ബോവിക്കാനം: കോടികള്‍ ചെലവഴിച്ച് ആറുവര്‍ഷമായി പണിപൂര്‍ത്തിയായിട്ടും കൂറ്റന്‍ ജലസംഭരണികള്‍ നോക്കുകുത്തിയായി തുടരുന്നു. മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള കുടിവെള്ള പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥയില്‍ നീളുന്നത്. കടുത്ത വേനലില്‍ കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ പഞ്ചായത്തുകള്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് ലോറികളില്‍ വെള്ളമെത്തിക്കുന്നത്. നബാര്‍ഡില്‍ നിന്നുള്ള 23 കോടി രൂപയുടെ സഹായത്തോടെയാണ് സംഭരണിയും പൈപ്പുകളും സ്ഥാപിച്ചത്. ബോവിക്കാനത്തെ സംഭരണിക്ക് 24 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയിലും ചെങ്കളയില്‍ ചെര്‍ക്കള ബസ്സ്റ്റാന്‍ഡിന് സമീപം രണ്ട് സംഭരണികളും മധൂരില്‍ പാറക്കട്ടയിലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബെദിരഡുക്ക എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി സംഭരണികള്‍ പണിതിട്ടുണ്ട്.
5.25 ലക്ഷം ലിറ്ററാണിവയുടെ സംഭരണശേഷി. ആറുവര്‍ഷം മുന്‍പ് സംഭരണികളുടെ പണിപൂര്‍ത്തീകരിച്ചിരുന്നു. ബോവിക്കാനത്തെ വലിയ സംഭരണിയില്‍ നിന്ന് മറ്റിടങ്ങളിലെ സംഭരണിയിലേക്ക് പൈപ്പുകളും ഇട്ടിരുന്നു. ബാവിക്കര കുന്നില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ശുദ്ധീകരണ പ്ലാന്റില്‍ നിന്നാണ് സംഭരണിയിലേക്ക് വെള്ളമെത്തേണ്ടത്. കിഫ്ബി പദ്ധതിയില്‍ 25 കോടിരൂപ ചെലവിലാണ് ശുദ്ധീകരണ പ്ലാന്റ് പണിയുന്നത്.
പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നതിനായി ബാവിക്കരയിലെ നിലവിലുള്ള പദ്ധതി പ്രദേശത്തിന് സമീപം പയസ്വിനി പുഴയില്‍ വലിയ കിണര്‍ കുഴിച്ചിട്ടുണ്ട്. വിദ്യാനഗര്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനില്‍ നിന്ന് ശുദ്ധീകരണ പ്ലാന്റിലേക്ക് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതിമുടക്കം കൂടാതെയെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 3.81 കോടി രൂപ ചെലവിലാണ് കേബിളിടുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടപ്പാണ്. ടാങ്കുകളില്‍ നിന്ന് വീടുകളിലേക്ക് പുതിയ പൈപ്പുകള്‍ ഇടുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇതുമായി ബന്ധപ്പെട്ട് രൂപരേഖപോലും ഇനിയും തയ്യാറാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: