ശരീരത്തിനുള്ളിലെ മനഃസ്ഥിതിയെ ശരീരബാഹ്യമായ പ്രപഞ്ചത്തോളം ഉയര്‍ത്തി, പരമസ്ഥിതിയില് എത്തിക്കുകയെന്നതാണ് സനാതനധര്മോദ്ദേശ്യം. ഈ പ്രക്രിയ ഫലപ്രദമായി നടപ്പാക്കാനാണ് സാധാരണ കീര്‍ത്തനങ്ങള്‍ മുതല്‍ വേദോപനിഷത്തുകള്‍ വരെയുള്ള സാഹിത്യ വൈവിധ്യം ഋഷിമാര്‍ സംഭാവന ചെയ്തിട്ടുള്ളത്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ക്കുള്ള ഋഷിമാരുടെ സംഭാവനകളിലൊന്നാണ് രാമായണം.
അഞ്ചുസ്ഥിതികള്
ഗൃഹസ്ഥിതി, വ്യവസ്ഥിതി, പരിസ്ഥിതി എന്നിവയിലൂടെയാണ് മനസ്സ് ക്രമാനുഗതമായ പരമസ്ഥിതിയിലേക്ക് മുന്നേറുന്നത്. വ്യക്തി, കുടുംബത്തിലേക്കും തുടര്‍ന്ന് സമൂഹത്തിലേക്കും അവിടെ നിന്ന് ചുറ്റുപാടുകളിലേക്കും വളര്‍ന്ന് പരമസ്ഥിതിയിലെത്തുന്നു.
മനഃസ്ഥിതി
മര്യാദാ പുരുഷോത്തമനായ രാമന് പരമസ്ഥിതിയുടെ പര്യായമായതു കൊണ്ട് പ്രതിസന്ധികളെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്നു. ആസുരഭാവങ്ങളൊഴികെ ബാക്കിയെല്ലാം രാമസ്ഥിതിയ്ക്കു വേണ്ടി പ്രയത്നിക്കുന്നു. അണ്ണാറക്കണ്ണന് തൊട്ട് സീതാദേവി വരെ രാമസ്ഥിതിയോട് ചേര്‍ന്നു നില്ക്കുന്നു.
കുടുംബസ്ഥിതി
അധര്‍മം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന മനഃസ്ഥിതിയെ കുടുംബമെന്ന കടിഞ്ഞാണിലൂടെ രാമായണം വരുതിയിലാക്കുന്നു. ആദ്യം അനുസരിക്കാനും പിന്നീട് ആജ്ഞാപിക്കാനും രാമന് പഠിപ്പിക്കുന്നു. മനസ്സില്‍ സ്നേഹവും വിശ്വാസവും കരുതലുമുണ്ടെങ്കില്‍ ബന്ധങ്ങളുടെ ചരടുപൊട്ടാതെ മുന്നോട്ടു പോകാമെന്നും രാമായണം പഠിപ്പിക്കുന്നു.
വ്യവസ്ഥിതി
ആധുനിക വികസന ശാസ്ത്രത്തില്‍ സാമൂഹ്യമൂലധനം എന്നൊരു പദമുണ്ട്. സുസ്ഥിതിക്കും പുരോഗതിക്കും വേണ്ട പരസ്പര ധാരണ, സഹകരണം, സമാധാനം എന്നീ മൂല്യങ്ങളാണ് സാമൂഹ്യമൂലധനം. വ്യക്തിയില്‍ നിന്ന് കുടുംബനാഥനായും പിന്നീട് ഭരണകര്‍ത്താവായും രാമന് ഉയരുമ്പോള്‍ അതാതുസ്ഥാനങ്ങള്ക്കനുസരിച്ച ധര്‍മം നിറവേറ്റിയിരുന്നു.
പരിസ്ഥിതി
സുസ്ഥിര വികസനമാണ് ആധുനിക ലോകം ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിലൂടെയുള്ള വികസനമാണത്. സീതയെത്തേടി അലയുമ്പോള്‍ ഓരോ വൃക്ഷത്തോടും രാമന് ചോദിക്കുന്നു, ‘എന്റെ സീതയെ കണ്ടോ’ എന്ന്. വടക്ക് ഋഷഭവനം മുതല്‍ തെക്ക് ലങ്കയിലെ അശോകവനം വരെ എത്രയോ വനങ്ങള്‍! അണ്ണാറക്കണ്ണന് തൊട്ട് വാനരന് വരെ എത്രയോ ജന്തുക്കള്‍! വാനരന്മാരുടെ 93 ശതമാനം ജനിതക ഘടനയും മനുഷ്യരുടേതിന് സമാനമെന്ന് ശാസ്ത്രം. അതുകൊണ്ടാണ് രാമന് കുരങ്ങന്മാരെ കൂട്ടു പിടിച്ചത്. ഇതേ കാരണം കൊണ്ടാണ് പറിച്ചെടുത്ത മല, മരുന്നെടുത്ത ശേഷം അതേപോലെ തിരികെ കൊണ്ടു വച്ചത്. മലയിടിച്ച് വികസനം കൊണ്ടുവരുന്നവര്‍ക്ക് ഹനുമാന് മാര്‍ഗദര്‍ശിയാണ്. രാവണന് പോലും ഒരു പ്രകൃതിസ്നേഹിയായിരുന്നു.
ചെന്നൈ സ്വദേശിയായ അമൃതലിംഗം രാമായണത്തെക്കുറിച്ചു നടത്തിയ ശാസ്ത്രീയ പഠനത്തില്‍ 67 തരം പക്ഷിമൃഗാദികളെക്കുറിച്ചും 182 തരം വൃക്ഷലതാദികളെക്കുറിച്ചും പറയുന്നുണ്ട്. രാമായണത്തില്‍ പ്രതിപാദിക്കുന്ന ഓരോ വനപ്രദേശവും സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നത്. പക്ഷിയായ ജടായുവിനു പോലും രാമലക്ഷ്മണന്മാര് അന്ത്യകര്‍മം ചെയ്തത് പാരിസ്ഥിതിക, പാസ്പര്യ സന്തുലിതാവസ്ഥയെയാണ് കാണിക്കുന്നത്.
പരമസ്ഥിതി
തന്റെ ധര്മദൗത്യം പൂര്‍ത്തിയാക്കാന്‍ ഭരണം ലവ,കുശന്മാര്‍ക്കും ഭരത, ലക്ഷ്മണ, ശത്രുഘ്ന പുത്രന്മാര്ക്കും ഏല്‍പ്പിച്ചു കൊടുത്ത് രാമന് സരയൂ നദിയില്‍ സായൂജ്യം നേടുന്നു. അല്ലാതെ ‘വെള്ളത്തില്‍ ചാടി ജീവനൊടുക്കുക’ യല്ല ചെയ്യുന്നത്. കര്‍മധര്‍മങ്ങള്‍ നിറവേറ്റിയാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചു പോകണം. നിസംഗ, ശാന്ത, സന്തുലിത ഭാവത്തോടെ ശരീരം വെടിയുന്നതിനാല്‍ ജീവന് മുക്തി പ്രാപിച്ച് പരമസ്ഥിതിയെ പ്രാപിക്കുന്നു. സായൂജ്യമടഞ്ഞ രാമജന്മത്തിലെ മനഃസ്ഥിതിയും അത് പോഷിപ്പിച്ച ഗൃഹസ്ഥിതിയും വ്യവസ്ഥിതിയും പരിസ്ഥിതിയും നിസ്വാര്‍ഥ പ്രേരിതവും സത്യധര്മാധിഷ്ഠിതവുമായിരുന്നതിനാല് സമാന മനഃസ്ഥിതിക്കാരിലൂടെ രാമനും രാമനിലൂടെ അവരും എക്കാലവും ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: