മൂന്നാര്‍: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. 58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഇന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിയില്‍ തന്നെ ജില്ലയിലെത്തിയിരുന്നു. മഴ മാറുന്നതിന് വേണ്ടിയാണ് കാത്തിരുന്നതെന്നും ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും, ഇതിന് ശേഷമാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കളക്ടര്‍ വ്യക്തമാക്കി.
അപകട സ്ഥലത്ത് നിന്ന് നിലവില്‍ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള നടപടികളും തുടരുകയാണ്. ഏറ്റവും ഒടുവില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ്.
പ്രദേശവാസികളും രണ്ട് ദിവസമായി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്ന് വരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു.
രണ്ട് പോലീസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍ നിലവില്‍ പുരോഗമിക്കുന്നത്.
സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. പ്രദേശവാസികളുടെ വാളര്‍ത്ത് നായ്‌ക്കളെയും തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മൂന്ന് മൃതദേഹങ്ങളും ലഭിച്ചത്. ഇന്നലെ മഞ്ഞും മഴയും മൂലം പ്രതികൂല കാലാവസ്ഥയിലായിരുന്നു തെരച്ചില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: