തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയിരുന്നെന്നും ആ ഖുര്‍ ആനുകളാണ് സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനങ്ങളില്‍ മലപ്പുറത്തേക്ക് കയറ്റി അയച്ചതെന്നുമുള്ള മന്ത്രി ജലീലിന്റെ വാദങ്ങള്‍ കള്ളമെന്ന് തെളിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്കി.
സംസ്ഥാനത്തേക്ക് എത്തുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്സല്‍ വിട്ടുനല്‍കൂ. പാഴ്സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും. എന്നാല്‍ രണ്ടു വര്‍ഷമായി ഇത്തരത്തിലുള്ള ഒരു നടപടി ക്രമങ്ങളും നടന്നിട്ടില്ല. നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത്.
തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്.
കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുത്താന്‍ വരുംദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
എന്‍ഐഎ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാന്‍ സെക്രട്ടേറിയേറ്റില്‍ നേരത്തെ എത്തിയിരുന്നു. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: