Categories: Varadyam

ഏകാന്ത മദ്ധ്യാഹ്നങ്ങളില്‍ മുഴങ്ങുന്ന വാക്ക്

നെടുനാളത്തെ മൗനനിദ്ര വെടിഞ്ഞ് ആ പക്ഷി വീണ്ടും വരുന്നു. അതിന്റെ ശബ്ദം ഞാനിപ്പോള്‍ കേട്ടതേയുള്ളൂ.

വീടിനു സമീപത്തെ പൊന്തപ്പടര്‍പ്പുകള്‍ ഇളകുന്നു. ഉള്ളിലൊളിപ്പിച്ച ഇത്തിരി ഇരുട്ടുമായി പാണല്‍ച്ചെടികളുടെ കുറ്റിക്കാട് അല്‍പ്പമകലെ.

ജനാലയുടെ അടുത്തേക്ക് ഞാന്‍ ചേര്‍ന്നുനിന്നു. പുറത്തേക്കു നോക്കി. കത്തിക്കാളുന്ന മദ്ധ്യാഹ്നം. എങ്ങുമില്ല ഒരൊച്ചയും അനക്കവും.  

അതാ വീണ്ടും ആ ശബ്ദം. കേഴ്‌വിയുടെ ചുറ്റുവട്ടമാകെ അദൃശ്യമായ ഒരു ചുഴിയില്‍ വീണിരിക്കുന്നു. (യാദൃച്ഛികമെന്നു പറയട്ടെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേരിലുമുണ്ട് ഒരു ശബ്ദം? ‘മരുമഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം’)

ആവര്‍ത്തിച്ചുകേട്ടപ്പോള്‍ പക്ഷിയുടെ ശബ്ദത്തിലെ ദുരൂഹത എന്നെ ഉത്കണ്ഠാകുലനാക്കി. പക്ഷി പാടുകയാണോ? അല്ല. പിന്നെ? പക്ഷി പറയുകയാണ്. മനുഷ്യകുലത്തിന് അജ്ഞാതമായ ഭാഷയില്‍ അത് ലോകത്തോട് എന്തോ പറയുകയാണ്. മനസ്സിലാവണമെങ്കില്‍ ഐതിഹ്യകഥയിലെ പണ്ഡിത ബ്രാഹ്മണനാകണം.

ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന ബ്രാഹ്മണന്‍ പതിവായി ഒരു പക്ഷിയുടെ ശബ്ദം കേള്‍ക്കുമായിരുന്നു. വഴിയരികിലെ ആല്‍മരത്തിലിരിക്കുന്ന പക്ഷി ബ്രാഹ്മണനെ കാണുമ്പോള്‍ ‘കോരുക്ക്…’ ‘കോരുക്ക്…’ എന്നു ശബ്ദിക്കാന്‍ തുടങ്ങും. ഇതിങ്ങനെ തുടര്‍ന്നു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ പക്ഷിക്ക് ഉചിതമായ ഉത്തരം നല്‍കി. കോരുക്ക് എന്നുള്ളതിന് കഃ അരുക്ക്, രോഗമില്ലാത്തവനാര് എന്നര്‍ത്ഥം. തീര്‍ച്ചയായും ജ്ഞാനിയുടെ മറുപടിയില്‍, രോഗബാധ ഏല്‍ക്കാതിരിക്കാനും രോഗത്തെ ചെറുത്തു തോല്‍പ്പിക്കാനുമുള്ള ഒരു ജീവിതചര്യയുടെ വിവരണം ഉണ്ടായിരുന്നിരിക്കണം.

പക്ഷിയെ കാണാനുള്ള തിടുക്കത്തില്‍ ഞാന്‍ പുറത്തേക്കു വന്നു.  

പക്ഷി എവിടെ?

എന്റെ സങ്കല്‍പത്തിലെ പക്ഷി.

കരിനീലച്ചുണ്ടും ശോണമിഴികളും കറുപ്പും കാവിയും ചേര്‍ന്ന മേനിയഴകുമുള്ള പക്ഷി.

മരച്ചില്ലകളില്‍ മറഞ്ഞിരുന്ന് വിറകൊള്ളുന്നതാരാണ്?

കുതിച്ചു ചാടാന്‍ വെമ്പുന്ന ആസുരതയെ അടക്കിപ്പിടിച്ചു നിര്‍ത്തുന്നതാരാണ്?

ചോദ്യങ്ങള്‍… ചോദ്യങ്ങള്‍…

ഉത്തരങ്ങളിലേക്കുള്ള നിഗൂഢമാര്‍ഗം അജന്തയുടെ താഴ്‌വരയിലെങ്ങോ മറഞ്ഞുകിടക്കുന്നു.

എന്നെങ്കിലുമൊരിക്കല്‍ പക്ഷിയുടെ കേവല ശബ്ദം ഒരു വാക്കായി പരിണമിക്കുമെന്നും വാക്കിനുള്ളില്‍ അര്‍ത്ഥത്തിന്റെ ഒരു വിത്തുപൊട്ടുമെന്നും…

അതുവരെ…

മദ്ധ്യാഹ്ന വിഭ്രാന്തിയില്‍ നിന്നു മുക്തി നേടിയ മനസ്സുമായി വീണ്ടും വീടിനുള്ളിലെ ഏകാന്തതയിലേക്ക്…

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക