കുമളി: സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രീയ പ്രസംഗം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഇദ്ദേഹം ചട്ട ലംഘനം തുടരുമ്പോഴും പ്രധാനമന്ത്രിയെ അടക്കം അവഹേളിച്ചപ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിലപാട് ദുരൂഹമാണ്. പെരിയാര്‍ കടുവ സങ്കേതത്തിലെ വള്ളക്കടവ് ഡിവിഷന് റേഞ്ച് ഓഫീസറാണ് രാജ്യത്ത് ഭീകരപ്രവര്ത്തനമില്ലെന്ന് പ്രസംഗിച്ചത്.
രാജ്യാന്തര തലത്തില്‍ പോലും ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം തീവ്രമാണെന്ന് വിലയിരുത്തലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ യൂണിഫോമില്‍ രാജ്യത്ത് ഭീകരവാദമില്ലെന്ന് കീഴ് ജീവനക്കാര്‍ക്ക് മുന്പില് പ്രസംഗിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്രം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതെന്നും ഇയാള്‍ 12 മിനിറ്റ് നീണ്ട ആശംസ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്റെ ഡിവിഷന് പരിധിയിലെ അതീവ സംരക്ഷണ (കോര്‍ ഏരിയ) പ്രാധാന്യമുള്ള മേഖലയില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ സംഭവത്തിലും ഈ ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ടുണ്ട്. പ്രസ്തുത പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തുവാനെത്തിയ വനം വകുപ്പിലെ തന്നെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഫോറസ്റ്റുകാര് നോക്കി നില്‍ക്കെ നാട്ടുകാര്‍ ആക്രമിച്ച കേസിലും ഈ ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് ഉന്നത തല സംഘം കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ട് വനം വകുപ്പ് വിജിലന്‍സ് വിഭാഗം സംസ്ഥാന മുഖ്യവനപാലകന് നല്‍കിയിരുന്നു. എന്നാല്‍ ഇടത് സംഘടനയുടെ ആളാണെന്ന കാരണത്താല്‍ നടപടിയെടുക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും ഇയാളുടെ ഇടത് താല്പര്യം വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: