Categories: Kerala

തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ യോഗങ്ങളിലെത്തി; മുഖ്യമന്ത്രിയുടെ ദുബായിലെ ബിസിനസ് മീറ്റുകളില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ  ദുബായ് യാത്രകളില്‍ നടത്തിയ വിവിധ ബിസിനസ് യോഗങ്ങളിലും സംസ്ഥാനത്തെ ബിസിനസ്-നിക്ഷേപക പ്രോത്സാഹന പരിപാടികളിലും പങ്കെടുത്തവരില്‍ ചിലരെക്കുറിച്ചും അന്വേഷണം. ദുരൂഹ പശ്ചാത്തലമുള്ള ചിലര്‍  ഇവയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സ്വര്‍ണക്കടത്ത്  അന്വേഷിക്കുന്ന വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍.  

ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത,  സംശയകരമായ ഇടപാടുകള്‍ ഉള്ളവരെക്കുറിച്ച് എന്‍ഐഎയും  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിവരം ശേഖരിച്ചു തുടങ്ങി. സംശയിക്കുന്ന ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചും ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനവും യുഎഇയില്‍ ചെന്ന് നടത്തിയ ഇന്‍വെസ്റ്റേഴ്സ് മീറ്റ്, കേരളത്തില്‍ നടന്ന അസന്‍ഡ് 2020 ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റുകള്‍ എന്നിവയില്‍ പങ്കെടുത്ത ചിലരുടെയും സ്ഥാപനങ്ങളുടെയും  ഇടപാടുകളില്‍ സംശയം തോന്നിയതിന്റെ പശ്ചാത്തലത്തിലാണീ നടപടി. ഇവരില്‍ ചില പ്രമുഖര്‍ക്ക്  സ്വര്‍ണക്കടത്തു കേസിലെ  മുഖ്യ പ്രതിയായ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന  എം. ശിവശങ്കര്‍ എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.  

ദുബായിയില്‍ 2019 ഒക്ടോബര്‍ നാലിന് നടന്ന എന്‍ആര്‍കെ എമര്‍ജിങ് എന്റര്‍പ്രണേഴ്സ് മീറ്റില്‍ (നീം) മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.  

മീറ്റില്‍ പങ്കെടുക്കേണ്ടവരെ  നിശ്ചയിച്ചത് എം. ശിവശങ്കറുള്‍പ്പെട്ട സംഘമായിരുന്നു. അവരില്‍ സ്വപ്നയെപ്പോലെ സര്‍ക്കാരിന്റെ ഭാഗമല്ലാത്തവരുമുണ്ടായിരുന്നു. ഇവര്‍ അയോഗ്യര്‍ക്ക് അവസരം നല്‍കിയതായാണ് വിവരം. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നിര്‍ണായക യോഗത്തില്‍ ‘കുഴപ്പക്കാര്‍’ക്ക് അവസരം ലഭിച്ചുവെന്നത് അന്വേഷണ ഏജന്‍സികളെ അത്ഭുതപ്പെടുത്തുന്നു.

സ്വര്‍ണക്കടത്തു സംബന്ധിച്ച ചോദ്യം ചെയ്യലുകളില്‍ മൂന്ന് ഏജന്‍സികള്‍ക്കും കിട്ടിയ വിവരങ്ങളാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.  

വിദേശ  മലയാളികളുടെയും  നിക്ഷേപംസംഭരിക്കാന്‍ എന്ന പേരില്‍ രണ്ട് പ്രധാന പരിപാടികളാണ് സര്‍ക്കാര്‍ യുഎഇയില്‍ നടത്തിയത്. ദുബായ് ബിസിനസ് മീറ്റും ഇന്‍വെസ്റ്റേഴ്സ് മീറ്റും. ഈ പരിപാടികളില്‍ പങ്കെടുത്ത പ്രമുഖരുടെ പേരും മറ്റും  പുറത്തുവന്നെങ്കിലും മുഴുവനാളുകളുടേയും പട്ടിക പുറത്തുവിട്ടിട്ടില്ല.  

സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് വിദേശത്താണെന്ന  ഇഡിയുടെ കണ്ടെത്തലും വിദേശത്തു നടന്ന സ്വപ്ന- ശിവശങ്കര്‍ രഹസ്യ കൂടിക്കാഴ്ചകളും വിദേശത്തെ ബിസിനസ് യോഗങ്ങളിലെ ഇടപാടും സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ ആയിരിക്കും ശേഖരിക്കുക.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക