‘ധോണി ഫിനീഷസ് ഓഫ് ഇറ്റ്സ് ഇന്‍ സ്റ്റൈല്‍’. 2011 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ സിക്സ് നേടി ധോണി കിരീടം ഉറപ്പിക്കുമ്പോള്‍ കമന്ററി ബോക്സില്‍ രവി ശാസ്ത്രി പറഞ്ഞ വിഖ്യാതമായ ഈ വാക്കുകളാകും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ഏറെയും. അതെ, ധോണിയുടെ ഈ ഫിനിഷ് അങ്ങനെയെല്ലാവര്‍ക്കും സാധിക്കുന്നതല്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ ബിഗ് പ്ലെയറുടെ, മഹീന്ദ്ര യുഗം അവസാനിക്കുന്നു. മഹാനായ മഹി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ധോണി സ്വാതന്ത്ര്യ ദിനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പതിനാറ് വര്‍ഷം നീണ്ട തിളക്കമാര്‍ന്ന കരിയറാണ് അവസാനിക്കുന്നത്. ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കും.
‘നന്ദി, നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക’. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി ശനിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെറും രണ്ട് വാക്യംകൊണ്ടുള്ള വിരമിക്കല്‍ പ്രഖ്യാപനം. അവസാന രാജ്യാന്തര മത്സരം കളിച്ചതിനുശേഷം ഏതാണ്ട് നാനൂറ് ദിനം തികയുമ്പോഴാണ് പ്രഖ്യാപനം. ധോണിയുടെ കരിയര്‍ തുടങ്ങിയതും അവസാനിച്ചതും റണ്‍ ഔട്ടിലൂടെയാണെന്നത് യാദൃശ്ചികം മാത്രം. 2004 ഡിസംബര്‍ 23ന് ചിറ്റഗോഗില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് അരങ്ങേറ്റം. എന്നാല്‍ ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി.
2019 ജൂലൈ ഒമ്പതിനാണ് ധോണി അവസാന മത്സരം കളിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റേന്തി. അവസാന മത്സരത്തിലും റണ്‍ ഔട്ടായി. ധോണി അന്ന് നേടിയ അമ്പത് റണ്‍സിനും ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് കടത്തിവിടാനായില്ല. നിരാശനായാണ് പവലിയനിലേക്ക് മടങ്ങിയത്. ഇരുപത്തിമൂന്നാം വയസില്‍ അരങ്ങേറിയ മഹി മുപ്പത്തിയൊമ്പതാം വയസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു.
കരിയറിലെ അഞ്ചാം ഏകദിനത്തില്‍ വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെ 148 റണ്‍സ് അടിച്ചെടുത്തതോടെയാണ് ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കുന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയായിരുന്നു സെഞ്ചുറി. ഒരു വര്‍ഷത്തിനുശേഷം ശ്രീലങ്കക്കെതിരെ മൂന്നാം നമ്പറിലിറങ്ങി 183 റണ്‍സ് കുറിച്ചു. ഏകദിനത്തിലെ ഉയര്‍ന്ന സ്കോറും ഇതുതന്നെ. മധ്യനിരയിലെ മികച്ച ബാറ്റ്സമാനായി പേരെടുത്ത ധോണി പിന്നീട് മികച്ച ഫിനീഷറുമായി. അസാധ്യമായ വിജയലക്ഷ്യങ്ങള്‍ പോലും ധോണിയുടെ മികവില്‍ ഇന്ത്യ എത്തിപിടിച്ചു.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മൂന്ന് കിരീടങ്ങള്‍ നേടിയ ഏക ക്യാപറ്റനാണ് ധോണി. 2007ലെ ഐസിസി ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ധോണി 2011ലെ ഐസിസി ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടികൊടുത്തു. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ചാമ്പ്യന്മാരായി. 2005ല്‍ ശ്രീലങ്കക്കെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ട്വന്റി 20 യിലും. 2019 ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ അവസാന ട്വന്റി 20 കളിച്ചു.
യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഐപിഎല്ലിന് തയാറെടുക്കാനായി ചെന്നൈയിലാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ടീമനൊപ്പം ചേര്‍ന്ന് ഒരു ദിവസം കഴിയുമ്പോഴാണ് വിരമിക്കല്‍ വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കരിയറിലെ ചില ചിത്രങ്ങളും കഭി കഭി എന്ന ഹിന്ദി സിനിമയിലെ ഗാനവും ഇതോടെപ്പം ഉണ്ടായിരുന്നു.
മത്സരം ടെസ്റ്റ് ഏകദിനം ട്വന്റി20
കളി 90 350 98
റണ്‍സ് 4,876 10,773 1,617
100 6 10 0
50 33 73 2
ടോപ്സ്കോര്‍ 224 183* 56
വി.പി. സുകുമാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: