തൃശൂര്‍: കോറോണ വ്യാപനത്തെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് കൗണ്‍സിലര്‍മാര്‍ അറിയുന്നില്ല. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായ വിവരം കൗണ്‍സിലര്‍മാര്‍ അറിയുന്നത് പിറ്റേ ദിവസം മാധ്യമങ്ങളിലൂടെയാണ്. തങ്ങളെ ഔദ്യോഗികമായി ഇക്കാര്യം ബന്ധപ്പെട്ടവര്‍ അറിയിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
മേയറോടും കോര്പ്പറേഷന് സെക്രട്ടറിയോടും ഇതുസംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ ഇവരും വ്യക്തമായ മറുപടി നല്‍കുന്നില്ല. പ്രഖ്യാപനമെല്ലാം കളക്ട്രേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് ഒഴിയുകയാണ് ഇരുവരുമെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെടുന്നു. തങ്ങളുടെ പ്രദേശം കണ്ടൈന്‍മെന്റ് സോണായ വിവരം രാവിലെ മാത്രമാണ് ഡിവിഷനുകളിലുള്ള ജനങ്ങളും അറിയുന്നത്. ഇക്കാരണത്താല്‍ സാധാരക്കാരായവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെയുള്ള യാതൊരു ഒരുക്കവും നടത്താന്‍ കഴിയുന്നില്ല. അടിയന്തര സഹായങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ വിളിക്കുന്നത് അതതു ഡിവിഷിഷന്‍ കൗണ്‍സിലര്‍മാരെയാണ്.
മുന്‍കൂട്ടി അറിയിപ്പില്ലാതെ പോലീസെത്തി റോഡുകള്‍ അടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണ്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ റോഡ് അടച്ചിട്ടതിനെ തുടര്‍ന്ന് പെരുവഴിയില്‍ കുടുങ്ങുകയാണ്. ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നു പോകാനാവാത്ത വിധമാണ് ഇടവഴികളടക്കം പോലീസ് അടച്ചുകെട്ടുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കിയതിനു ശേഷമേ റോഡുകള്‍ അടയ്ക്കൂവെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും ഇതു നടപ്പാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രിയില്‍ പ്രഖ്യാപനം ഉണ്ടായ ഉടനെ പോലീസെത്തി റോഡുകള്‍ അടച്ചു പോയതിനാല്‍ കഴിഞ്ഞ ദിവസം ചെമ്പൂക്കാവ്-മൈലിപ്പാടം ഭാഗത്തുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയെന്നും ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു. ബാരിക്കേഡും കയറുകളും ഉപയോഗിച്ച് റോഡുകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിനാല്‍ അവശ്യ സര്വീസില്പ്പെട്ടവര്ക്കു പോലും ജോലിക്ക് പോകാനാവാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇനിയെങ്കിലും കോര്പ്പറേഷന് പരിധിയില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തലേദിവസം തന്നെ അതതു ഡിവിഷന് കൗണ്‍സിലര്‍മാരെ അറിയിക്കണമെന്ന് കെ.മഹേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: