച്ചു ? ഗ്രീക്കുകാരുടെ സീയൂസ്, അപ്പോളോ, അഥേന എന്നിവര്‍ക്ക് എന്താണ് സംഭവിച്ചത് ? ആസ്ട്രേലിയയിലെ ആദിവാസികളുടെ വിശ്വാസ സംഹിതകള്‍ക്കും, ഭാഷയ്ക്കും സംസ്കാരത്തിനുമെല്ലാം എന്തു സംഭവിച്ചു ?
ലോകത്തിലെ ഒട്ടുമിക്ക പുറജാതി സംസ്കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അബ്രഹാമിക വിശ്വാസത്തിന്റെ ആക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ഹിന്ദുമതം അതിജീവിച്ചു. അതുകൊണ്ടാണ് ഞാന്‍ അതില്‍ അഭിമാനിക്കുന്നതും അതിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നതും.
ഇന്നലെകളില്‍ നടന്ന സംഭവങ്ങള്‍ക്ക് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഇന്നത്തെ മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും ഉത്തരവാദികളായി കാണാന്‍ കഴിയുകയില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും ബഹുഭൂരിപക്ഷവും പല തലമുറകള്‍ക്കു മുമ്പ് വാള് മുനയില്‍ നിര്‍ത്തി മതം മാറ്റപ്പെട്ട മനുഷ്യരുടെ പിന്മുറക്കാര് ആണ്. അവരോട് ഇപ്പോള്‍ വിരോധം കാണിക്കുന്നത് എത്രമാത്രം വിഡ്ഡിത്തമാണ്.
സമുദായങ്ങള്ക്കിടയ്ക്കുള്ള സമാധാനവും സഹവര്‍ത്തിത്വവും ആണ് ദൈവത്തില്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കേണ്ടത്. സത്യവും അനുരഞ്ജനവും രണ്ടും അത്യന്താപേക്ഷിതമാണ്. എന്നാല്‍ സത്യം അനുരഞ്ജനത്തേക്കാള്‍ മുമ്പേ വരണം. നമ്മുടെ ഭൂതകാലത്തെ അംഗീകരിക്കുന്നതിലൂടെ മാത്രമേ സത്യത്തിന് തുടക്കമാവൂ. ദൗര്‍ഭാഗ്യവശാല്‍ അത് ഭാരതത്തില്‍ സംഭവിക്കാന്‍ നമ്മള് അനുവദിച്ചിട്ടില്ല.
ലോകമെമ്പാടും വലിച്ചു താഴെയിടപ്പെടുന്ന പ്രതിമകളുടെ നിര നോക്കൂ. ഏകപക്ഷീയമായ ചരിത്ര നിര്‍മ്മിതിയോടുള്ള പ്രതികരണങ്ങളാണ് ഇവയൊക്കെ. ഏതൊരു കൂട്ടത്തിനും തങ്ങളുടെ കഴിഞ്ഞ കാല പാപങ്ങളെ മായ്ച്ചുകൊണ്ടോ ചെയ്തികളെ മഹത്വവല്‍ക്കരിച്ചു കൊണ്ടോ ചരിത്രത്തില്‍ തിരിമറി നടത്താം. ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താനെന്ന പേരില്‍ നമ്മള് നമ്മുടെ ചരിത്രത്തെ വെള്ളപൂശുകയാണ് ഉണ്ടായത്. നമ്മള് മുറിവുകളെ പൊറുപ്പിച്ചില്ലെങ്കില് അവ പഴുക്കും. ഹൈന്ദവ പുനരുജ്ജീവനവാദം ഒരു പഴുക്കുന്ന മുറിവാണ്. അത് ആക്രമണോല്സുകതയേക്കാള് ഭയപ്പാടിന്റെ ലക്ഷണമാണ്. നമ്മള് എത്രയും വേഗം ആ പഴുത്ത മുറിവിനെ ചികില്‍സിക്കേണ്ടതുണ്ട്.
എന്താണ് ഈ ഭയത്തിന്റെ കാരണം ? ഞാന്‍ അതില്‍ ചില കാര്യങ്ങള്‍ ഇതിനകം സൂചിപ്പിച്ചു കഴിഞ്ഞു. ആദ്യമായി തന്നെ ഒരു സമൂഹമെന്ന നിലക്ക് ഒരുമിച്ച് ഇരകളാക്കപ്പെട്ടതിന്റെ സമാഹരിക്കപ്പെട്ട സാമൂഹ്യ സ്മൃതി നിലനില്ക്കുന്നു. മറ്റൊന്ന് വികലമായ മതേതരത്വത്തിന് കീഴില്‍ അനുഭവിക്കേണ്ടി വരുന്ന അനീതിയെ കുറിച്ചുള്ള ബോധം. പിന്നൊന്നുള്ളത് അബ്രഹാമിക അധിനിവേശത്തെ അതിജീവിക്കാന്‍ മറുജാതി സംസ്കാരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ ചരിത്രത്തിലെ തെളിവുകള്‍.
അതുപോലെ ജനപെരുപ്പവും മതപ്രചരണവും ഹിന്ദു സംസ്കാരത്തിന്റെ അവശേഷിക്കുന്ന ഈ തുരുത്തില് ജനസംഖ്യാനുപാതം തകിടം മറിക്കും എന്ന ആശങ്കയും ഉണ്ട്. ഹിന്ദുക്കള്‍ അസ്വസ്ഥരാകുന്നതിന്റെ മറ്റൊരു കാരണം, വഹാബി പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നതും ഒപ്പം സാധാരണ മുസ്ലീങ്ങള്‍ക്ക് അതിനെ ചോദ്യം ചെയ്യാന്‍ കഴിയാതിരിക്കുന്നതുമാണ്. കാരണം അവരോട് പറഞ്ഞിരിക്കുന്നത് അത് ദൈവത്തിന്റെ കേവലമായ വാക്കുകളാണ് എന്നാണ്.
ഏഷ്യയിലെ ജനസംഖ്യാശാസ്ത്രം
തെക്കന്‍ ഏഷ്യയിലെ ജനസംഖ്യാശാസ്ത്രം നോക്കുന്ന ഒരു ഹിന്ദുവിന് മനസ്സിലാകുന്നത് എന്താണ് ?
1947 ല്‍ പാകിസ്ഥാന് രൂപീകരിച്ചപ്പോള്‍ 15 ശതമാനം ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 1998 ആയപ്പോള്‍ വെറും 1.6 ശതമാനം മാത്രമായി മാറി. 1971 ലെ ബംഗ്ലാദേശില്‍ 29.4 ശതമാനമായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 9.5 ശതമാനത്തിലും താഴെയാണ്. മറുവശത്ത് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ നോക്കുക. 1951 ല്‍ 9.9 ശതമാനമായിരുന്നത് 2011 ല്‍ 14.2 ശതമാനമായി വളരുകയാണ് ഉണ്ടായത്. അതുകൊണ്ട് ഇടത് ചിന്തകര്‍ ഇന്ത്യയുടെ ഉള്‍ക്കൊള്ളലിനെ ചോദ്യം ചെയ്യുമ്പോള്‍ ശരാശരി ഹിന്ദുവിന് അത് മുറിവില്‍ മുളകു തേയ്ക്കുന്ന അനുഭവമാണ് ഉണ്ടാക്കുക.
ഇതിനോടകം ലോകത്തിന്റെ പല പ്രദേശങ്ങളേയും പിടിയില്‍ അമര്‍ത്തിക്കഴിഞ്ഞ വഹാബി പ്രവണതകളുടെ നേര്‍ക്കുള്ള ഹിന്ദുക്കളുടെ ഭയം കൂടിയാണ് ഈ പ്രതികരണം.
2013 ല്‍ പ്യൂ റിസര്‍ച്ച് എന്ന സ്ഥാപനം ഒരു പ്രോജക്റ്റ് നടത്തുകയുണ്ടായി. അതിനായി 39 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലായി എണ്‍പത്തിലധികം ഭാഷകളില്‍ 38000 മുസ്ലീങ്ങളോട് നേരിട്ട് മുഖാമുഖം സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. അതില്‍ നിന്നു കിട്ടിയത് ഞെട്ടിപ്പിക്കുന്ന കുറെ കണ്ടെത്തലുകളാണ്.
അഫ്ഗാനിസ്ഥാന്, ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏതാണ്ട് 79 ശതമാനം മുസ്ലീങ്ങളും പറഞ്ഞത് തങ്ങളുടെ മതം ഉപേക്ഷിച്ചു പോകുന്ന മുസ്ലീങ്ങള്‍ കൊല്ലപ്പെടേണ്ടവരാണ് എന്നാണ്.
വിവാഹപൂര്‍വ്വ, വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ സദാചാര കൊല ചെയ്യുന്നതില്‍ യാതൊരു തെറ്റും ഇല്ല എന്നാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള 39 ശതമാനത്തോളം മുസ്ലീങ്ങള്‍ അഭിപ്രായപ്പെട്ടത്.
ഭയത്തില്‍ നിന്നുള്ള ഹിന്ദുക്കളുടെ പ്രതികരണം
ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍, ശരിയത്ത് അഥവാ ഇസ്ളാമിക നിയമം ആയിരിക്കണം തങ്ങളുടെ രാജ്യങ്ങളില്‍ നടപ്പാക്കേണ്ടത് എന്ന് 53 ശതമാനം പേര് അഭിപ്രായപ്പെട്ടു എന്നതാണ്. ചരിത്രത്തിലെ ക്രൂരതയുടെ ഭാണ്ഡങ്ങള്‍ ചുമക്കുന്ന ഒരു ഹിന്ദുവിന്റെ മനസ്സില്‍ ഇത്തരം കണ്ടെത്തലുകള്‍ ഉണര്‍ത്തുന്ന ഭയം എത്രയായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുമോ ?
അവിടെയും നിന്നില്ല. 2006-2007 ലെ പ്യൂ വോട്ടെടുപ്പില്‍ വ്യക്തമായത്, ഏകദേശം 42 ശതമാനം ഫ്രഞ്ച് മുസ്ലീങ്ങളും, 35 ശതമാനം ബ്രിട്ടീഷ് മുസ്ലീങ്ങളും, 26 ശതമാനം അമേരിക്കന്‍ മുസ്ലീം ചെറുപ്പക്കാരും കരുതുന്നത് അമുസ്ലീങ്ങള്‍ക്കെതിരെയുള്ള ആത്മഹത്യാ ബോംബാക്രമണങ്ങള്‍ ന്യായീകരിക്കത്തക്കതാണ് എന്നാണ്.
2015 ലെ കണക്കനുസരിച്ച് ലോകത്ത് 180 കോടി മുസ്ലീങ്ങള്‍ ഉണ്ട്. അതായത് ലോക ജനസംഖ്യയുടെ 24 ശതമാനം. ഇസ്ലാം ക്രിസ്തുമതത്തിനു പിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ മതമാണെങ്കിലും, 2060 ഓടുകൂടി അതിന്റെ അംഗസംഖ്യ 70 ശതമാനം വളര്‍ന്നിട്ടുണ്ടാവും. അതേ സമയം ക്രിസ്തുമതം 34 ശതമാനവും ഹിന്ദുമതം 27 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തും. ജൂതന്മാരെ പോലെ ഹിന്ദുക്കളും മതവ്യാപന കാര്യത്തിന് പ്രാധാന്യം കല്പ്പിക്കാറില്ല. അപ്പോള്‍ തങ്ങള്‍ സമീപഭാവിയില്‍ തുടച്ചുനീക്കപ്പെടുമോ എന്ന ഭയത്തില്‍ നിന്നുള്ള ഹിന്ദുക്കളുടെ പ്രതികരണം വളരെ സ്വഭാവികം മാത്രമാണ്.
ബാബ്റി മസ്ജിദ് 1992 ല്‍ ഒരു കൂട്ടം ഹിന്ദുക്കളാല്‍ തകര്‍ക്കപ്പെട്ടു എന്ന കാര്യത്തില്‍ ഞാന്‍ ഒട്ടും അഭിമാനിക്കുന്ന ആളല്ല. എന്നാല്‍ അയോദ്ധ്യാ വിധിക്കുവേണ്ടി 130 കോടി ഇന്ത്യാക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസം അര്‍പ്പിച്ചു എന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു കാര്യം ഒരിയ്ക്കലും വിസ്മരിക്കാന്‍ പാടില്ല. ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത് ഒരു കോടതിവിധിയെ പിന്തുടര്ന്നാണ്. അല്ലാതെ ഒരു ഏകാധിപത്യ സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല. ഈ കോടതി വിധി കളങ്കപ്പെട്ടതാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍, ഇതിനു മുമ്പുണ്ടായിട്ടുള്ള നിങ്ങളുടെ സംവേദനക്ഷമതയോട് അനുകൂലമായി വന്ന ആയിരക്കണക്കിന് വിധികളേയും ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകണം. നിങ്ങള്‍ക്ക് വിവേചനം കാണിക്കാന്‍ പറ്റില്ല.
ഇംഗ്ലണ്ടിലെ രാജ്ഞി, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതാവ് എന്ന നിലയ്ക്ക് ബ്രിട്ടന്റെ മതേതരത്വത്തില്‍ ഇടപെടാറുണ്ടോ ? എല്ലാ വര്‍ഷവും ദേശീയ പ്രാര്‍ഥനാ പ്രാതല്‍ സംഘടിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് മതേതര തത്വങ്ങളില്‍ ഇടപെടാറുണ്ടോ ? അയോദ്ധ്യയിലെ ഒരു രാമക്ഷേത്രം ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കും എന്ന് വിശ്വസിക്കുന്നവര്‍ മനസ്സിലാക്കേണ്ട വസ്തുത, പ്രാഥമികമായും ഹിന്ദു മൂല്യങ്ങള്‍ കൊണ്ടാണ് ഇന്ത്യ മതേതരമായി നിലനില്‍ക്കുന്നത് എന്നാണ്.
ഹൈന്ദവതയുടെ സമന്വയം നിലനിര്‍ത്തുക
ഏതാണ്ടെല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ക്രമേണ ഇസ്ളാമികവല്‍ക്കരണം കടന്നു വരുന്നു. ലോകത്തുള്ള 49 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ നോക്കൂ. മതേതരത്വം സംരക്ഷിക്കാനുള്ള ഒരേയൊരു വഴി ഹൈന്ദവതയുടെ സമന്വയം നിലനിര്‍ത്തുക എന്നതു മാത്രമാണെന്ന് ബോദ്ധ്യപ്പെടും.
ഇന്ത്യയിലെ ഗംഗാ – യമുനാ സംസ്കാരത്തില്‍ നമ്മള് അഭിമാനം ഉള്ളവരാണ്. ഓരോ ഭീംസെന്‍ ജോഷിക്കും ഒരു സക്കീര്‍ ഹുസൈന് ഉണ്ട്. ഓരോ വിക്രം സാരാഭായിക്കും ഒരു അബ്ദുള്‍ കലാം.
ഓരോ രവീന്ദ്രനാഥ ടാഗോറിനും ഒരു സല്മാന് റുഷ്ദി. എന്നാല്‍ നിങ്ങള്‍ സ്വയം ചോദിക്കൂ. എന്തുകൊണ്ട് ഈ ഗംഗാ-യമുനാ സമന്വയം പാകിസ്ഥാനില്‍ വേരു പിടിക്കുന്നില്ല ? അതിനുത്തരം അടിത്തട്ടില്‍ ഒഴുകുന്ന ഹൈന്ദവതയുടെ ആത്മാവാണ്. അത് വെറുതേയങ്ങ് തള്ളിക്കളയാവതല്ല.
ഈയിടെയായി, ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അവിടത്തെ ആദിവാസികളോട് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ അവരോട് മാപ്പു പറഞ്ഞു. ഏഷ്യയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ജപ്പാന്‍കാര്‍ മാപ്പു പറഞ്ഞു. ഹോളോകോസ്റ്റിന്റെ പേരില്‍ ജര്‍മ്മന്‍കാര്‍ ജൂതന്മാരോട് ക്ഷമാപണം നടത്തി. ബോള്‍ഷവിക് വിപ്ലവത്തിന്റെ പേരില്‍ ബോറിസ് യെല്സിന് പോലും ക്ഷമ ചോദിച്ചു. എന്നാല്‍ ആരില്‍ നിന്നാണ് ഹിന്ദുക്കള്‍ ക്ഷമാപണം ആവശ്യപ്പെടേണ്ടത് ? നമുക്ക് മുഹമ്മദ് ബിന്‍ കാസിമിനെ തന്ന അറബികളോടോ ? അതോ മഹ്മൂദ് ഗസ്നിയെ തന്ന അഫ്ഗാനികളോടോ ? ഖുത്തബ് ദിന് ഐബക്കിനെ തന്ന തുര്ക്കികളോടോ ? അതോ ഔറംഗസേബിനെ തന്ന തുര്‍ക് -മംഗോള്‍ വംശത്തോടോ ? അലീക്സോ ദിയസ് ഫല്കാവോവിനെ തന്ന പോര്ച്ചുഗീസുകാരോടോ ? അതോ റെജിനാള്‍ഡ് ഡയറെ തന്ന ഇംഗ്ലണ്ടിനോടോ ?
ഹിന്ദുക്കള്‍ ആരില്‍ നിന്നും മാപ്പപേക്ഷ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അതേസമയം എന്റെ തലമുറ ഹിന്ദുവാണെന്നതിന്റെ പേരില്‍ ആരോടും ക്ഷമാപണം നടത്താനും തയ്യാറല്ല. അതുപോലെ സ്വയം മതേതരരാണ് എന്ന് നിരന്തരം തെളിയിക്കേണ്ടി വരുന്ന ഒരേയൊരു വിഭാഗമായിരിക്കാനും നമുക്ക് താല്‍പ്പര്യമില്ല. ഈ അഗ്നി പരീക്ഷ അവസാനിച്ചേ തീരൂ.
നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണം എന്നുണ്ടോ? എങ്കില്‍ ഹിന്ദു മൂല്യങ്ങളെ ആദ്യം സംരക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: