രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് സംഘടിപ്പിച്ച ‘രാഷ്ട്ര വന്ദന്‍ 2020’ അഖണ്ഡ ഭാരത ദിനാഘോഷ പരിപാടിയില്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ നല്കിയ അഖണ്ഡ ഭാരത ദിന സന്ദേശം
സ്വാതന്ത്ര്യ ദിനം നമ്മെയെല്ലാം സംബന്ധിച്ചിടത്തോളം ആനന്ദകരമായ ഒരു മുഹൂര്‍ത്തമാണ്. ഭാരതീയരുടെ ആവേശത്തിന്റെ, ആനന്ദത്തിന്റെ, ഉല്ലാസത്തിന്റെ ദിവസം. സ്വാഭാവികമായും ആനന്ദത്തിന്റെ ഈ ദിവസത്തില്‍, ചരിത്രത്തിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുമ്പോള്‍, ആവേശത്തിനും സന്തോഷത്തിനുമൊപ്പം നമ്മെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ കൂടിയുണ്ട്. അവ ഓര്‍ക്കാതിരിക്കാന്‍ സാധ്യമല്ല എന്നതാണ് വസ്തുത. മഹാനായ ഗാന്ധിജി, സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയില്‍, അതിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. 1947 ആഗസ്റ്റ് 15 ന് ഭാരതം മുഴുവന്‍ ആനന്ദ ലഹരിയില്‍ ആറാടുമ്പോള്‍, സ്വാതന്ത്ര്യലബ്ദിയുടെ പ്രധാന പുരോഹിതനായിരുന്ന, പ്രധാന ആചാര്യനായിരുന്ന മഹാത്മജി ഡല്‍ഹിയില്‍ നിന്നും ബഹുകാതം അകലെ ബംഗാളിലെ നവഖാലിയില്‍ പരസ്പരം കടിച്ചു കീറാന്‍ വെമ്പി നിന്ന, മതത്തിന്റെ പേരില്‍ കലാപങ്ങള്‍ അഴിച്ചു വിട്ട ആള്‍ക്കാരുടെ നടുവില്‍ നിന്നു കൊണ്ട് ഇരുകൈകളും ഉയര്‍ത്തി ശാന്തരാകുവാന്‍ കണ്ണീരോടെ അപേക്ഷിക്കുകയായിരുന്നു. എന്തുകൊണ്ട് ഇത്തരം ഒരു അവസ്ഥ സംജാതമായി എന്നത് നാം ചിന്തിക്കേണ്ട വിഷയമാണ്.
രാഷ്ട്ര വന്ദനം എന്ന ഈ പരിപാടി സംഘടിപ്പിക്കുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഏതു രാഷ്ട്രത്തെയാണ് നാം വന്ദിക്കേണ്ടത് ? ഇന്ന് നാമോരുരുത്തരും ജീവിക്കുന്ന വിഭജനാനന്തരമുള്ള അവശിഷ്ട ഭാരതമാണോ നമ്മുടെ രാഷ്ട്രം ? ഓരോ വിദ്യാര്‍ത്ഥിയും ഓരോ യുവാവും സദാ മനസ്സില്‍ കരുതി വയ്ക്കേണ്ട ഒരു വിഷയമായതിനാലാണ് ദേശഭക്തര്‍, സ്വാതന്ത്ര്യ ദിനത്തെ അഖണ്ഡ ഭാരത ദിനമായി കൂടി ആഘോഷിക്കുന്നത്. സ്വാതന്ത്ര്യലബ്ദിയുടെ ആദ്യ ദിനത്തില്‍ തന്നെ ലോകത്തോടായി നല്കിയ സന്ദേശത്തില്‍ മഹര്‍ഷി അരവിന്ദന് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വാതന്ത്ര്യ ദിന സന്ദേശത്തോടൊപ്പം അത്, ആഗസ്റ്റ് 15 ന് ജനിച്ച അദ്ദേഹത്തിന്റെ ജന്മദിന സന്ദേശം കൂടിയായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ അദ്ദേഹം പറയാന്‍ തയ്യാറായ വസ്തുത, 73 വര്‍ഷങ്ങള്‍ക്കു ശേഷവും നാം പറയേണ്ടിരിക്കുന്നു. എല്ലാം നന്നായി നടക്കുന്നുവെന്നതിനെ സന്തോഷത്തോടെ കാണുന്നതിനൊപ്പം തന്നെ ചരിത്രത്തില്‍ സംഭവിച്ച തെറ്റ് എത്തരത്തില്‍ തിരുത്താന്‍ കഴിയും എന്നതിനെ കുറിച്ചും ആലോചിക്കേണ്ടിയിരിക്കുന്നു. വിഭജനം സംഭവിച്ചതെന്തു കൊണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിഭജനം ഇല്ലാതാകണം, ആകുക തന്നെ ചെയ്യുമെന്ന് മഹര്‍ഷി അരവിന്ദന് പറയുമ്പോള്‍ അത്, പില്ക്കാല ഭാരതത്തില്‍ ജീവിക്കുന്ന നാമോരോരുത്തര്‍ക്കുമായി അദ്ദേഹം നല്കിയ ഒരു ആദേശമാണ്, ഒരു ഉപദേശമാണ്, ഒരു ആജ്ഞ കൂടിയാണ്.
ഭാരതം ഉയരുകയാണ്
ഇന്ന്, 73 വര്‍ഷക്കാലത്തെ ജീവിതത്തിനു ശേഷം ഭാരതം ഉയരുകയാണ്. എല്ലാം മേഖലകളിലും നാം മുന്നോട്ടു പോകുന്നുവെന്നത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത യാഥാര്‍ത്ഥ്യമാണ്. 73 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭാരതമല്ല ഇന്നുള്ളത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 5 – 6 വര്‍ഷത്തിനുള്ളില്‍ ഭാരതം നേടിയത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. ഭാരതത്തിന്റെ ഈ മുന്നേറ്റത്തെ ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ്. അത്തരത്തിലുള്ള ഈ മുന്നേറ്റം പരിപൂര്ണമാകണമെങ്കില് നമുക്കിടയിലെ ഈ കൃത്രിമ വിഭജനം പോയേ മതിയാകൂ. അത് സാധ്യമാണോ അല്ലയോ എന്നത് പലരുടേയും മനസ്സിലെ ഒരു സംശയമാണ്. രണ്ടോ മൂന്നോ രാഷ്ട്രങ്ങളായി വിഭജിച്ചു പോയവയ്ക്ക് ഒന്നിച്ചു ചേരാനാകുമോ ? അത്തരത്തില്‍ ചേരുന്നതിന് അതിന്റേതായ നടപടി ക്രമങ്ങളും ഘട്ടങ്ങളുമുണ്ട്. ഒറ്റയടിക്ക് ഒരു ഭരണകൂടത്തിനു കീഴില്‍ വരുന്ന രാഷ്ട്രീയ ഏകകമായി മാറുമെന്നല്ല ഉദ്ദേശിക്കുന്നത്, മറിച്ച് അതിനുള്ള പ്രയാണമാരംഭിക്കേണ്ട സമയം വൈകിയിരിക്കുന്നു. ഒന്നായി മാറുവാന്‍ നമുക്ക് സാധിക്കുമോ എന്ന ചോദ്യം ചില നിരാശാവാദികള്‍ പലപ്പോഴും ഉന്നയിക്കാറുണ്ട്. എന്താണ് നമുക്ക് സാധിക്കാത്തത് ? ഇച്ഛാ ശക്തി, ക്രിയാ ശക്തി, ജ്ഞാന ശക്തി സ്വരൂപിണിയായ ഭാരതമാതാവിന്റെ ശക്തിസ്വരൂപങ്ങളെ അടിത്തറയാക്കി സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഉത്ഭൂതമാകുന്ന അത്യുജ്ജ്വലമാര്ന്ന ഭക്തി പ്രഹര്ഷത്തില് പലതും നമുക്ക് സാധിക്കും. മഹര്‍ഷി അരവിന്ദന് പറയുന്നതു പോലെ, നമുക്ക് വേണ്ടത് രണ്ട് കാര്യങ്ങളാണ് ഭക്തിയും ശക്തിയും. അറിവിന്റെ ശക്തിയും ഇച്ഛയുടെ ശക്തിയും കാര്യം ചെയ്യാനുള്ള ശക്തിയും ഉണ്ടെങ്കില്‍ അവയില്‍ നിന്നും ആളിപ്പടരുന്ന തീജ്വാല കണക്കേ ഭക്തി ഉത്ഭൂതമാകും. ആ ഭക്തിയുടെ സ്വാധീനത്തില്‍ നമ്മള് ആഗ്രഹിക്കുന്നതെല്ലാം നടക്കും. അത്തരത്തില്‍ അരവിന്ദ മഹര്‍ഷി പറഞ്ഞതു പോലെ നമുക്ക് വീണ്ടും ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാന്‍ കഴിയും. കാഴ്ചയ്ക്ക് ശാന്തവും വിശാലവും സമാധാന പൂര്ണ്ണവുമാണെങ്കിലും ആവശ്യം വന്നാല്‍ ഹിമാലയത്തോളം ഉയരത്തില്‍ തിരമാലകളെ ഉയര്‍ത്താന്‍ പോന്ന തരത്തില്‍ ഉഗ്രശക്തി പൂണ്ട സാഗരം പോലെയുള്ള ഭാരതത്തിന്റെ ആത്മാവിനെ നമുക്ക് ഉണര്‍ത്താന്‍ കഴിയണം. അങ്ങനെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല.
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജമ്മു കാശ്മീരിന് നല്‍കിയിരുന്ന 370 ആം വകുപ്പ് ഭേദഗതി ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ ? ഭരണഘടനാ നിര്‍മ്മാണ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയുടെ നിര്‍ബന്ധ പ്രകാരം ബാബാ സാഹേബ് അംബേദ്കറും മറ്റു ഭരണഘടനാ നിര്‍മ്മാതാക്കളും മനസ്സില്ലാ മനസ്സോടെ എഴുതിച്ചേര്‍ത്ത ആ വകുപ്പ് താല്കാലികമാണെന്ന് അക്കാലത്ത് തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഒരു പഴുത്തില കൊഴിയുന്ന ലാഘവത്തില്‍ കൊഴിഞ്ഞു പോകുമെന്ന് പറഞ്ഞിരുന്ന ആ വകുപ്പ്, കാഴ്ചപ്പാടില്ലാത്ത ഭരണാധികാരികളുടെ ഭരണ വികലത കൊണ്ടും പ്രീണന രാഷ്ട്രീയം കൊണ്ടും പിന്നീട് തായ്തടിയെക്കാള്‍ ഉറപ്പുള്ള ഒരു വലിയ ശാഖയായി വളരുന്നത് നമുക്ക് കാണേണ്ടി വന്നു. മാത്രമല്ല ആ ശാഖ മുറിക്കേണ്ടി വന്നാല്‍ തായ്തടിക്ക് കേടു വരും അതായത് കാശ്മീരിനു നല്കിയ വര്‍ഗ്ഗീയ പരിഗണന റദ്ദു ചെയ്യപ്പെട്ടാല്‍ അവശിഷ്ട ഭാരതത്തിന് കേടുപാടുകളുണ്ടാകും എന്ന ഭീഷണി വരെ ഇവിടെ ഉയര്‍ന്നു കേട്ടിരുന്നു. എന്നിട്ടും അത് സംഭവിച്ചില്ലേ ? 72 വര്‍ഷങ്ങള്‍ക്കു ശേഷം 2019 ആഗസ്റ്റ് 5 ന് ഔദ്യോഗികമായും ഭരണഘടനാപരമായും നിയമപരമായും ജമ്മുകാശ്മീര്‍ ഭാരതത്തിന്റെ ഭാഗമായി മാറിയില്ലേ. എങ്ങനെ അത് സാധ്യമായി? ഞാന്‍ മുന്നേ സൂചിപ്പിച്ചതു പോലെ, മഹര്‍ഷി അരവിന്ദന് വിഭാവനം ചെയ്തതു പോലെ ജ്ഞാന-ഇച്ഛാ-ക്രിയാ ശക്തികളുടെ സംയോജനത്തില്‍ നിന്നും ആളിപ്പടര്‍ന്ന തീജ്വാല പോലെ ഉത്ഭൂതമായ അചഞ്ചലമായ രാഷ്ട്ര ഭക്തിയുടെ പ്രഭാവത്തില്‍ അത് സാധ്യമായി.
മതനിയമങ്ങള്‍ ഭരണഘടനയ്ക്കും മുകളില്‍ എന്നതൊക്കെ അവസാനിച്ചു
ഭാരതത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ വീറ്റോ പവറിനെ തള്ളിക്കളഞ്ഞു കൊണ്ട് ഇസ്ലാമിക മഹിളകളെ, മനുഷ്യരെക്കാള്‍ താഴെയുള്ള വര്‍ഗ്ഗമായി കണക്കാക്കിയിരുന്ന മുത്തലാക്ക് എന്ന വികലമായ വ്യവസ്ഥിതി എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ ? എന്നാല്‍ നമ്മുടെ കണ്മുന്നില് അതു സംഭവിച്ചില്ലേ.
ഇസ്ലാമിക ഭീകരവാദികള്‍ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി ഭീഷണിപ്പെടുത്തിയാല്‍ ഭരണഘടന ഭേദഗതി വരുത്തിയിരുന്ന, സുപ്രീം കോടതി വിധി അട്ടിമറിച്ചിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ മുന്പുണ്ടായിരുന്നു. ഷാ ബാനു എന്ന വൃദ്ധ, മുത്തലാക്ക് ചൊല്ലിയ ഭര്‍ത്താവില്‍ നിന്നും ജീവനോപാധിയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിക്കുകയും അതിന് അനുകൂലമായ രീതിയില്‍ മുത്തലാക്ക് ചൊല്ലിയ വ്യക്തിയില്‍ നിന്നും ജീവനോപാധി ലഭിക്കുവാനുള്ള അവകാശം ഭാര്യയ്ക്കുണ്ടെന്ന വിധി കോടതി പ്രസ്താവിക്കുകയും ചെയ്ത സമയത്ത് ഭാരതത്തിലുണ്ടായ പുകില് നാം കണ്ടതാണ്. വിധി നടപ്പിലാക്കിയാല്‍ ഭാരതമെമ്പാടും വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറുമെന്ന ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ, ഭാരതത്തിന്റെ നിയമപാലക സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് പറയുവാനുള്ള ധൈര്യം പോലും അന്ന് ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍ (രാജീവ് ഗാന്ധി) ഉണ്ടായില്ല. മാത്രമല്ല, ഇസ്ലാമിക വീറ്റോ പവറിന് കീഴ്പ്പെട്ടു കൊണ്ട് മുസ്ലീം ശരിയത്ത് നിയമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന തരത്തില്‍, അദ്ദേഹം, പാര്‍ലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തു കൊണ്ട് സുപ്രീം കോടതി വിധി അട്ടിമറിക്കുകയും ഭരണഘടനാ ഭേദഗതിയിലൂടെ മുസ്ലീം വ്യക്തിനിയമങ്ങളെ കൂടുതല്‍ സാധൂകരിച്ചെടുക്കുകയും ചെയ്തു. ഞാന്‍ ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചുവെന്നു മാത്രം. മുന്‍പ് കല്‍ക്കട്ട ഹൈക്കോടതിയ്ക്കു മുന്നില്‍ ഇതേ മതവിഭാഗത്തിന്റെ മതഗ്രന്ഥത്തിനെതിരെ ഒരു കേസ് വന്നു. ആ മതഗ്രന്ഥത്തില്‍ ആധുനിക കാലത്തെ പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിരവധി കാര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്ത ഒന്നു മുഖവിലയ്ക്കെടുക്കുവാനോ പരിഗണിക്കുവാനോ കോടതി തയ്യാറായില്ല. അത്തരത്തില്‍
മതനിയമങ്ങള്‍ക്ക്, ഭരണഘടനയ്ക്കും ഇന്ത്യന്‍ പീനല്‍ കോഡിനും മുകളില്‍ സ്ഥാനം നല്‍കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതിനൊക്കെ ഇന്ന് അവസാനം കുറിച്ചിരിക്കുന്നു.
രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്ന് എത്ര പേര് വിശ്വസിച്ചിരുന്നു ? രാമക്ഷേത്രമുയരുമെന്ന് ചങ്കില് കൈ വച്ചു കൊണ്ട് സംഘപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴൊക്കെ അവരെ രൂക്ഷമായി പരിഹസിച്ച സമൂഹമല്ലേ നമുക്ക് ചുറ്റുമുണ്ടായിരുന്നത്. 492 വര്‍ഷങ്ങള്‍ക്ക് മുമ്പ്, AD 1528 ല്‍ സംഭവിച്ച ആ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് സാധ്യതയില്ലെന്ന് പലരും പറഞ്ഞിട്ടും അത് യാഥാര്‍ത്ഥ്യമായില്ലേ. ഞാന്‍ മുമ്പ് സൂചിപ്പിച്ചതു പോലെ ജ്ഞാനശക്തിയും ഇച്ഛാശക്തിയും ക്രിയാശക്തിയും കൃത്യമായ രീതിയില്‍ സംയോജിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്ന് സംജാതമായ അഭൂതമായ ഭക്തിയുടെ പ്രേരണയാലാണ് അതും സാധ്യമായിരിക്കുന്നത്.
ഭാരതം മാറുകയാണ്
ഭാരതം, പാശ്ചാത്യ ദര്‍ശനങ്ങളെ, അതിപ്പോള്‍ കമ്മ്യൂണിസ്റ്റ് ദര്‍ശനമായാലും മുതലാളിത്ത ദര്‍ശനമായാലും, പിന്തുടര്ന്നാല് മാത്രമേ വളരാന്‍ കഴിയൂ എന്ന ചിന്താബോധമാണ് നാളിതു വരെയുള്ള ഭരണാധികാരികളെ നയിച്ചു പോന്നിരുന്നത്. രാഷ്ട്രബോധവും സ്വത്വബോധവും സ്വദേശിബോധവും സമന്വയിപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യം നേടിയെടുത്തുവെങ്കിലും പിന്നീട് സ്വദേശീ ബോധത്തെ നമ്മുടെ ദര്‍ശനമായി കണ്ടു കൊണ്ട് മുന്നോട്ടു പോകുവാന്‍ അന്നത്തെ പ്രധാനമന്ത്രിയാകേണ്ട വ്യക്തിക്ക് താല്പര്യമുണ്ടായിരുന്നില്ല. സ്വതന്ത്ര്യം ലഭിക്കാറായപ്പോള്‍ തന്നെ, സ്വദേശി സങ്കല്‍പ്പത്തില്‍ ആധുനിക കാലത്ത് മുന്നോട്ടു പോകാനാകില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. 1945 ഒക്ടോബര്‍ 9 ന് മഹാത്മാ ഗാന്ധിജിക്ക് എഴുതിയ കത്തില്‍ ജവഹര്‍ലാല്‍ നെഹ്രു പറയുന്നുണ്ട്. ഗ്രാമങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ഭാരതത്തിന് മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന്. മറുപടി കത്തില്‍ ഗാന്ധിജി നെഹ്രുവിനോട് അപേക്ഷിക്കുന്നുണ്ട്.
തന്റെ ‘ഹിന്ദു സ്വരാജി’ല്‍ പരാമര്‍ശിക്കുന്നതു പോലെ ഗ്രാമങ്ങളിലാണ് ഭാരതം ജീവിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര ഭാരതത്തിന്റെ നിയനിര്മ്മാണങ്ങളും കൃഷിയുടേയും വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ആസൂത്രണങ്ങളും നടത്തണമെന്ന അപേക്ഷ ഗാന്ധിജി മുന്നോട്ടു വച്ചപ്പോള്‍, ഗ്രാമങ്ങള്‍ അന്ധവിശ്വാസങ്ങളുടേയും ബുദ്ധിശൂന്യതയുടേയും വിഴുപ്പുനിലങ്ങളാണെന്നും എത്രയും വേഗം ഗ്രാമങ്ങള്‍ ഇല്ലാതാകണമെന്നും പറഞ്ഞ വ്യക്തിയാണ് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹു. സ്വദേശീ സങ്കല്‍പ്പം, ആധുനിക ലോകത്തിന് ഭൂഷണമല്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് ചിന്താഗതിയുടെ പിന്നാലെ പോയത് നാം കണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു. ഓരോ പഞ്ചവത്സര പദ്ധതിയും അക്ഷരാര്‍ത്ഥത്തില്‍ നമ്മെ പിന്നോട്ടടിക്കുന്നതായിരുന്നു. രണ്ടാം പഞ്ചവത്സര പദ്ധതി, കമ്മി ബജറ്റില്‍ നിന്നും ആരംഭിക്കേണ്ട ഗതികേട് നമുക്കുണ്ടായി. സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഘനവ്യവസായങ്ങള്‍ക്ക് പിന്നില്‍ തഴച്ചു വളര്‍ന്നത് അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു. റഷ്യയിലും യുഗോസ്ലാവാക്യയിലും ക്യൂബയിലും പോളണ്ടിലും എപ്രകാരമാണോ സോഷ്യലിസം, അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ആ നാടിന്റെ പുരോഗതിയെ തടഞ്ഞു വച്ചത്, അപ്രകാരം ഭാരതത്തിലും അത് രാഷ്ട്ര പുരോഗതിയെ പിന്നോട്ടടിക്കുന്നതിന് കാരണഭൂതമായി.
എന്നാല്‍ ഇന്ന് മാറ്റങ്ങള്‍ നാം കാണുന്നു. ‘ വോക്കല്‍ ഫോര്‍ ലോക്കല്‍ ‘ പ്രഖ്യാപനത്തിലൂടെ, ‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രഖ്യാപനത്തിലൂടെ ഭാരതം, സാമ്പത്തിക പുരോഗതിയിലേക്ക് ചുവടു വയ്ക്കുകയാണ്. ഈ കൊറോണയുടെ അടച്ചിടല്‍ കാലത്തു പോലും ഭാരതത്തിന്റെ വിദേശനാണ്യ ശേഖരത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവ് നമ്മുടെ ആന്തരിക ശക്തിയുടെ കൃത്യമായ പ്രതിഫലനമാണ്. 40 കോടി സാധാരണക്കാരായ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്കിയ ജന്‍ധന്‍ യോജന പോലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച ഭാരതത്തിന്റെ ഉദ്യമങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. വ്യവസായങ്ങളും വ്യാപാര കേന്ദ്രങ്ങളും തുടങ്ങാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഇടമായി ഭാരതത്തെ ലോകം വീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വ്യാപാര സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ 23 സ്ഥാനങ്ങള്‍ മുന്നോട്ട് കുതിച്ച് കയറുവാന്‍ ഭാരതത്തിന് സാധിച്ചു.
ബുദ്ധന് പിറന്ന്, ഗാന്ധിജി പിറന്ന ഭാരതത്തിന്റെ സൈന്യം
എന്തായിരുന്നു നമ്മുടെ സൈനികരോടുണ്ടായിരുന്ന മനോഭാവം ? ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇന്ത്യന്‍ സൈനിക സംവിധാനം അതിശക്തമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇന്ത്യന്‍ സമ്പത്തിനേയും ഇന്ത്യന്‍ സൈനികരേയുമാണ് ബ്രിട്ടീഷുകാര്‍ പ്രധാനമായും ഉപയോഗിച്ചത്.ഈയിടെ ജനറല്‍ ബക്ഷി എഴുതിയ ഒരു ലേഖനത്തിലെ കണക്കുകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഏതാണ്ട് കാല് കോടി ഇന്ത്യന്‍ പട്ടാളക്കാരെയാണ് പല കാലഘട്ടങ്ങളിലായി ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ പിന്നില്‍ അണിനിരത്തിയിരുന്നത്. ലക്ഷക്കണക്കിന് ഇന്ത്യന്‍ സൈനികര്‍ക്ക് ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്വ വികസന മോഹത്തിനു വേണ്ടി രക്തസാക്ഷികളാകേണ്ടി വന്നു. നമ്മുടെ കോടിക്കണക്കിന് രൂപ അതിനായി ചെലവഴിക്കപ്പെട്ടു. ഭാരതത്തിന്റെ മഹാനായ വന്ദ്യവയോധികന് ശ്രീ. ദാദാഭായ് നവ്റോജി തന്റെ പുസ്തകമായ ‘ Poverty and Un-British rule in India’ ല്‍ ഭാരതത്തിന്റെ സമ്പത്താകുന്ന രക്തത്തെ, ബ്രിട്ടീഷുകാര്‍ എപ്രകാരം ഊറ്റികുടിച്ചുവെന്ന ‘രക്തരക്ഷസ്സ് വാദ’ത്തെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഭരണ നിര്‍വ്വഹണത്തിനും സൈനിക ആവശ്യങ്ങള്‍ക്കും ബ്രിട്ടീഷ് ഭരണാധികാരികളുടെ ധൂര്‍ത്തിനും വേണ്ടി നമ്മുടെ ഏകദേശം 300 ദശലക്ഷം ഡോളറിന്റെ സമ്പത്താണ് ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയത്. തന്റെ അധീനതയിലുള്ള മറ്റ് രാജ്യങ്ങള്‍ ഭരിക്കുന്നതിനും, എന്തിന് സ്വന്തം രാജ്യത്തെ വ്യാവസായിക വിപ്ലവത്തിന് വേണ്ടിയും നമ്മുടെ പണം അവര്‍ ചെലവഴിച്ചു.
25 ലക്ഷത്തോളമുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യത്തില്‍ ബഹുഭൂരിപക്ഷത്തേയും, ഭാരതം സ്വതന്ത്രമാകാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ സമയത്ത്, ബ്രിട്ടീഷുകാര്‍ പിരിച്ചു വിടുകയുണ്ടായി. അവശേഷിച്ച 3 ലക്ഷം സൈനികരില്‍, വിഭജനം കൂടി കഴിഞ്ഞപ്പോള്‍ ഭാരതത്തിന് ലഭിച്ചത് ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് മാത്രം സൈനികരെയാണ്. ആ ഒരു അവസ്ഥ തരണം ചെയ്യുന്നതിലേക്കായി സമഗ്രവും സശക്തവുമായ ഒരു പ്രോജക്ട്, സേനയ്ക്ക് ഉപോല്‍ബലകമാകുന്ന തരത്തില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ച അന്നത്തെ സൈനിക മേധാവിയോട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ചോദിച്ചത് ‘ ബുദ്ധന് പിറന്ന ഭാരതത്തിന്, ഗാന്ധിജി പിറന്ന ഭാരതത്തിന് സൈന്യത്തിന്റെ ആവശ്യമുണ്ടോ ?’ എന്നായിരുന്നു. സൈന്യമില്ലാത്ത രാഷ്ട്രമെന്ന പുതിയൊരു സംസ്കാരമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും സൈനികരെയൊക്കെ കൃഷിയ്ക്കിറക്കുന്ന ഒരു പുതിയ സമ്പ്രദായമുണ്ടാകണമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
ജവഹര്‍ ലാല്‍ നെഹ്രു എന്ന ഒരു വ്യക്തിയെ കുറ്റപ്പെടുത്തുക എന്നതല്ല എന്റെ ലക്ഷ്യം, മറിച്ച് ഭാരതീയ ചിന്തകള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച ഒരു വിചാരധാരയുടെ പ്രതിനിധിയായാണ് ഞാന്‍ അദ്ദേഹത്തെ ഉദാഹരിക്കുന്നത്. വെല്ലുവിളികളെ ഏറ്റെടുത്തു കൊണ്ട് കച്ചവടം നടത്തി നേടിയെടുക്കുന്ന ‘ലാഭ’ത്തെ ഭാവാത്മകമായാണ് ഭാരതത്തിന്റെ തത്വസംഹിതയായ അര്‍ത്ഥ ശാസ്ത്രത്തില്‍ ചാണക്യന് വിശദീകരിക്കുന്നത്. എന്നാല്‍ നെഹ്രുവിനെ സംബന്ധിച്ച് ലാഭം എന്നത് ഒരു ചീത്ത വാക്കായിരുന്നു. ‘Profit is a dirty word’ എന്നാണ് J D ടാറ്റയോട് നടത്തിയ സംഭാഷണത്തില്‍ നെഹ്രു വ്യക്തമാക്കിയത്. നെഹ്രുവിന്റെ വികലമായ ഈ സാമ്പത്തിക നിലപാടാണ് നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയെ, സാമ്പത്തിക ഭദ്രതയെ പിന്നോട്ടടിച്ചത്, തകര്‍ത്തെറിഞ്ഞത്. സമാനമായിരുന്നു സൈനിക രംഗത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍. സൈന്യത്തെ ആധുനികവല്കരിക്കണമെന്നും ശാക്തീകരിക്കണമെന്നും നവീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നെഹ്രു നിഷ്കരുണം തള്ളിക്കളഞ്ഞതിന്റെ അനന്തരഫലം നാം അനുഭവിച്ചതാണ്. ആയുധബലത്തിലും പോരാട്ടവീര്യത്തിലും പിന്നോക്കം നിന്നിരുന്ന പാക്കിസ്ഥാനെ, വ്യക്തിപരമായ വീറും സ്വാഭിമാന ബോധവും കൊണ്ട് പൊരുതി തോല്പ്പിക്കുവാന് നമുക്ക് സാധിച്ചുവെങ്കിലും 1962 ല്‍ ചൈനയ്ക്കു മുന്നില്‍ നമുക്ക് പതറിപ്പോകേണ്ടി വന്നില്ലേ. ആയുധബലത്തിലും ആള്‍ബലത്തിലും വളരെ മുന്നില്‍ നിന്ന ചൈനയ്ക്കു മുന്നില്‍ നവീകരിക്കപ്പെടാത്ത, ആധുനികവല്‍ക്കരിക്കപ്പെടാത്ത നമ്മുടെ സൈനിക സംവിധാനം വീറോടെ പൊരുതാന്‍ ശ്രമിച്ചിട്ടും വിജയം നേടാന്‍ സാധിച്ചോ? തവാങ് മലയിടുക്കിലെ മരംകോച്ചുന്ന തണുപ്പില്‍, ജസ്വന്ത് സിംഗ് എന്ന 24 വയസ്സുകാരനായ ഇന്ത്യന്‍ സൈനികന് ഒറ്റയ്ക്ക് 300-350 ചൈനീസ് പട്ടാളക്കാരെ കൊന്നതിന്റെ പോരാട്ടഗാഥയൊക്കെ നമ്മുടെ മുന്നിലുണ്ടെങ്കിലും, വെട്ടുക്കിളികളെ പോലെ ആര്‍ത്തിരമ്പി വന്ന ലക്ഷക്കണക്കിന് ചൈനീസ് പട്ടാളക്കാര്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് നമുക്ക് കഴിഞ്ഞില്ല. നെഹ്രുവിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സൈനിക നയമായിരുന്നു ഇതിനു കാരണം. എന്നാല്‍ ഇന്ന് ഈ വ്യവസ്ഥിതിയ്ക്കൊക്കെ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. നമ്മുടെ സൈനിക സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടുന്നു. തദ്ദേശീയമായി ആയുധങ്ങളും കവചിത വാഹനക്കളുമൊക്കെ വികസിപ്പിച്ചെടുക്കുന്ന അവസ്ഥയിലേക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയൊരു മാറ്റം ദൃശ്യമാകുന്നു. ഒരു കാലത്ത് അതൊന്നും നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. 101 സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പ്രതിരോധ മന്ത്രി പുറത്തിറക്കിയപ്പോള്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മഹീന്ദ്രയും ടാറ്റയും പോലുള്ള ഇന്ത്യന്‍ കമ്പനികള്‍, സേനയ്ക്ക് ആവശ്യമുള്ള എന്തും നിര്‍മ്മിച്ചു നല്കാന് തയ്യാറായി മുന്നോട്ടു വരുന്നത് നാം കണ്ടു.
ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ ഒരു പടി മികച്ച ഉപകരണങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി ഭാരതീയമായ കമ്പനികള്‍ മുന്നോട്ടു വന്നത് നമ്മെ സംബന്ധിച്ച് ആവേശവും ആത്മാഭിമാനവും ആഹ്ലാദവും പകരുന്ന വസ്തുതയാണ്. അതേ, ഭാരതം മാറുകയാണ്.
ഹൈന്ദവ ദേശീയ ബോധത്തിന്റെ ഉണര്‍വ്
ഛത്രപതി ശിവജിയുടെ ഹിന്ദുസാമ്രാജ്യ സ്ഥാപന സന്ദര്‍ഭത്തില്‍ ഉണ്ടായ ഒരു ഹൈന്ദവ ദേശീയ ബോധത്തിന്റെ ഉണര്‍വ്വിലേക്ക് ഭാരതം ഇക്കഴിഞ്ഞ നാളുകളില്‍ എത്തിച്ചേര്‍ന്നുവെന്നത് നമുക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ദേശീയതയുടെ അടിസ്ഥാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് ചെവിയോര്‍ക്കുന്നവര്‍ക്ക്, കണ്ണ് തുറന്നു പിടിക്കുന്നവര്‍ക്ക്, ഹൃദയം തുറന്നു പിടിക്കുന്നവര്‍ക്ക് ദേശീയതയുടെ ഉജ്ജ്വലമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഛത്രപതി ശിവജിയുടെ കാലത്തിലേക്ക്, കൃഷ്ണദേവരായരുടെ സാമ്രാജ്യത്തിലേക്ക്, വൈദിക ഹിന്ദു വീര പൗരുഷത്തിന്റെ ഉജ്ജ്വലമായ ഉയരങ്ങളിലേക്ക് നാം തിരിച്ചു പോകുകയാണ്. തിരിച്ചു പോക്കിന്റെ ഈ കാലഘട്ടത്തില്‍ ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ മനസ്സില്‍ അവശേഷിക്കുന്ന ആ വിഷമത്തിനും പരിഹാരം കാണുവാന്‍ നമുക്ക് സാധിക്കണം. അഖണ്ഡ ഭാരതവും സാക്ഷാത്ക്കരിക്കാന്‍ നമുക്ക് സാധിക്കും. അതിനായി മനസ്സ് പൂര്‍ണ്ണമായും അര്‍പ്പിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ നാം തയ്യാറായാല്‍, ഭാരതത്തോട് കിടപിടിക്കാന്‍ പോന്ന മറ്റൊരു രാഷ്ട്രവും ലോകത്തുണ്ടാകില്ല. ലോകത്തിന്റെ നെറുകയില്‍ നിന്നു കൊണ്ട്, ലോകമെമ്പാടും പ്രകാശം ചൊരിയുവാന്‍ നമുക്ക് സാധിക്കും. അതിനായി നാം ചെയ്യേണ്ടത് ബാല ഗംഗാധര തിലകനും മഹര്‍ഷി അരവിന്ദനും വിവേകാനന്ദനും ഡോക്ടര്‍ജിയും ഗുരുജിയും ദീനദയാല്ജിയുമൊക്കെ മുന്നോട്ടു വച്ച ഭാരതത്തിന്റെ സ്വത്വബോധത്തെ മുറുകെ പിടിച്ച് മുന്നോട്ടു പോകുകയെന്നതാണ്. ആ സ്വത്വബോധത്തില്‍ ഉറച്ചു നില്ക്കുവാന് നാം തയ്യാറാകണം.
മഹാകവി വള്ളത്തോള്‍, ഛത്രപതി ശിവജിയെ കുറിച്ചെഴുതിയ ഒരു കവിതയില്‍ സ്വത്വത്തിന്റെ മഹത്വത്തെ പറ്റി വര്‍ണ്ണിക്കുന്നുണ്ട്. കൊണ്ടാന കോട്ട തിരിച്ചു പിടിച്ചു വന്ന മറാത്ത സൈന്യത്തോട് തന്റെ സേനാനായകനായ താനാജിയെ കുറിച്ച് ശിവജി ചോദിക്കുന്ന ഒരു രംഗമുണ്ട്. താനാജി യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന് ശിവജി അറിയുമ്പോള്‍, അദ്ദേഹം വേദനയോടെ പറഞ്ഞ ഒരു വാചകം വള്ളത്തോള്‍ ഉദ്ധരിക്കുന്നുണ്ട്. ശിവജി പറയുന്നു. ‘ സിംഹം പോയി, ഘട്ട് കിട്ടി ‘ (ആ പ്രയോഗത്തില്‍ നിന്നുമാണ് കൊണ്ടാന കോട്ടയ്ക്ക് സിംഹഘട്ട് എന്ന പേരു ലഭിച്ചത്). അതേ രീതിയില്‍ വള്ളത്തോള്‍ കുറിയ്ക്കുന്നു. ‘തന്ത്രമുണ്ട് , സ്വത്വമെങ്ങോ ‘ നമുക്ക് തന്ത്രമുണ്ട് , പക്ഷേ സ്വത്വമില്ല.. ഇതു രണ്ടും കൂടി ചേരുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുക. മഹാകവി വള്ളത്തോള്‍, ഛത്രപതി ശിവജിയെ കുറിച്ച് കവിത എഴുതിയിട്ടുണ്ടോ എന്നു ഇന്ന് സാഹിത്യ വിദ്യാര്‍ത്ഥികള്‍ പോലും അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ വളളത്തോളിന്റെയും ഉള്ളൂരിന്റേയും കുമാരനാശാന്റേയുമൊക്കെ കാലത്ത് ഒരു ശക്തിയ്ക്കും അവരുടെ കാലികപ്രസക്തമായ സൃഷ്ടികളെ തടയാന്‍ കഴിഞ്ഞിരുന്നില്ല.. ‘അമ്മമാരില്ലേ, സഹോദരിമാരില്ലേയീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ..’ എന്നു വിവരിച്ചു കൊണ്ട് ദുരവസ്ഥ എന്ന കാവ്യമെഴുതാന്‍ കുമാരനാശാന് ആരേയും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ കാലശേഷം, ദുരവസ്ഥയെന്നത് കുമാരനാശാനു പറ്റിയ കൈപ്പിഴയാണെന്നു വ്യാഖ്യാനിക്കാന്‍ നടക്കുന്ന ഇടതുപക്ഷ സാംസ്കാരിക ദുരന്തകന്മാര് അക്കാലത്ത് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിലോദാത്തനായ ആദ്ധ്യാത്മിക രാജാവ് ശ്രീനാരായണ ഗുരുദേവനില്‍ നിന്നും വിദ്യ സ്വീകരിച്ച കുമാരനാശാന് കണ്മുന്നില് നടന്ന യാഥാര്‍ത്ഥ്യങ്ങളെ കാവ്യാത്മകമായി വിവരിക്കുവാന്‍ ആരേയും പേടിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.’ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം’ എന്നെഴുതാന്‍ വള്ളത്തോളിന് അന്ന് ഭയമുണ്ടായിരുന്നില്ല. ഇന്നാണ് ‘ഭാരത് മാതാ കീ ജയ്’ എന്നെഴുതിയിരുന്നതെങ്കില് അത് വര്‍ഗ്ഗീയമാണെന്ന് ചിലരെങ്കിലും പറയുമായിരുന്നു. ഇന്നത്തെ അവസ്ഥ അത്രയ്ക്ക് ഭീകരമാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നുര്‍ സംഘ ജില്ല സംഘടിപ്പിച്ച ‘ഉത്ഗ്രഥന്’ എന്ന പരിപാടിയില്‍ പങ്കെടുത്ത കവി അനില്‍ പനച്ചൂരാന് തനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. 1992 ല്‍ ‘വന്ദേ ഭാരതം’ എന്ന കവിത എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. ലൗ ജിഹാദിന്റെ വക്താക്കളെ, പ്രണയം നടിച്ചു വരുന്ന സുവര്‍ണ്ണ മാനിന്റെ രൂപത്തിലുള്ള മാരീചനോടുപമിച്ചു കൊണ്ട് കവിത എഴുതിയതിന്റെ പേരില്‍, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട 15 ഓളം യോഗങ്ങളില്‍ നിന്നും അദ്ദേഹത്തെ ബോധപൂര്‍വ്വം ഒഴിവാക്കുന്ന അവസ്ഥയുണ്ടായി. അതാണ് ഇന്നത്തെ സാഹിത്യ കേരളത്തിന്റെ സ്ഥിതി.
അറിയുക ഭാരതത്തിന്റെ സ്വത്വത്തെ
മഹാകവി വളളത്തോള്‍ പറഞ്ഞു വച്ചതു പോലെ, ഭാരതത്തിന്റെ സ്വത്വത്തെ അറിയുവാനും ദേശമെമ്പാടും വ്യാപിപ്പിക്കുവാനുമുള്ള പ്രേരണയാണ് ഇത്തരം മുഹൂര്‍ത്തത്തില്‍, രാഷ്ട്രത്തെ വന്ദിക്കുന്ന ഈ സ്വതന്ത്ര്യ ദിനത്തില്‍ നാം ഓര്‍ക്കേണ്ടത്. ഏതാണ് ഈ സ്വത്വം എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അത് ഭാരതത്തിന്റെ ദേശീയതയായ സനാതന ധര്‍മ്മം തന്നെയാണ്. മഹര്‍ഷി അരവിന്ദന് പറഞ്ഞ സനാതന ധര്‍മ്മം. സ്വാമി വിവേകാനന്ദന് പറഞ്ഞ ഹിന്ദുത്വം. അതു തന്നെയാണ് ഭാരതത്തിന്റെ സ്വത്വം. അത് കേവലം മതമല്ല, അതിനുമുപരി ഈ രാഷ്ട്രമാണ്, ഇതിന്റെ രാഷ്ട്രീയതയാണ്. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്കോ സോഷ്യലിസ്റ്റ് തത്വചിന്തകള്ക്കോ നമ്മെ ഒരുമിപ്പിക്കാന്‍ കഴിയില്ല. ഭാരതത്തിന്റെ വിശാലമായ സാംസ്കാരിക ദര്‍ശനത്തിനു മാത്രമേ, അതായത് ഹിന്ദുത്വത്തിനു മാത്രമേ എല്ലാത്തിനേയും, ഈ രാഷ്ട്രത്തെ ഒന്നാകെ ഒരുമിപ്പിക്കാന്‍ കഴിയൂ. അതു തന്നെയാണ് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്.
ചരിത്രത്തില്‍ നിന്നും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തികഞ്ഞ കൃതജ്ഞതയോടു കൂടി രാഷ്ട്രത്തിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി പൊരുതിയ സ്വാതന്ത്യസമര പോരാളികളെ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. മരണമല്ലാതെ മറ്റൊന്നും ലഭിക്കില്ല എന്നറിയാമായിരുന്നിട്ടും പിറന്ന നാടിന്റെ മോചനത്തിനു വേണ്ടി പോരാടിയ ആ ധീരദേശാഭിമാനികളെ, ദു:സ്വപ്നത്തില്‍ പോലും തള്ളിപ്പറയേണ്ട ഒരവസ്ഥ നമുക്ക് ഉണ്ടാവരുത്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരന്മാരില് മുന്‍പന്തിയില്‍ നില്ക്കുന്ന, ഭാരതത്തിന്റെ ആധുനിക ദേശീയ രാഷ്ട്രീയ പൗരുഷത്തിന്റെ പിതാവായ, സൈനിക നവീകരണത്തിന്റെ പ്രയോക്താവായ, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ സവര്‍ക്കറെ പോലുള്ള അസംഖ്യം വിപ്ലവകാരികളെ നാം ഈ അവസരത്തില്‍ ഓര്‍ക്കണം. ആരെയെങ്കിലുമൊക്കെ ഓര്‍ക്കുന്നുവെങ്കില്‍ അത് ഭഗത്സിംഗിനേയും രാജ്ഗുരുവിനേയും സുഖ്ദേവിനേയും വീര സവര്‍ക്കറേയും പോലുള്ള ധീര വിപ്ലവകാരികളെ കുറിച്ച് ആദ്യമോര്‍ക്കണം. എന്നാല്‍ സവര്‍ക്കറേയും ഭഗത്സിംഗിനേയും എന്തിന് ഗാന്ധിജിയുടേയുമൊക്കെ സദ്ചരിത്രങ്ങളില് കരിവാരിത്തേച്ചു കൊണ്ട് അവരെ തെറ്റായി ചിത്രീകരിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നമുക്ക് ചുറ്റും ഇന്ന് നടക്കുന്നുണ്ട്. അവരുടെ അത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്ത തരത്തില്‍, അവരെ പിന്തിരിപ്പിക്കുവാന് കഴിയുന്ന തരത്തില്‍ നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
ഈ അവസരത്തില്‍ മഹാകവി വള്ളത്തോള്‍ തന്നെ ഛത്രപതി ശിവജിയെ കുറിച്ചെഴുതിയ മറ്റൊരു കവിത ഓര്‍മ്മയില്‍ വരുന്നു. ജയസിംഹനെഴുതിയ കത്തിന്റെ മഹത്വത്തെ പറ്റി പറയുന്ന ‘കാട്ടെലിയുടെ കത്ത് ‘ എന്ന കവിത, അദ്ദേഹം ഇത്തരത്തില്‍ അവസാനിപ്പിക്കുന്നു.
‘ആരീക്കത്തെഴുതി സ്വധര്മ്മസുഭഗം
ദേശാഭിമാനോജ്ജ്വലം,
പാരില്‍’ക്കാട്ടെലി’യായ് ശിവക്ഷിതിപനാ-
മദ്ധീരകണ്ഠീരവന് :
വാരിത്തേപ്പിതസൂയ സച്ചരിതമേ,
നിന്മേലഴുക്കെങ്കിലും,
നേരിന്കൈകളൊരിക്കലക്കരി തുട-
ച്ചെല്ലാം വെടുപ്പാക്കിടും !’
മാറ്റം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു
ശിവക്ഷിതിപനായ, ധീരകണ്ഠീരവനായ ശിവജിയെ വെറും കാട്ടെലിയോട് ഉപമിച്ച് പരിഹസിക്കുന്നുവോ എന്ന് കവി ചോദിക്കുന്നു. സച്ചരിതത്തിനു മേലെ, വിപ്ലവകാരികളുടെ ചരിത്രത്തിനു മേലെ എത്ര തന്നെ അസൂയയുടെ അഴുക്ക് വാരിത്തേക്കാന്‍ ശ്രമിച്ചാലും നേരിന്റെ കൈകള്‍ ഒരു നാളില്‍ വാരിത്തേയ്ക്കപ്പെട്ട ആ കരി തുടച്ചു വൃത്തിയാക്കുമെന്ന് കവി പ്രത്യാശ പ്രകടിപ്പിക്കുന്നു. ആ പ്രത്യാശയും പ്രതീക്ഷയും നമ്മളിലാണ് മഹാകവി വള്ളത്തോള്‍ സമര്‍പ്പിക്കുന്നത്. ആ നേരിന്റേയും സത്യത്തിന്റേയും ശക്തി ഉയര്‍ന്നു വരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണ് 73 വര്‍ഷങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന ഭാരതത്തിന്റെ സമഗ്രമായ ഒരു ദേശീയ വിദ്യാഭ്യാസ നയം. 1986 ലെ NEP കുറിച്ച് വാചാലരാകുന്നവര്‍, 12 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2002 ല്‍ ദേശീയ വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് അരുണാ റോയി നല്കിയ കേസില്‍ ജസ്റ്റിസുമാരായ M B ഷാ, H. K. ഷെമാ, D. M. ധര്‍മ്മാധികാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് വളരെ വ്യക്തമായി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ‘ Our young generation influenced by the negative aspects of the western culture are stranded on cross roads, they don’t know which way they want to take ‘ എന്ന പ്രസ്താവം കാണാതെ പോകരുത്. 50 വര്‍ഷത്തിലേറെയായി നമുക്ക് കൃത്യമായ, സമഗ്രമായ വിദ്യാഭ്യാസ നയം ഇല്ലായെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തിന്റെ കെട്ടുപാടുകളില്‍ അകപ്പെട്ട നമ്മുടെ യുവജനത, എങ്ങോട്ടു പോകണമെന്നറിയാതെ നാല്ക്കവലകളില് അലഞ്ഞു തിരിയേണ്ടി വരുന്നുവെന്ന് പരമോന്നത നീതിപീഠം തന്നെ നിരീക്ഷിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും സമഗ്രമായ ദേശീയാധിഷ്ഠിത വിദ്യാഭ്യാസ നയത്തിലേക്ക് നാം ചുവടു മാറ്റാന്‍ പോകുകയാണ്.
മാറ്റം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സത്യം തിരികെ വരുന്നു. നേരിന്റെ കൈകള്‍ കരി തുടച്ചു നീക്കുമെന്ന വിശ്വാസത്തില്‍, മനസ്സിന്റെ മനസ്സില്‍ തീവ്രമായ ഇച്ഛയെ ജ്വലിപ്പിച്ചു കൊണ്ട്, ശക്തിയെ അടിത്തറയാക്കി മാറ്റിക്കൊണ്ട് അതില്‍ നിന്നും ഉത്ഭൂതമാകുന്ന രാഷ്ട്ര ഭക്തിയെ പ്രോജ്ജ്വലിപ്പിക്കുക. ആ പ്രയത്നത്തിലൂടെ ഭാരതം വീണ്ടും വിശ്വഗുരുവിന്റെ സ്ഥാനത്തേക്ക് ഉയരുക തന്നെ ചെയ്യും. അടുത്ത വര്‍ഷം ഭാരതം, സ്വാതന്ത്ര്യത്തിന്റെ 75 ആം പിറന്നാള്‍ ആഘോഷിക്കുവാന്‍ പോകുകയാണ്. മുക്കാല്‍ നൂറ്റാണ്ട് തികയുന്ന അത്തരുണത്തില്‍ നമുക്ക് ഒരുപാട് മുന്നേറുവാനുണ്ട്. ആ മുന്നേറുവാനുള്ള പ്രതിഞ്ജയെടുത്ത്, ലഭ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകുവാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന പ്രത്യാശയോടെ, ആധുനിക കാലത്തെ സ്വാതന്ത്യ ലബ്ദിയുടെ 74 ആം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നിറുത്തുന്നു.
വന്ദേ മാതരം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: