തിരുവനന്തപുരം : പിഎസ്സി ഒഎംആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് രഹസ്യ രേഖകള്‍ നഷ്ടപ്പെട്ട വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി പിആര്‍ഡി. രേഖകള്‍ നഷ്ടപ്പെട്ടെന്ന സര്‍ക്കാരിനെതിരായ വാര്‍ത്ത ഒരു മാധ്യമം പുറത്തവിട്ടിരുന്നു. ഇതോടെ പബ്ലിക് റിലേഷന്‍സ് വിഭാഗം ആവാര്‍ത്ത വ്യാജമാണെന്ന് മുദ്രകുത്തി സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു.
അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസില്‍ നിന്ന് പിഎസ്സി ഒഎംആര്‍ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇത് പുറത്തുവന്നതോടെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗം വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് മുദ്രകുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ലേഖകന്‍ പിആര്‍ഡിയില്‍ നേരിട്ടെത്തി ഇതുസംബന്ധിച്ചു അന്വേഷിച്ചു. എന്നാല്‍ അച്ചടിവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണെന്നാണ് പിആര്‍ഡി നല്കിയ വിശദീകരണം. ഇതോടെ സംഭവം വിവാദമാവുകയും പിആര്ഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്ബുക്ക് പോസ്റ്റ് പിആര്‍ഡി പിന്‍വലിക്കുകയായിരുന്നു.
പിഎസ്സി പരീക്ഷയ്ക്കായി രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഇത് ചോദ്യം ചെയ്യപ്പെടുമെന്ന കാരണത്താലാണ് പിആര്‍ഡി വാര്‍ത്ത മുക്കാന്‍ ശ്രമം നടത്തിയത്. സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാല്‍ ജനങ്ങള്‍ക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വര്‍ണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
എന്നാല്‍ സര്‍ക്കാരിനെതിരെ എന്ത് ആരോപണം വന്നാലും അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വ്യാജവാര്‍ത്തയാണെന്ന് മുദ്രകുത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരിനെയും കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സന്ദേശങ്ങളോ മറ്റോ ലഭിച്ചാല്‍ തന്നെ പിആര്‍ഡിയില്‍ നിന്നും പ്രതികരണവും ഉണ്ടാകുന്നില്ല.
അതേസമയം പിഎസ്സിയുടെ ഒഎംആര്‍ ഷിറ്റ് അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പ്രസിലെ ബൈന്‍ഡറായിരുന്ന വി.എല്‍. സജിക്കെതിരേയാണു കേസ്. സജി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിലും കംപ്യൂട്ടറിലും ഉണ്ടായിരുന്ന രേഖകളാണു നഷ്ടമായത്. അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ പിആര്‍ഡി ഫാക്ട് ചെക്കിങ് വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനെതിരെയാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്തുവരാതിരിക്കുന്നതിനാണ് ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: