തിരുവനന്തപുരം: 2.74 കോടി രൂപയുടെ വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയും സിപിഎം സൈബര്‍ പോരാളിയും അഡീഷണല്‍ സബ് ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റുമായിരുന്ന എം.ആര്‍. ബിജുലാലിന് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതി കൃത്യം ചെയ്തതായി വിശ്വസിക്കാവുന്ന ന്യായമായ കാരണങ്ങള്‍ കേസ് റെക്കോര്‍ഡ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നതായും ജാമ്യം നിരസിച്ച ഉത്തരവില്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തതായി പ്രതിക്കെതിരെ ആരോപണമുള്ള സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യത്തിനര്‍ഹതയില്ല.
സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കും. ജാമ്യത്തില്‍ സ്വതന്ത്രനാക്കി വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതി ഒളിവില്‍ പോകുവാനും സാധ്യതയുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: