ഇടിമിന്നലോടൊത്തു മഴപെയ്ത നേരത്തു
മനതാരിലോര്‍മ്മകള്‍ പെയ്തിറങ്ങി
മഴവില്ലുപോലെയാ നിറമുള്ള ബാല്യങ്ങള്‍
ഹൃദയാംബരത്തില്‍ തെളിഞ്ഞു വന്നു.
ഇല്ലപ്പറമ്പിന്റെ അതിരിന്റെയരികത്ത്
ഒരു നല്ല പാടവും തോടുമുണ്ട്
കൂട്ടുകാരേവരുമവിടെയാണൊരുമിച്ചു
പതിവായ് കളിച്ചതുമോര്ത്തിടുന്നു
വേവുന്ന വെയിലിലും തോരാത്ത മഴയിലും
ചോരാത്ത ചുറുചുറക്കോടെ ബാല്യം,
പ്രകൃതിതന്‍ വികൃതിയോടൊത്തു രസിച്ചു കൊ-
ണ്ടാടിയും പാടിയും മുഴുകിടുന്നു.
ഭയമോടെ ഞാനിന്നു ചളിയില്‍ ചവിട്ടുമ്പോള്‍
ചിരിയുതിര്ത്തുള്ളിലെന് ബാല്യകാലം
പരിഹാസമൂറുന്ന ചിരികേട്ടു ഞാനൊന്നു
വെറുതെ ചികഞ്ഞു കഴിഞ്ഞ കാലം
വഴിയില്‍ തളംകെട്ടി നില്ക്കുന്ന ചളിവെള്ളം
ഊക്കോടെ കൂട്ടുകാര്ക്കിടയിലേക്കായ്
ചിരിയോടെ കുസൃതിയാല്‍ തട്ടിത്തെറിപ്പിച്ചു
പരിഭവം തീര്‍ക്കുമാ വേളയോര്ത്തു.
ഒരുപാടു കൂട്ടുകാരൊരുമിച്ചു ചേര്‍ന്നു കൊ-
ണ്ടൊരുമയോടേറെ കളിച്ച കാലം
ഓര്ക്കുമ്പോളുള്ക്കാമ്പിലറിയാതെ നിറയുന്നു
മധുരം തുളുമ്പും സുവര്‍ണ്ണകാലം
കളികളില്‍ കലഹങ്ങളേറെയുണ്ടെങ്കിലും
കടലോളമാനന്ദമായിരുന്നു.
ജീവിത പാഠങ്ങളൊരുപാടു വിളയിച്ച
ആ പാടമൊരു നല്ല വിദ്യാലയം.
പ്രദീപ് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: