കൊല്‍ക്കത്ത: കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞത് സ്വാമി കൃപാകരാനന്ദ എന്ന പേര്. ബംഗാള്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി കൃപാകരാനന്ദ എത്തുന്നു എന്ന മാധ്യമ വാര്‍ത്തകളാണ് ഇതിന് കാരണം. ബിജെപിയും ശ്രീരാമകൃഷ്ണ മഠവും വാര്‍ത്തകള്‍ നിഷേധിക്കുമ്പോഴും സ്വാമിയെപ്പറ്റിയുള്ള ആകാംക്ഷകള്‍ രാജ്യമെങ്ങും വ്യാപിക്കുന്നു. 2021ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്വാമി കൃപാകരാനന്ദ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവുമെന്ന പ്രചാരണം ബംഗാളിലെങ്ങും അതിവേഗത്തിലാണ് വ്യാപിച്ചത്.
ശ്രീരാമകൃഷ്ണമഠത്തിനും സ്വാമി കൃപാകരാനന്ദയ്ക്കും മാറ്റം കൊതിക്കുന്ന ബംഗാളിന് പുതുദിശ നല്കാന് സാധിക്കുമെന്നാണ് ട്വിറ്ററുകളിലെ പ്രചാരണം. എന്തായാലും ഇതെല്ലാം വ്യാജമാണെന്ന് വിശദീകരിക്കുമ്പോഴും സ്വാമിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം വ്യാപിക്കുന്നു.
ആരാണ് സ്വാമി കൃപാകരാനന്ദ
ബേലൂര്‍ മഠത്തിലെ സ്വാമിയായ കൃപാകരാനന്ദ ഇപ്പോള്‍ വാരാണസിയിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതലയാണ് വഹിക്കുന്നത്. എംബിബിഎസ് ബിരുദധാരിയായ, ശാസ്ത്രീയ സംഗീതത്തില്‍ അപാര അറിവുള്ള, ഏറെ പ്രത്യേകതയുള്ള സംന്യാസിയാണ് സ്വാമി കൃപാകരാനന്ദ. കൊല്‍ക്കത്തയിലെ നരേന്ദ്രപൂര്‍ സ്വദേശിയായ സ്വാമിയുടെ പൂര്‍വ്വജന്മത്തിലെ പേര് ദേബതോഷ് ചക്രബര്‍ത്തി എന്നായിരുന്നു. നരേന്ദ്രപൂര്‍ ആര്കെഎമ്മിലെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ നില്‍രതന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആധ്യാത്മിക മാര്‍ഗത്തിലേക്ക് സമര്‍പ്പിച്ചത്.
ഇത്തരത്തിലുള്ള രാഷ്ട്രീയ നിറം നല്‍കരുതെന്ന് മഠത്തിന്റെ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ അഭ്യര്‍ഥിച്ചു. തങ്ങളുടെ വഴി വേറെയെന്നായിരുന്നു വാര്‍ത്തകളോടുള്ള സ്വാമി കൃപാകരാനന്ദയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: