നിളയുടെ തരംഗഭംഗിയില്‍ തരളിതമാകുന്ന ആത്മഗീതകമാണ് എംടിയുടെ കല. ആത്മപീഡിതന്റെ അശാന്തിപര്‍വ്വമാണത്. തലമുറയുടെ കുഴമറിച്ചിലുകളും, മൂല്യച്യുതിയുടെ കബന്ധനാടകവും കാലപരിണതിയുടെ വിഹ്വലതകളും ആ ഭൂമികയെ വ്യത്യസ്തമാക്കുന്നു. ആത്മാന്വേഷണത്തിന്റെ മുറിപ്പാടുകളില്‍ തളംകെട്ടുന്ന രോഷവും പ്രതികാരാഗ്നിയുമാണ് എംടിയുടെ കഥാ പ്രപഞ്ചത്തെ ചലനാത്മകമാക്കുന്നത്. ഗ്രാമപ്പശിമയൂറുന്ന കൂടല്ലൂര്‍ മണ്ണില്‍ രൂപംകൊണ്ട ധര്‍മസങ്കട മൂര്‍ത്തികളാണ് കഥയില്‍ പ്രതിഷ്ഠാപനം നേടുന്നത്. ആഖ്യാനകലയുടെ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ ആ കഥകള്‍ കവിതയാകുന്നു. സാന്ദ്രവും സൂക്ഷ്മവുമായ സംവേദനത്വത്തിന്റെയും അനുഭൂതി ലാവണ്യത്തിന്റെയും പാരസ്പര്യത്തില്‍ ജ്ഞാനപീഠികയായി എംടി ഉയിര്‍കൊള്ളുന്നു.
വികാരാനുഭവ സാക്ഷ്യം
വിചാരത്തിനതീതമായ വികാരാനുഭവ സാക്ഷ്യത്തില്‍ കാല്‍പനിക ഭാവങ്ങളെ വെല്ലുന്ന പാരുഷ്യത്തിന്റെയും പൗരുഷത്തിന്റെയും അഗ്നിമുഖമാണ് ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നത്. കണ്ണീരിലൂടെ പ്രപഞ്ചം കാണുന്നവന്റെ കണ്ണില്‍ മഴവില്ല് വിരിയും. പൈമ്പാല്‍ പോലെ മധുരമായ കാല്‍പനികതയുടെ സങ്കല്‍പ്പ പ്രമാണത്തെയും ലാവണ്യപൂരത്തെയുമാണ് ആ വീക്ഷണമാര്‍ഗ്ഗം തേടിയലയുന്നത്. മനുഷ്യന്‍തന്നെ ദര്‍ശനമായി സാക്ഷാത്കാരം നേടുന്നെങ്കിലും, മാനവികതയുടെ വിശ്വാദര്‍ശമോ ധര്‍മവിചിന്തനത്തിന്റെ സാഫല്യമോ എംടിയുടെ ലക്ഷ്യമല്ല. സ്ഥലകാലാതീതമായ മനുഷ്യനെയും മനുഷ്യ സംസ്‌കൃതി സത്തയെയും ഉണര്‍ത്തിയെടുക്കാന്‍ ആ സര്‍ഗ്ഗമാര്‍ഗ്ഗം ഉത്സുകമാകുന്നില്ല.
മിത്തും പുരാണങ്ങളും സ്മൃതികളും സ്വപ്‌നപ്പഴമകളും ഐതിഹ്യങ്ങളും ഇതിഹാസ സങ്കല്‍പ്പങ്ങളുമെല്ലാം എംടിയുടെ ഇതിവൃത്ത മേഖലയിലുണ്ടെങ്കിലും അവയുടെ ആത്മാവിനെ സ്പര്‍ശിച്ചറിയാതെ അതിന്റെ മറിച്ചെഴുത്തിലൂടെ യുക്തിയുടെയോ മനസ്സിന്റെയോ അനുഭവതലത്തില്‍ വ്യാഖ്യാനിക്കുകയും, ജീവിതത്തിന്റെ തനതു സന്ദര്‍ഭമായി കഥാനുഭൂതി പകരുകയുമാണ്. ‘വൈശാലി’ യും ‘വടക്കന്‍ വീരഗാഥ’യും ‘പെരുന്തച്ചനും’ ‘പഴശ്ശിരാജ’യും തിരക്കഥാ രൂപത്തില്‍ പ്രതീകങ്ങളുടെ കലയാവുന്നു. ‘രണ്ടാമൂഴ’മാകട്ടെ മറുപാഠത്തിന്റെ രചനാ തന്ത്രത്തില്‍ ദര്‍ശനപരമായ ലാവണ്യം നേടിയില്ല. മഹേതിഹാസത്തെ ‘ഗോത്ര സംസ്‌കൃതിയാവിഷ്‌കാരം’ മാത്രമായി സ്വീകരിച്ച് മൂല്യനിര്‍ണയം ചെയ്യുമ്പോഴാണ് ഭാവഭദ്രതയുടെ മിഴിവ് നഷ്ടപ്പെടുന്നത്. ഏകനായ മനുഷ്യന്റെ ദൈന്യതയും അപകര്‍ഷതയും പകക്കനലും അനാസ്ഥത്വവും ധര്‍മരോഷവും അവസരനിഷേധവും സൂക്ഷ്മാല്‍ സൂക്ഷ്മമായി ഭീമനിലൂടെ ആവിഷ്‌കൃതമാകുന്നുണ്ട്.
കൊടുങ്കാറ്റായി ചീറുമ്പോഴും ഉള്ളില്‍ ഉണരുന്നത് മര്‍മ്മരം മാത്രമാണെന്ന കാവ്യാത്മകമായ ധ്വനി ചിന്ത മനഃശാസ്ത്രാവബോധത്തോടെയാണ് അവതരിപ്പിക്കുന്നത്. ”ഭീമന്റെ സ്വഭാവം അയാളുടെതന്നെ ഒരു പ്രശ്‌നമാണെന്ന് കണ്ടെത്തുമ്പോഴാണ് ആഖ്യായികയുടെ രചനാ മൂഹൂര്‍ത്ത”
മെന്ന് എംടി പറയുന്നു. ഭീമന്റെ ‘വായുപുത്രന്‍’ എന്ന സ്വന്തം പിതൃസ്ഥാന സങ്കല്‍പത്തെ വ്യാഖ്യാന മുറയില്‍ തച്ചുടയ്‌ക്കാനാണ് എംടിയുടെ ശ്രമം. ”കൊടുംകാട്ടില്‍ നിന്നദ്ദേഹം കയറി വന്നു. ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ പേരറിയാത്ത ഒരു കാട്ടാളാന്‍” എന്ന ‘സത്യവാങ്മൂല’മാണ് കഥാകാരന്റെ സാക്ഷ്യപത്രം. കര്‍ണന്റെയും യുധിഷ്ഠിരന്റെയും പുതുപിതാക്കന്മാരെയും എംടി കണ്ടെത്തുന്നുണ്ട്. മിത്തിനെ വിത്തായി സ്വീകരിക്കാം. വിത്ത് മുച്ചൂടും കരിച്ചുകളയുക രചനാ സ്വാതന്ത്ര്യമോ?
ഏകാകിയായ ധിക്കാരി
മനുഷ്യഹൃദയത്തിന്റെ മായികമായ അന്തര്‍നാദം എംടിയുടെ നിപുണ ശ്രോത്രം സ്വാംശീകരിക്കുന്നു. പ്രതിജനഭിന്നമായ ജീവന കൗതുകങ്ങളെയും, സംഘര്‍ഷാത്മകമായ സൂക്ഷ്മ പ്രഹേളികയെയും അത് അനുധാവനം ചെയ്യുന്നു. മരുമക്കത്തായത്തിന്റെ അസ്തമന സൂര്യനിലും, ഫ്യൂഡലിസത്തിന്റെ ശിഷ്ട സാമഗ്രിയിലും ആദികാല കഥകള്‍ മുഴുകുന്നുണ്ട്. ചരിത്രത്തെയല്ല അതിന്റെ പരിവേഷ ഘടകങ്ങളെയാണ് നാടകീയമായി സന്ധിക്കാനും സംവദിക്കാനും കഥാകാരന്‍ ശ്രമിക്കുക. കാഥികന്റെ പണിപ്പുരയില്‍ നിന്ന് കാഥികന്റെ കലയിലേക്കുള്ള പ്രയാണ നിര്‍വഹണമാണത്. ജീവിതത്തിന്റെ വ്യര്‍ത്ഥ്യത, അജ്ഞേയമായ വേദനകള്‍, നേടാനില്ലാതെ നെയ്യുന്ന സ്വപ്‌നങ്ങള്‍, അവാച്യമായ അപരിചിതത്വം, അമറുന്ന അന്യഥാത്വം, അനീതികള്‍, നഷ്ടബോധ വേവുകള്‍ എല്ലാം കാല്‍പ്പനികതയുടെ നിറങ്ങളും നിറഭേദങ്ങളുമായ രചനയില്‍ ഭാവഭാഷ്യമൊരുക്കുന്നു.
ഏകാകിയായ ധിക്കാരിയുടെ സന്ത്രാസവും മോഹതാപവുമാണ് എംടിയുടെ മഷി. ആത്മവേദനയെ അറിയുക ആരായുക കണ്ടെത്തുക എന്ന യാത്രാപഥം അവിടെ സഫലമാകുന്നു. അപ്പുണ്ണിയും (നാലുകെട്ട്) ഗോവിന്ദന്‍കുട്ടിയും (അസുരവിത്ത്) സേതുവും (കാലം) സമൂഹത്തിലെ നൂതന മനുഷ്യന്റെ മനവും മാനവും പ്രത്യക്ഷീകരിക്കുന്നുണ്ട്. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതയും സമസ്ത ജീര്‍ണതയും കഥാകാരന്‍ സാമഗ്രിയാക്കുന്നു. പരാജിതരുടെ കരുത്തും കാന്തിയും കാരുണ്യപ്രത്യയങ്ങളും കഥാത്മാവിനെ നയിക്കുന്നുണ്ട്. വേലായുധന്‍ എന്ന ഭ്രാന്തന്‍ (ഇരുട്ടിന്റെ ആത്മാവ്)പോലും സ്വയം തിരിച്ചറിയുന്ന നിമിഷങ്ങള്‍ ദാര്‍ശനിക വൈകാരിതയുടെ പ്രത്യക്ഷ ചിത്രണമാണ്. ഒരര്‍ത്ഥത്തില്‍ അന്തര്‍ലീനമായ ആസ്തികതയുടെ ഇത്തരം മിന്നലാട്ടം അപൂര്‍വമായേ എംടിയുടെ സാഹിത്യത്തില്‍ ദര്‍ശനീയമാവൂ. അന്തര്‍മുഖത്വവും അറിവുറവകളുമായി സഞ്ചരിക്കാനാണ് എംടി യുടെ പ്രതിഭ നിയോഗിക്കപ്പെടുന്നത്. സമൂഹ ജീവനമന്ദാരങ്ങള്‍ അവിടെ മന്ദഗതിയിലാണ്.
ജീവിതകാമനയുടെ കനലുകള്‍
സംഭവങ്ങളുടെ നിറമാലയല്ല, അവയ്‌ക്കുള്ളിലെ നിറവോലുന്ന നിഴല്‍മാലയാണ് എംടിക്ക് പ്രിയം. മനുഷ്യന്റെ സപ്തവ്യസനങ്ങളുടെ ദര്‍ശനലാവണ്യത്തിലേക്കോ അഗാധമായ ആത്മാന്വേഷണ പ്രവണതകളിലേക്കോ കഥാകാരന്‍ പ്രവേശിക്കുന്നില്ല. ആസ്തിക്യം അബോധത്തിന്റെ അന്തരാളത്തിലേക്ക് വേരൂന്നിയ വാസനയാണ്. ‘വാരാണസി’യും ‘വാനപ്രസ്ഥ’വും പരീക്ഷിച്ചറിഞ്ഞ രൂപശില്‍പ്പത്തില്‍ മാത്രം അഭിരമിക്കുന്നതിന്റെ കാരണമിതാണ്. സ്‌നേഹവൈവശ്യത്തിന്റെയും പ്രണയസങ്കല്‍പമാധുരിയുടെയും മുദ്ര ചാര്‍ത്തുന്ന രചനകളുണ്ടെങ്കിലും പ്രണയത്തിന്റെ മൂല്യാധിഷ്ഠിത വ്യാഖ്യാനമോ കാലാതീതമായ പൊരുളോ അനുഭൂതിജന്യമായി അടയാളപ്പെടുന്നില്ല. ‘കുട്ട്യേടത്തി’യിലെ മാളുക്കുട്ടിയും ‘ഇരുട്ടിന്റെ ആത്മാവി’ലെ അച്ചുക്കുട്ടിയും സൗമ്യവികാരത്തിന്റെയും സംഘര്‍ഷസമസ്യയുടെയും ഛായാചിത്രങ്ങള്‍ മാത്രമായിത്തീരുന്നു. ‘പഞ്ചാഗ്നി’യിലേയും ‘പരിണയ’ത്തിലേയും നായികാസങ്കല്‍പ്പം സ്ത്രീശാക്തീകരണ സന്ദേശം കൊളുത്തുന്നതിനുള്ള അനന്തമായ സാധ്യതയെ സഫലമാക്കുന്ന ചിത്രാവിഷ്‌കാരമാണ്. ആര്‍ദ്ര സ്‌നേഹത്തിന്റെ കര്‍പ്പൂരത്തിരിയാണ് ‘മഞ്ഞി’ലെ വിമല. വ്യത്യസ്തമായ രൂപഭാവ രചനാ ശില്‍പ്പത്തില്‍ തടാകത്തില്‍ തെളിയുന്ന ചന്ദ്രബിംബം പോലെ ശോഭിക്കുകയാണ് ഈ കഥാപൂത്രം. ജീവിതകാമനയുടെ താളസ്വരമാണ് വിമലയുടെ ഉള്ളില്‍ തരളിതമാകുന്ന പ്രണയം. സര്‍വ്വചരാചരങ്ങളും കാലതീരത്ത് കാത്തിരിക്കുകയാണ്. വിലോഭനീയമായൊരു വിസ്മയമായി എംടിയുടെ അക്ഷര ശേഖരത്തെ ഈ കഥാപര്‍വ്വം വിമലീകരിക്കുന്നു.
കവിതയുടെ നീരൊഴുക്ക്
മലയാള ചെറുകഥയുടെ നവസംവേദനത്വത്തിന്റെ നാന്ദീമുഖമാണ് എംടി. എഴുത്തിന്റെ നാന്മുഖനായി നാനാശാഖയിലും സന്തര്‍പ്പണം ചെയ്ത ആ അക്ഷരകലയെ മറ്റൊരെഴുത്തുകാരനും ഭാവാത്മകമായി സ്പര്‍ശിക്കാനാവില്ല. ആത്മസ്വത്വത്തിന്റെ ദര്‍ശന വൈഖരിയായ ഒ.വി. വിജയനും,
ഭ്രമാത്മക ജീവനത്തിന്റെ ലാവണ്യപഥത്തില്‍ സഞ്ചരിച്ച മാധവിക്കുട്ടിയും പരിവര്‍ത്തനനാദമായി എംടിയെ അനുധാവനം ചെയ്യുന്നു. കാക്കനാടനും മുകുന്ദനും കോവിലനും വികെഎന്നും വ്യത്യസ്ത മാര്‍ഗ്ഗാവലംബികളായാണ് അവരുടെ സ്വത്വം നിലനിറുത്തിയത്. ഐതിഹാസികമായ ഉണ്മയും ഊര്‍ജ്ജ സ്പന്ദങ്ങളും എംടി സ്വാശീകരിക്കുന്നുണ്ടെങ്കിലും പൈതൃകപ്പൊലിമയിലോ പ്രകൃതിയുടെ പൂര്‍ണതാ സങ്കല്‍പ്പത്തിലോ അഭിരമിക്കുന്നില്ല. സ്ഥലകാലങ്ങളുടെ മായിക പരിപ്രേക്ഷ്യവും അതീത പ്രത്യക്ഷങ്ങളും അവിടെ ദര്‍ശനീയമല്ല. പ്രാസാദാത്മകതയുടെ വിണ്‍ വെളിച്ചം നഷ്ടപ്പെടുകയായിരുന്നു ഫലം. തനിക്ക് പ്രിയങ്കരനായ ഹെമിങ്‌വേയുടെ മനസ്സും മാനവും അബോധപൂര്‍വമെങ്കിലും ഈ പ്രതിഭയുടെ ചിന്താപഥം വിപുലമാക്കുന്നു. ജന്മായത്തമായ ഒരുതരം സാക്ഷീഭാവമൊ നിര്‍മമത്വമോ എംടിയുടെ സ്വത്വത്തെ ചൂഴ്ന്നു നില്‍പ്പുണ്ട്. ഇതുകൊണ്ടത്രേ ഖണ്ഡന വിമര്‍ശം എംടിയില്‍ ഏശാതെ പോകുന്നത്.
വാക്കിന്റെ മധുവിദ്യയാണ് എംടിയുടെ സര്‍ഗ്ഗകല. മൗനത്തിന്റെ ഒരല പ്രകാശപ്പൊലിമയോടെ ആ അക്ഷര നക്ഷത്രത്തിന് കാവലായുണ്ട്. കവിതയുടെ നിസ്തന്ദ്രമായ നീരൊഴുക്കാണ് അതിന്റെ സത്യശിവ സൗന്ദര്യം. ‘അറിയാത്ത അദ്ഭുതങ്ങള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന വിശ്വപ്രതിഭകളെക്കാള്‍’ അടുത്തറിയുന്ന എംടിയെയാണ് ഞങ്ങള്‍ക്കിഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: