ന്യൂദല്‍ഹി : ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് പ്രതിരോധ മരുന്നായ സ്പുട്നിക്-5 ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് റഷ്യ. വാക്സിന് നിര്‍മാണത്തിനായി ഫണ്ടിംഗ് നല്കിയ റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിവ് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാക്സിന് നിര്‍മാണം നടത്തുന്നതിനായി റഷ്യ ഇന്ത്യന്‍ റെഗുലേറ്റര്‍മാരുമായും നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും റഷ്യയ്ക്ക് വലിയ സഹകരണമുണ്ട്. കോവിഡ് വാക്സിന് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ടാണ് വാക്സിന് നിര്‍മാണത്തിനായി ഇന്ത്യയ്ക്കൊപ്പം പങ്കുചേരാന്‍ റഷ്യ താത്പ്പര്യം പ്രകടിപ്പിക്കുന്നതെന്നും ദിമിത്രീവ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വാക്സിന് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന് വികസന മേഖലയില്‍ ഇന്ത്യ നേരത്തെ തന്നെ വളരെ അധികം നിക്ഷേപം നടത്തിയിട്ടുണ്ട്. മരുന്ന് നിര്‍മിക്കുന്ന പല മുന്‍നിക കമ്പനികളും ഇന്ത്യയിലുണ്ട്.
നിലവില്‍ ഇന്ത്യ, സൗദി, യുഎഇ. ഫിലിപ്പീന്‍സ് തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ വാക്സിന് വികസനത്തിന് റഷ്യയ്ക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യമാണ് കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തതായും പരീക്ഷണം വിജയമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് അറിയിച്ചത്. അതേസമയം ഇന്ത്യയിലും കൊറോണ വാക്സിന് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മുന്ന് വാക്സിനുകള്‍ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: