മൂന്നാര്‍: ഈ വാര്‍ത്തയിലെ ഓരോ വരികളിലും നിറഞ്ഞ് നില്‍ക്കുകയാണ് ഒരു നായയും രണ്ട് വയസുള്ള കളിക്കൂട്ടുകാരിയുമായുള്ള ബന്ധം. ആ സ്നേഹം വിവരിക്കാന്‍ ഏത് വാക്കുകള്‍ ഉപയോഗിക്കുമെന്ന് മാത്രം അറിയില്ല….
തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞ് ധനുഷ്കയെ തപ്പി കണ്ണീരൊലിപ്പിച്ച് കുവിയെന്ന നായ നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അവളുടെ സഹചാരികൂടിയായിരുന്ന നായ കുവി. ഒടുവില്‍ കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തു.
പെട്ടിമുടി ദുരന്തത്തിന്റെ തെരച്ചിലിന്റെ എട്ടാംദിനത്തില്‍ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം നാല് കിലോ മീറ്ററോളം താഴെ പാലത്തിന് (ലാല്‍ ബ്രിഡജ്) അടിയില്‍ മരത്തില്‍ തങ്ങി താഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞു മൃതദേഹം.
വളര്‍ത്ത് നായ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ പാലത്തിന് സമീപത്തേക്ക് നോക്കി നില്ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന് പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയും കുവി അവിടെ തന്നെ കിടക്കുകയാണ്. കുഞ്ഞുവിരലുകളാല്‍ നായയെ കളിപ്പിച്ചിരുന്ന ആ കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം കുവിയ്ക്ക് മാത്രം ഇനിയും മനസിലാക്കാനായിട്ടില്ല…..
അതേ സമയം ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 56 ആയി. കെഡിഎച്ച്പി അധികൃതര്‍ നല്കിയ കണക്ക് പ്രകാരം ഇനി 14 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ ആറ് പേര് കുട്ടികളാണ്.
https://m.facebook.com/story.php?story_fbid=2063789877088178&id=100003715561142
പ്രതികരിക്കാൻ ഇവിടെ എഴുതുക: