തൃശ്ശൂര്‍:മോട്ടോര്‍ വാഹന വകുപ്പിലെ പരിഷ്ക്കരണത്തിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് എന്നിവ അടക്കം മോട്ടോര്‍ വാഹന വകുപ്പിലെ എല്ലാ നടത്തിപ്പ് കാര്യങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ രഹസ്യ നീക്കം നടക്കുന്നതായി ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്. പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന പൊതുമേഖല സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കിയാണിത്.
ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും പോളികാര്‍ബോണേറ്റ് കാര്‍ഡുകളിലേക്ക് മാറ്റുവാന്‍ ഏറ്റവും യോഗ്യവും വിശ്വസിനീയവുമായ സ്ഥാപനമാണ് സിഡിറ്റ്. പത്ത് വര്‍ഷമായി മോട്ടോര്‍ വാഹന വകുപ്പില്‍ എല്ലാം ചെയ്യുന്നതും ഇവര്‍ തന്നെയാണ്. ടെണ്ടര്‍ വിളിച്ചപ്പോഴും ടോട്ടല്‍ പ്രൊവൈഡര്‍മാരുടെ ലിസ്റ്റില്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ റിവ്യൂവിന് ശേഷം തിരഞ്ഞെടുത്തിരുന്നത് സിഡിറ്റിനേയും കെല്‍ട്രോണിനേയും ആയിരുന്നു. കൂടുതല്‍ സുരക്ഷിതവും ശേഷിയും പരിചയവും സിഡിറ്റിന് തന്നെയായിരിക്കുമ്പോഴാണ് ടെണ്ടറില്‍ പങ്കെടുക്കാത്ത ഊരാളുങ്കല്‍ സൊസൈറ്റിയെ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. ഗോപാലകൃഷ്ണന് ആരോപിച്ചു.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ജൂണ്‍ ഒന്നാം തീയതിയിലെ ഊരാളുങ്കല്‍ സൊസൈറ്റി മോട്ടോര്‍ വാഹന വകുപ്പിന് അയച്ച ഇ മെയില്‍ സന്ദേശവും അതിനെ റഫര്‍ ചെയ്തു കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കേരളത്തിലെ നാല് സോണുകളിലേക്ക് അയച്ച സര്‍ക്കുലറും. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളും ഇതൊടെ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ പോകുകയാണ്. പ്രതിവര്‍ഷം പത്ത് കോടി പ്രതിഫലം നല്കുന്ന ഈ പരിഷ്കരണത്തിന് എന്തിന് പൊതുമേഖല സ്ഥാപനമുള്ളപ്പോള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കണം ? . അദ്ദേഹം ചോദിച്ചു.
സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം സ്വകാര്യ കമ്പനിയില്‍ നിന്ന് ഡാറ്റ സിഡിറ്റിലേക്ക് മാറ്റാനായിരുന്നു.ഇത് മറികടന്ന് ഈ കാര്യത്തില്‍ സിഡിറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം കൂടിയാണ്. കച്ചവടമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പകല്‍ പോലെ തെളിയുന്നതാണ് സമീപകാല സംഭവങ്ങള്‍. സിഡിറ്റിനെ മാറ്റുന്നതിലൂടെ നിലവില്‍ ജോലി ചെയ്യുന്ന മൂന്നൂറോളം കുടുംബങ്ങള്‍ അനാഥമാകുമ്പോള്‍ പിന്‍വാതില്‍ നിയമനം സുഗമമാക്കാനും ശ്രമം നടക്കുന്നു.
ഇത് നീതികേടും നിയമവിരുദ്ധവും അഴിമതിയുമാണ്. ഡാറ്റ കൈമാറാന്‍ സാദ്ധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി തന്നെ അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇത് നടത്തുന്നു എന്ന ചോദ്യത്തിന് എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലൂടെ നടപ്പാക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ ദുര്‍ഗന്ധം ഇപ്പോഴും തളം കെട്ടി നില്ക്കുന്നു , മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്നത് വ്യക്തമാണ്. ഗോപാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: