അമ്പൂരി: അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെത്താന്‍ കാടും മലകളും താണ്ടിയെത്തണം. കൊറോണക്കാലത്ത് വിദ്യാര്ത്ഥികളെത്തുന്നില്ലെങ്കിലും കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് ഉഷാകുമാരി ടീച്ചറെത്തി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം നയാപൈസ് സര്‍ക്കാര്‍ ടീച്ചര്‍ക്ക് നല്‍കിയിട്ടില്ല. ജീവിതം ബുദ്ധിമുട്ടിലായിട്ടും ടീച്ചര്‍ക്ക് കടമ നിര്‍വ്വഹിക്കാന്‍ അതൊന്നും തടസ്സമായില്ല.
രണ്ടു വിദ്യാര്‍ത്ഥികളും സ്കൂളിലെ കാവല്‍ക്കാരായ നായ്ക്കളും മാത്രമായിരുന്നു ഇത്തവണ പതാക ഉയര്‍ത്താന്‍ ടീച്ചര്ക്കൊപ്പമുണ്ടായത്. സ്കൂളിന്റെ കാവല്‍ നായ്ക്കള്‍ ടീച്ചര്‍ക്കും കാവലായി സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലും എന്നും ഒപ്പമുണ്ടാകും. ഉഷാകുമാരി ടീച്ചര്‍ക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ എത്താന്‍ അവരാണ് എന്നും കൂട്ട്. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകള്‍ക്ക് മുന്നില്‍ച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കില്‍ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയര്‍ത്തിയില്ലെങ്കിലും അധികാരികള്‍ ആരും അറിയാന്‍ പോകുന്നില്ല. എന്നാലും ടീച്ചര്‍ പോയി പതാക ഉയര്‍ത്തി.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമലവാര്ഡില് 1999-ലാണ് ഏകാധ്യാപക വിദ്യാലയത്തിന് തുടക്കം കുറിച്ചത്. മുന്‍പ് കോട്ടൂര്‍ ഏകാധ്യാപക വിദ്യാലയത്തിലായിരുന്ന ഉഷ ടീച്ചര്‍ 2002 ലാണ് കുന്നത്തുമലയില്‍ അധ്യാപികയായത്. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ പതിമൂന്ന് വനവാസി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 13 ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം നിയമനം ഇതുവരെയും ലഭിക്കാത്ത അധ്യാപകര്‍ക്ക് ഓണറേറിയം ലഭ്യമാക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിനു ശേഷം ഇതുവരെയും ഇവര്‍ക്ക് ഓണറേറിയം നല്‍കിയിട്ടില്ല. മുന്‍പ് ആറ് മാസത്തെ ശമ്പളം ലഭിക്കാനായി പന്തല്‍കെട്ടി സമരമിരിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട് ഇവര്‍ക്ക്.
ലോക്ഡൗണ്‍ വന്നശേഷം സ്വകാര്യ സ്ഥാപനം നല്കിയ ടിവിയില്‍ ഓണ്‍ലൈനായാണ് ക്ലാസെടുക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ വ്യക്തികള്‍ വീട്ടിലേക്ക് ടിവി നല്കി. ബാക്കി വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലേക്ക് ടിവി നല്‍കുന്നതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്ഷഷവും സ്വാതന്ത്രൃ ദിനാഘോഷം കുന്നത്തുമല വിദ്യാലയത്തില്‍ വിപുലമായാണ് നടത്താറ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ മധുരം വിളമ്പിയാണ് ആഘോഷം. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാലാണ് വിദ്യാര്‍ത്ഥികളെ പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തത്.
എന്നാല്‍ ടീച്ചര്‍ക്കൊപ്പം സമീപത്തെ വിദ്യാര്‍ത്ഥികളും കാവല്‍നായ്ക്കളും ഒപ്പം കൂടി .സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം ഇത്തവണത്തെ ഓണവും പ്രിയപ്പെട്ട ഉഷ ടീച്ചര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിയില്ല എന്ന സങ്കടത്തിലാണ് കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍
സജിചന്ദ്രന്‍ കാരക്കോണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: