പൂക്കോട്ടുംപാടം: പ്രസവിക്കാന്‍ ഇടം തേടി നടന്ന കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ആറുപേര്‍ വനപാലകരുടെ പിടിയില്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണത്തോടും പ്രതികള്‍ ക്രൂരത കാണിച്ചെന്നു അന്വേഷണത്തില്‍ കണ്ടെത്തി.
നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ ചക്കക്കുഴി സ്റ്റേഷന് പരിധിയിലെ പുഞ്ചവനത്തില് കഴിഞ്ഞ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുഞ്ച നറുക്കില്‍ സുരേഷ് ബാബുവിനെ ആണ് ആദ്യം കാളികാവ് റേഞ്ച് ഓഫിസര്‍ പി.സുരേഷ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂട്ടുപ്രതികളായ പുല്ലാര നാണിപ്പ എന്ന അബു, പാറത്തൊടിക ബുസ്താന്‍, തലക്കോട്ടുപുറം അന്സിഫ്, ചെമ്മല ആഷിഖ്, പിലക്കല്‍ സുഹൈല്‍ എന്നിവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. രഹസ്യവിവരത്തെ തുടര്‍ന്ന് 10ന് രാത്രി നാണിപ്പയുടെ വീട്ടില്‍ നിന്ന് വനപാലകര്‍ 25 കിലോ മാംസം കണ്ടെടുത്തിരുന്നു.
പുഞ്ച സ്വകാര്യ എസ്റ്റേറ്റിന് മീതെ പൂപ്പാതിരിപ്പാറക്ക് സമീപമാണ് വേട്ട നടന്നത്. നാണിപ്പയാണ് വെടിവച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണമടക്കം വെട്ടിമുറിച്ച് മാംസം പങ്കുവച്ചു. അവശിഷ്ടങ്ങള്‍ കാട്ടില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചു. അവയില്‍ ചിലത് പ്രതികള്‍ കാണിച്ചു കൊടുത്തത് പ്രകാരം വനത്തില്‍ നിന്ന് കണ്ടെടുത്തു.
വെറ്ററിനറി സര്ജന് ഡോ.കെ.എന്‍.നൗഷാദലി അവശിഷ്ടങള്‍ പരിശോധിച്ചു. തോക്ക് നാണിപ്പയുടേത് ആണ്. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.സക്കീര്‍ ഹുസൈന്, എസ്എഫ്ഒമാരായ എന്‍.വിനോദ് കൃഷ്ണന്, എസ്.അമീന് ഹസന്, ബീറ്റ് ഫോസ്റ്റ് ഓഫീസര്‍മാരായ എസ്. എസ്. സജു, കെ.പി.അജിത്ത്, എ.എല്‍. അഭിലാഷ്, എം മണികണ്ഠന്, കെ.പി.ദിനേഷ്, എം.എം.അയ്യൂബ്, എസ്.സുനില്‍ കുമാര്‍, എ.കെ.സനൂപ്, ടി.എസ്.ജോളി, വാച്ചര്‍മാരായ എം.സി.അജയന്, പി.ഗിരീശന്, കെ. യൂനുസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: