ബ്രഹ്മസ്വരൂപ വിവരണം തുടരുന്നു.
പ്രശാന്തം -വളരെ നന്നായി ശാന്തമായത്.
നമ്മുടെ അശാന്തിക്ക് കാരണം മനസ്സിലെ വിക്ഷേപമാണ്. ആത്മാവ് മനസ്സിന് അതീതമാണ്. താല്ക്കാലികമായ ശാന്തിയല്ല ആത്മസ്വരൂപം. ചിത്തവൃത്തികള്‍ ലയിച്ചതുകൊണ്ട് മാത്രം ആത്മ സ്വരൂപത്തെ ഭാവിക്കാനാവില്ല. മനസ്സിന്റെ ശാന്തമായ അവസ്ഥയെ പോലും പ്രകാശിപ്പിക്കുന്ന സാക്ഷി ചൈതന്യമാണ് ആത്മാവ്. അതിനാല്‍ അത് പരമശാന്തമായ പ്രശാന്തമായിത്തീരുന്നു.ആദ്യന്തവിഹീനം -ആദിയും അന്തവുമില്ലാത്തത്.ജന്മവും മരണവുമില്ല അഥവാ ഉണ്ടാകലും നശിക്കലുമില്ല. ഒരു തരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമല്ല. ഭാഗികമായോ പൂര്‍ണമായോ ബ്രഹ്മത്തിന് മാറ്റമില്ല. അതിന് തുടക്കവും ഒടുക്കവും ഇല്ല തന്നെ.
അക്രിയം – സര്‍വവ്യാപിയായതിനാല്‍ ക്രിയകളൊന്നുമില്ലാത്തതാണ്. ആത്മാവില്‍ നിന്ന് അന്യമായി ഒന്നും തന്നെ ഇല്ലാത്തതിനാല്‍ എന്തെങ്കിലും ചെയ്യുക എന്നതുമില്ല. എന്തെങ്കിലും വേണ്ടതായിട്ടോ ചെയ്യാനുള്ളതായോ ഇല്ല. ആരെ സേവിക്കാന്‍? എവിടെ കര്‍മ്മം ചെയ്യാന്‍?
കര്‍മ്മം ഉണ്ടാകുന്നത് കാമനയില്‍ നിന്നാണ്. അത് വാസനകളില്‍ നിന്നും അജ്ഞാനത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ആത്മാവ് ജ്ഞാനസ്വരൂപമാണ്. അജ്ഞാനത്തിന്റെ കണിക പോലുമില്ല.
നിരന്തരാന്ദരസസ്വരൂപം – ഇടതടവില്ലാത്ത ആനന്ദമാണത്. ആനന്ദക്കട്ട തന്നെ. ഒരിക്കലും വറ്റാത്ത ആനന്ദ പ്രവാഹം എന്നും വിശേഷിപ്പിക്കാം. ആനന്ദം ആത്മാവിന്റെ സ്വഭാവവും സ്വരൂപവുമാണ്. ആത്മാവിന്റെ സ്ഫുരണമാണ് ആനന്ദം. വിഷയാനന്ദം പോലെ അത് ക്ഷണികമല്ല. സ്ഥായിയായതാണ്, എന്നുള്ളതാണ്. എല്ലായ്പ്പോഴും ഒരേ അളവില്‍.വിഷയാനന്ദം അറിയുന്നതു പോലും ആത്മാനന്ദത്തിന്റെ സാന്നിധ്യത്തിലാണ്.ചിത്തവൃത്തികളടങ്ങി, മനോബുദ്ധികള്ക്കപ്പുറം കടന്നാല്‍ ആത്മാനുഭൂതിയുടെ സ്വരൂപമായ അഖണ്ഡാനന്ദ രസത്തെ അറിയാം.
നിരസ്തമായാകൃത സര്വഭേദം- മായയുടെ സൃഷ്ടിയായ എല്ലാ ഭേദങ്ങളില്‍ നിന്നും മുക്തമായത്. മായയുടെ അധിപനായതിനാല്‍ അവിടെ മായ ബാധിക്കുകയേ ഇല്ല. ബ്രഹ്മാശ്രയയാണ് മായ. സത്യബോധം ഇല്ലാത്ത അവസ്ഥയാണ് മായ. ഇല്ലാത്തത് പലതും ഉണ്ടെന്ന് തോന്നാക്കും. ഉള്ളത് അറിയുകയുമില്ല നാനാത്വം നിറഞ്ഞ ജഗത്തിന്റെ പ്രതീതി മായയുടെ കല്പ്പനയാണ്. നാനാത്വമായ ജഗത് പ്രതീതി നീങ്ങി ഏകമായ ബ്രഹ്മത്തെ അറിയുന്നതാണ് ആത്മാനുഭൂതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: