വെഞ്ഞാറമൂട്: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വഴിയാധാരമായ ഒരു കൂട്ടരാണ് വഴിയോരക്കച്ചവടക്കാര്‍. വഴിയോര കച്ചവടത്തിന് ഇപ്പോഴും അനുമതിയില്ല. അനുമതി കിട്ടിയാലും കണ്ടെയിന്‍മെന്റ് സോണ്‍, ലോക്ഡൗണ്‍, സാമൂഹിക അകലം ഈ വെല്ലുവിളികള്‍ക്കിടയില്‍ എങ്ങനെ കച്ചവടം നടത്തും എന്ന് വ്യാകുലപ്പെടുകയാണ് കച്ചവടക്കാര്‍. വര്‍ഷങ്ങളായി വഴിയോര കച്ചവടം കൊണ്ടുമാത്രം ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാന നഗരിയില്‍ ഉണ്ട്.
ചിങ്ങം പിറക്കുമ്പോഴേ വഴിയോരവിപണി സജീവമാകുന്നതാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയും വീട്ടുപകരണങ്ങള്‍ തൊട്ട് ഇലക്ട്രോണിക് സാധനങ്ങള്‍ വരെയും നമ്മള്‍ക്ക് ഇത്തരം വഴിയോര വിപണികളില്‍ കാണാം. നഗരത്തിലെ വലിയ വ്യാപാരശാലകളിലെ സുഖശീതളിമയും വര്‍ണപ്പകിട്ടും ഇല്ലെങ്കിലും എരിപൊരി വെയിലില്‍ നിന്ന് പരസ്പരം ഉച്ചത്തില്‍ വിലപേശി കൊണ്ടുള്ള കച്ചവടം ഓണത്തിന്റെ ഒരു ഓളം നഗരത്തിലും ഗ്രാമത്തിലും ഉണ്ടാക്കിയിരുന്നു. ദിവസ കൂലിക്കാരന്റെയും അര്‍ധപട്ടിണി ക്കാരന്റെയും ഓണം കൂടാനുള്ള വിപണി ആയിരുന്നു ഈ വഴിയോരക്കച്ചവടം. ഇക്കുറി കൊറോണ കനിയണം ഇവരെയും ഇവരെ ആശ്രയിച്ചു ഓണം കൂടുന്നവരെയും.
കഴിഞ്ഞ പ്രളയം വന്നപ്പോഴും ഇവര്‍ക്കിത്രയും ദുരിതം ഉണ്ടായിട്ടില്ല. ഇവരുടെ ദുരിതം മനസിലാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും അത് ഭൂരിഭാഗം പേരിലും എത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ പ്രളയം വന്ന് ഉടുതുണി വരെ നഷ്ടമായവരെ വഴിയോര കച്ചവടക്കാര്‍ കയ്യുംമെയ്യും മറന്ന് സഹായിച്ചിരുന്നു. എറണാകുളത്തു വഴിയോര കച്ചവടം നടത്തിയിരുന്ന നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങള്‍ മൊത്തവും വാരിക്കൊടുക്കുന്ന കാഴ്ച ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. അദ്ദേഹത്തെ പോലെ അന്ന് സഹായം എത്തിച്ച നിരവധി വഴിയോര കച്ചവടക്കാര്‍ ഇന്ന് കാത്തിരിക്കുകയാണ്. ഓണത്തിന് രണ്ട് ദിവസം മുന്നേയെങ്കിലും കച്ചവടം നടത്താന്‍ അനുമതി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: