ചാരുംമൂട്(ആലപ്പുഴ): നൂറനാട് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ പ്രിയയെ ജനമധ്യത്തില്‍ അധിക്ഷേപിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും മുന്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം എല്‍സി സെക്രട്ടറിയുമായ വി.വിനോദിനെതിരെ നൂറനാട് പോലീസ് കേസെടുത്തു. പടനിലം ക്ഷേത്ര ജങ്ഷനില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണു സംഭവം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കാതെ പൊതുനിരത്തുകളിലും ജനവാസകേന്ദ്രങ്ങളിലും നിയമലംഘനം നടത്തുന്നവരെ പിടികൂടാനും ബോധവല്‍ക്കരണം നടത്തുവാനുമാണ് എസ്ഐ പ്രിയയെ പാറ- ഇടപ്പോണ്‍ റോഡില്‍ നിയോഗിച്ചത്.
പടനിലം ജങ്ഷനില്‍ മാസ്ക് ധരിക്കാതെ നിന്ന വൃദ്ധനെ പോലീസ് വാഹനത്തിനു സമീപം വിളിച്ചു വരുത്തി പിഴ ഈടാക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇയാളുമായി തര്‍ക്കം നടക്കുമ്പോള്‍ ഇതുവഴി കാറില്‍ എത്തിയ വിനോദ് പ്രശ്നത്തില്‍ ഇടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വനിതാ എസ്ഐയുമായി വാക്കേറ്റമുണ്ടായത്.
പോലീസ് പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കുന്നില്ലന്നും, തോന്നിയപോലെ പെറ്റി അടിയ്ക്കുകയാണെന്നും വിനോദ് കുറ്റപ്പെടുത്തി. വാക്കേറ്റമുണ്ടായപ്പോള്‍ വിനോദും മാസ്ക് ധരിച്ചിരുന്നില്ല. പകര്‍ച്ചവ്യാധി നിയമമനുസരിച്ചും വിനോദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അസോസിയേഷന് ജില്ലാ നേതാവിന്റെ സഹോദരനാണ് വിനോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: